കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ നടന്ന നിക്ഷേപ തട്ടിപ്പിന് പിറകെ നികുതിവെട്ടിപ്പും വിവാദത്തിലേക്ക്. ഫാഷന്‍ ഗോള്‍ഡിലെ നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ജ്വല്ലറിയുടെ മറവില്‍ 1.41 കോടി രൂപയുടെ നികുതിവെട്ടിപ്പു കൂടി നടന്നതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.
ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഈ തുക തിരിച്ചു പിടിക്കുന്നതിന് അധികൃതര്‍ നടപടികളാരംഭിച്ചു.
കൊവിഡ് വ്യാപനത്തിന് മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത സ്വര്‍ണ്ണവും വെള്ളിയും വില്‍പ്പന നടത്തിയതായി കണ്ടെത്തുകയായിരുന്നു.
നികുതിയും പിഴയും പലിശയുമടക്കം ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും ആഗസ്ത് 30നുള്ളില്‍ അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തുക അടക്കേണ്ട സമയം സെപ്തംബര്‍ വരെ നീട്ടുകയായിരുന്നു. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതി ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് എന്‍ഫോഴ്സ്മെന്റ് സമയം നല്‍കിയിരുന്നു.
തുക അടക്കാനുള്ള തീയതി നീട്ടി നല്കാന് മാനേജ്മെന്റ് ആവശ്യപ്പെടുകയാണുണ്ടായത്. പിഴ അടച്ചുതീര്‍ക്കേണ്ട അവസാനതീയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനം കൂടി ചേര്‍ത്ത് തിരിച്ചടക്കേണ്ട തുക പുതുക്കി നിശ്ചയിച്ച് നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. ഒരുമാസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ പിഴ നികുതിയുടെ നൂറുശതമാനമായി ഉയര്‍ന്നേക്കും. എന്നിട്ടും തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: