തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും വ്യാജപ്രചരണം നടത്തുകയും ചെയ്ത സിപിഎം മുഖപത്രത്തിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. മനോരമാ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന് നല്കിയ പരാതിയില്‍ ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഉടന്‍ ഇവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.
നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപമാണ് ദേശാഭിമാനിക്കാര്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. നിഷാ പുരുഷോത്തമന് നല്കിയ പരാതിയില്‍ പോലീസ് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് അയച്ച കത്തിലാണ് വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ ഇക്കാര്യം ആവശ്യപ്പെട്ടത്.
നിഷയുടെ ആരോപണങ്ങള്‍ തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും ഈ വിഷയത്തില്‍ ശ്രദ്ധ പതിയണമെന്നും ഡി.ജി.പിക്ക് അയച്ച കത്തില്‍ വനിതാ കമ്മീഷന് വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: