തൃശൂര്‍: ദേശീയപാത നടത്തറയില്‍ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നുകളായ എല്‍എസ്ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ ഗുളികകള്‍, പൗഡര്‍ രൂപത്തിലുള്ള എംഡിഎംഎ എന്നിവയുമായി രണ്ടു യുവാക്കളെ തൃശൂര്‍ എക്സൈസ് റേഞ്ച് സംഘം പിടികൂടി. എറണാകുളം കണയന്നൂര്‍ തമ്മനം പെരുന്നിത്തറ വീട്ടില്‍ സൗരവ് (22), തമ്മനം തിട്ടയില്‍ വീട്ടില്‍ അലന് (22) എന്നിവരാണ് അറസ്റ്റിലായത്.
പിടികൂടിയ മയക്കു മരുന്നുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 1.5 ലക്ഷം വിലവരും. എറണാകുളം ഭാഗത്തു നിന്ന് സ്പീഡ് ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ ഹെല്മറ്റിനുള്ളിലും ശരീര ഭാഗങ്ങളിലുമാണ് മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചിരുന്നത്. തൃശൂര്‍ അസി.എക്സൈസ് കമ്മീഷണര്‍ വി.എ സലിമിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ അതിവിദഗ്ധമായി മയക്കുമരുന്ന് നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളെപറ്റിയും മയക്കു മരുന്ന് കൈകാര്യം ചെയ്യുന്ന രീതികളെപ്പറ്റിയും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
അതിവേഗ ബൈക്കുകളില്‍ ഒരു ‘ചിക്ക്’ (കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍) ഉണ്ടെങ്കില്‍ എവിടെയും ചെക്കിങ് പ്രശ്നമല്ലെന്നും ആരും സംശയിക്കില്ലെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ എക്സൈസിനോട് പറഞ്ഞു. അതിവേഗ ബൈക്കുകളില്‍ യാത്ര ചെയ്യാനുള്ള പെണ്‍കുട്ടികളുടെ ഹരം ഈ മേഖലയിലുള്ളവര്‍ പ്രയോജനപ്പെടുത്തുന്നു. മയക്കുമരുന്ന് വാങ്ങാനും കൊടുക്കാനും പോകുമ്പോള്‍ ഇത്തരത്തില്‍ ‘ചിക്കു’കളെയാണ് ഉപയോഗിക്കുന്നത്. ഹെല്മെറ്റിനുള്ളില് ഒളിപ്പിച്ചു കടത്തുന്നത് പഴയ തന്ത്രമാണെങ്കിലും ഹെല്‍മെറ്റ് വെച്ചാല്‍ അധികാരികളുടെ ചെക്കിങില്‍ വളരെ നിസാരമായി കടന്നു പോകാന്‍ സാധിക്കുമെന്നാണ് പ്രതികളുടെ മൊഴി.
മയക്കുമരുന്നിന്റെ കെമിക്കല്‍ വേവ്വേറെ കൊണ്ടുവന്ന് സ്റ്റാമ്പ് രൂപത്തിലും ഗുളിക രൂപത്തിലുമാക്കി മാറ്റുന്ന വിദഗ്ധര്‍ കേരളത്തിലും എത്തിയതായി പ്രതികള്‍ വെളിപ്പെടുത്തി. കൊച്ചി-മട്ടാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണോ പിടിയിലായവരെന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്.ഹരിനന്ദനന്, പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്,സതീഷ്കുമാര്‍,സജീവ്, ഉദ്യോഗസ്ഥര്‍മാരായ കൃഷ്ണപ്രസാദ്, സുനില്‍,ഷാജു,സനീഷ്,ബിസിന് ചാക്കോ,ജെയ്സന്,രാജു,വിനോജ്,മനോജ്,അരുണ,നിവ്യ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നാലു കിലോ എംഎഡിഎയുമായി കഴിഞ്ഞ 11ന് കാസര്‍കോഡ് സ്വദേശി അബ്ദുള്‍ സലാമിനെ (29) തൃശൂര്‍ എക്സൈസ് റേഞ്ച് സംഘം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: