കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയാക്കി വിട്ടയച്ചു. പുലര്‍ച്ചെ ആറ് മണിയോടെ കൊച്ചി എന്‍ഐഎ ഓഫീസിലെത്തിയ ജലീലിനെ എട്ട് മണിക്കൂറില്‍ കൂടുതലെടുത്താണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്
സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എന്‍ഐഎ പോലുള്ള ഒരു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. നേരത്തെ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ മന്ത്രി സ്വത്ത് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ പൊരുത്തക്കേടുകളും, പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തിലെത്തി ഖുറാന് കൈപ്പറ്റിയത് സംബന്ധിച്ചും എന്‍ഐഎ ഉദ്യോഗസ്ഥര്‍ മന്ത്രിയോട് ചോദിച്ചതായും സൂചനയുണ്ട്.
രാവിലെ ചോദ്യം ചെയ്യലിനായി അതീവ രഹസ്യമായി എന്‍ഐഎ ഓഫീസിലെത്താന്‍ കെ.ടി. ജലീല്‍ ശ്രമിച്ചിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ പതിയാതിരിക്കുന്നതിനായിരുന്നു അത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ എന്‍ഐഎ കൊച്ചി ഓഫീസില്‍ അതീവ സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം മന്ത്രിയെ മൊഴി വായിച്ച് കേള്‍പ്പിച്ച ശേഷം ഒപ്പിട്ടു വാങ്ങണമെന്നാണ് നടപടിക്രമം. ഇതെല്ലാം പൂര്‍ത്തിയായ ശേഷമാണ് കെ.ടി. ജലീലിനെ പുറത്തുവിട്ടത്. അതേസമയം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരാരും പുറത്തേക്ക് വന്നിട്ടില്ല. അവസാന നടപടിക്രമങ്ങള്‍ തുടരുകയാണ്. എന്‍ഐഎ ഓഫീസില്‍ നിന്ന് ജലീല്‍ മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടുണ്ട്.
അതിനിടെ എന്‍ഐഎ ഓഫീസിന് മുമ്പിലായി ബിജെപിയുടേയും യൂത്ത് കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസ് ബാരിക്കേഡ് വെച്ച് ഇതിനെ തടഞ്ഞു നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: