കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മാനസികനില തെറ്റിയിരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. വാസ്തവത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം എത്തിച്ചേരുന്നുവെന്ന് വന്നതോടെയാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നത്. സത്യസന്ധവും യുക്തിസഹവുമായ ആരോപണങ്ങളാണ് കെ. സുരേന്ദ്രന് ഉന്നയിച്ചത്. സുരേന്ദ്രനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരത്തില്‍ ബിജെപി ഒറ്റക്കെട്ടാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് അക്രമിക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ട. പിണറായി വിജയന്റെ ഭീഷണി ബിജെപി ഗൗരവത്തോടെ ഏറ്റെടുക്കുന്നു. പിണറായി വിജയന് രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ഭീഷണിയും അക്രമവും സംഘടിപ്പിച്ചാണ്. ഇനി അത് കേരളത്തില്‍ നടക്കില്ല. ഭീഷണിയുടെ ഭാഷ ഉപേക്ഷിക്കുന്നതാണ് നല്ലത്. പിണറായി വിജയന്റെ പഴയ കണ്ണൂര്‍ ഗുണ്ടാരാഷ്ട്രീയം കേരളത്തില്‍ ഇനി വിലപ്പോവില്ല. പഴയ കേരളവും പഴയ കണ്ണൂരും ഇപ്പോഴില്ലെന്നും പിണറായി മനസിലാക്കിയാല്‍ നല്ലത്.
സുരേന്ദ്രന് ഇതുവരെ ഒരു അഴിമതി കേസിലും പ്രതിയായിരുന്നിട്ടില്ല. പക്ഷേ പിണറായി വിജയന് ലാവിലിന്‍ ഉള്‍പ്പെടെ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഹവാല, സ്വര്‍ണ്ണക്കടത്ത്, കമ്മീഷന് എന്നിവയില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളിയാണ്. മാത്രമല്ല സുരേന്ദ്രന് ഇന്നുവരെ കൊലക്കേസില്‍ പ്രതിയായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി കൊലക്കേസില്‍ പ്രതിയായിരുന്നു. ദുഷിച്ച് നാറിയ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയെ മാതൃകയാക്കാന്‍ സുരേന്ദ്രന് എന്നല്ല ആരും തയ്യാറാവില്ല. അതുകൊണ്ടുതന്നെ പിണറായി വിജയനല്ല സുരേന്ദ്രന് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ്മിഷനുമായി ബന്ധപ്പെട്ട അഴിമതിയിലും എത്രവലിയ കൊലകൊമ്പനായാലും അവരെ നിയമിത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: