തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്‌ക്ക് ഗ്ലാസ്ഡോറിന്റെ ആഗോള അംഗീകാരം. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സിഇഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണ സുധീന്ദ്ര ഇടം പിടിച്ചത്. 2020 മാർച്ച് മുതൽ ജൂലൈ വരെയുള്ള ജീവനക്കാരുടെ ഫീഡ്ബാക്ക് വിലയിരുത്തിയാണ് ഗ്ലാസ്‌ഡോർ പട്ടിക പ്രസിദ്ധീകരിച്ചത്.
ജീവനക്കാരുടെ അവലോകനങ്ങളുടെ ഗുണനിലവാരം, സിഇഒ അപ്രൂവൽ റേറ്റിംഗുകൾ എന്നിവയ്‌ക്കു പുറമെ, പകർച്ചവ്യാധി സമയത്തെ നേതൃത്വത്തെ വിലയിരുത്തുന്ന അഭിപ്രായങ്ങളും ഗ്ലാസ്‌ഡോർ പരിശോധനയ്‌ക്ക് വിധേയമാക്കി. പട്ടികയിലെ എട്ട് ടെക് സിഇഒമാരിൽ ഒരാളായ കൃഷ്ണ സുധീന്ദ്രയ്‌ക്ക് 86 ശതമാനം ലീഡർഷിപ്പ് സ്കോർ ലഭിച്ചു. സർവേയിൽ 18-ആം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്.
വർക്ക്-ലൈഫ് ബാലൻസിന് നൽകിയ മുൻഗണന; ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിൽ പ്രകടമാക്കിയ താത്പര്യം; വഴക്കമുള്ള, റിമോട്ട് വർക്കിങ്ങ് നയങ്ങൾ മുന്നോട്ടു വെച്ചതിലെ മികവ്; ആരോഗ്യ ആനുകൂല്യങ്ങൾ നടപ്പിലാക്കിയതിലെ കാര്യക്ഷമത; തുടർച്ചയായ, മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കിയതിലെ മേന്മ തുടങ്ങിയവയിൽ ജീവനക്കാരുടെ പ്രതികരണങ്ങളാണ് സർവേ വിലയിരുത്തിയത്.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമങ്ങളിൽ മുന്നേറുന്ന ലീഡർമാരുടെ അഭിമാനാർഹമായ പട്ടികയിൽ ഇടം പിടിച്ചതിൽ താൻ വിനയാന്വിതനാണെന്ന് യുഎസ്ടി ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. “യുഎസ്‌ടി ഗ്ലോബലിൽ ശ്രദ്ധാകേന്ദ്രം ഞങ്ങളുടെ ജീവനക്കാരാണ്- അഭിമാനകരമായ പ്രവർത്തനം കാഴ്ചവെയ്‌ക്കുന്ന ‘യുഎസ് അസോസിയേറ്റുകൾ’ ആണ് നേട്ടങ്ങൾക്കെല്ലാം പിന്നിലുള്ളത്. ഞാൻ അവരുടെ ഒരു പ്രതിനിധി മാത്രമാണ്. നിലകൊള്ളുന്ന മൂല്യങ്ങൾക്കായി ജീവിക്കുകയും കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിസ്വാർഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന അറിയപ്പെടാത്ത നായകന്മാരാണ് ഈ ജീവനക്കാർ. അതിനുളള യഥാർഥ തെളിവാണ് ഈ അംഗീകാരം. പകർച്ചവ്യാധിയുടെ ഈ കാലത്ത് അവർ അതികഠിനമായ ജോലികൾ നിറവേറ്റി. ഒപ്പമുള്ളവരുടെയും ഉപയോക്താക്കളുടെയും കമ്മ്യൂണിറ്റിയുടെയും പരിപാലനത്തിൽ കേവലമായ ചുമതലകൾക്കപ്പുറം പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധിയുടെ കാലം തരണം ചെയ്തുകൊണ്ടുള്ള
കോവിഡാനന്തര കാലത്തും ഞങ്ങളുടെ ക്ലയന്റുകളുടെയും അവരുടെ
ഉപയോക്താക്കളുടെയും വിജയം ഉറപ്പാക്കുന്ന വിധത്തിൽ പ്രവർത്തിക്കും. സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയും വ്യക്തിഗത ആവശ്യങ്ങളിൽ ശ്രദ്ധയർപ്പിച്ചും ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കും മുൻഗണന നല്കിയും മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്, ” അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഒന്നായി അംഗീകരിക്കുന്ന
ഗ്ലാസ്ഡോറിന്റെ 2020-ലെ ടോപ് 100 ബെസ്റ്റ് പ്ലെയ്സസ് റ്റു വർക്ക് എന്ന
ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡും യുഎസ്ടി ഗ്ലോബൽ നേടിയിട്ടുണ്ട്.
സിഇഒ ആയി ചുമതലയേറ്റ ഒരു വർഷത്തിനുള്ളിൽ തന്നെ കൃഷ്‌ണയെ ഗ്ലാസ്‌ഡോറും ജീവനക്കാരും അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്നും ഏറ്റവും പ്രയാസകരമായ ഒരു ബിസിനസ് കാലഘട്ടത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും യുഎസ്ടി ഗ്ലോബൽ എക്സിക്യൂട്ടീവ് ചെയർമാൻ പരസ് ചന്ദാരിയ അഭിപ്രായപ്പെട്ടു. “ഇപ്പോഴത്തെ പ്രതിസന്ധി ബിസിനസ് പ്രവർത്തനങ്ങളെയും ജോലിയെയും അടിസ്ഥാനപരമായി മാറ്റിത്തീർക്കുമെന്ന് ഞങ്ങൾക്കറിയാം. കൃഷ്ണയ്‌ക്കു പിന്നിൽ ഞങ്ങൾ ഉറച്ചു നില്ക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലും
അർപണബോധത്തിലും വിശ്വാസമുണ്ട്. ഉപയോക്താക്കൾക്കൊപ്പം നിലയുറപ്പിച്ച്, അവരുടെ സംരംഭങ്ങളുടെ വിജയകരമായ പരിവർത്തനത്തിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം മുഴുകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ പ്രതിസന്ധി മറികടക്കാനും കൂടുതൽ കരുത്തോടെയും ഊർജസ്വലതയോടെയും മുന്നേറാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2019 മെയിലാണ് കൃഷ്ണ സുധീന്ദ്ര കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കുന്നത്. 26 വർഷത്തിലേറെ കാലം വൻകിട കമ്പനികളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം, കമ്പനിയുടെ ബിസിനസ്സ് വളർച്ചയിലും ഷെയർഹോൾഡർ മൂല്യം സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. സിഇഒ ആയി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, കമ്പനിയുടെ പ്രസിഡന്റായും സിഎഫ്ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപയോക്തൃ-വിപണി വിപുലീകരണം, ധനകാര്യം തുടങ്ങിയ ചുമതലകളാണ് അക്കാലത്ത് നിർവഹിച്ചത്. യുഎസ്‌ടി ഗ്ലോബലിലെ തന്റെ 16 വർഷത്തെ കരിയറിൽ, നിരവധി ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കും സംയുക്ത സംരംഭങ്ങൾക്കും മേൽനോട്ടം നിർവഹിച്ച വ്യക്തിയാണ് അദ്ദേഹം. ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിങ്ങിലും ധനകാര്യത്തിലും ബിരുദം നേടിയിട്ടുള്ള കൃഷ്ണ സുധീന്ദ്ര ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: