മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് പത്ത് ദിവസത്തിനകം ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനം. സ്ഥലത്ത് കമ്പനി വീട് നിര്‍മ്മിച്ച് നല്‍കും.ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കുറ്റിയാര്‍വാലി സന്ദര്‍ശനം നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. കമ്പനിയുടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന എട്ട് കുടുംബങ്ങള്‍ക്കാണ് അടയന്തരമായി ഭൂമി പതിച്ചുനല്‍കുന്നത്.
കുറ്റിയാര്‍വാലിയില്‍ റോഡരികില്‍ തന്നെയുള്ള 50 സെന്റ് ഭൂമിയാണ് ഇവര്‍ക്കായി നല്‍കുന്നത്. റോഡടക്കമുള്ള സൗകര്യവുമുണ്ടാകും. ഒരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം പട്ടയവും അനുവദിക്കും. പൊതു ആവശ്യത്തിനായി സ്ഥലത്താകെ 3.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നീക്കിയിട്ടിരുന്നു. ഇതില്‍ നിന്നാണ് അരയേക്കര്‍ അടിയന്തര ആവശ്യമായി കണ്ട് ഇവര്‍ക്ക് നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ദേവികുളം സബ് കളക്ടറുടെ നേത്യത്വത്തില്‍ തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളിയാണ് നടപടികള്‍ സ്വീകരിക്കുക. ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നത് കെഡിഎച്ച്പി കമ്പനിയാണ്. ഒരു കോടി മുതല്‍ മുടക്കില്‍ തൊഴിലാളികള്‍ക്ക് ആധുനീക സൗകര്യങ്ങളോടെ അധികൃതര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
മൂന്നാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കമ്പനിയും സര്‍ക്കാരും സമുക്തമായി തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കമ്പനി സമ്മതം പറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ അടിയന്തര നടപടി സ്വീകരിച്ചത്. അപകടത്തില്‍പ്പെട്ട 22 കുടുംബങ്ങളില്‍ 14 കുടുംബങ്ങളില്‍ ആരും തന്നെ അവശേഷിക്കുന്നില്ല. ഇതാണ് എട്ട് കുടുംബങ്ങള്‍ക്കായി മാത്രം വീട് നിര്‍മ്മിച്ച് നല്‍കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: