കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് പോസ്റ്റീവാകുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത് ജില്ലയില്‍ ഇന്നലെ 319 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 289 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 20 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. നിലവില്‍ കൊവിഡ് ബാധിച്ച് 2001 പേരാണ് ചികിത്സയിലുള്ളത്.
വീടുകളില്‍ 3981 പേരും സ്ഥാപനങ്ങളില്‍ 1160 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5141 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 994 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 324 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7860 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 642 പേര് വിദേശത്ത് നിന്നെത്തിയവരും 475 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5795 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.
മടിക്കൈ 38, മുളിയാര്‍ 12, മംഗല്പാടി 25, കാഞ്ഞങ്ങാട് 39, അജാനൂര്‍ 23, കാസര്‍കോട് 22, ഉദുമ 18, കിനാനൂര്‍ കരിന്തളം 26, നീലേശ്വരം 21 എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
കാസര്‍കോട് കൊവിഡ് വ്യാപനം തീവ്രമാകുന്നു
കാസര്‍കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതി തീവ്രമാകുന്നു. ജില്ലയില്‍ ഒറ്റദിവസം തന്നെ 319 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രത ഊര്‍ജിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത വര്‍ദ്ധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവ് വരുത്തിയതോടെ സമ്പര്‍ക്ക വ്യാപന കേസുകള്‍ ജില്ലയിലാകെ വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 290 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനോടൊപ്പം തന്നെ മരണനിരക്കിലും വര്‍ദ്ധനവ് ഉണ്ടാകുകയാണ്.
സാമൂഹ്യജീവിതം സാധാരണനിലയിലായി തീരുന്നതോടെ കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ട സുരക്ഷാ മുന്കരുതലുകളില് വീഴ്ച വരുത്തുന്നതാണ് രോഗവ്യാപന നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകുന്നത്. ശാരീരിക അകലം പാലിക്കാനും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും വരുത്തുന്ന അലംഭാവതോടൊപ്പം തന്നെ മാസ്കിന്റെ ഉപയോഗത്തിലും ജാഗ്രത കുറവ് കാണിക്കുകയാണ് പലരും. പൊതു ചടങ്ങുകളും കൂട്ടം കൂടലുകളും ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പരസ്യമായിത്തന്നെ ലംഘിക്കപ്പെടുന്ന രീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുകയാണ്.
ദിവസേന ഒന്നില്‍ കൂടുതല്‍ കൊവിഡ് മരണങ്ങള് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വരും ദിവസങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരാരാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. സെപ്റ്റംബര്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടുകൂടി പ്രതിരോധ നടപടികളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് 60 വയസിനു മുകളില്‍ പ്രായമായവര്‍, കുട്ടികള്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരിലേക്കു രോഗ വ്യാപനം തടയുന്നതിന് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ആരോഗ്യവകുപ്പ് നല്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതും വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത തുടരേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: