തൃശൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി . ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് അമ്പലങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുക. ജില്ലയിലെ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായി കളക്ടറുടെ ചേംബറില്‍ നടന്ന നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കൊറോണ മാനദണ്ഡം അനുസരിച്ച് 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന നിലയിലാണ് ക്ഷേത്രാചാരങ്ങള്‍ക്ക് ആളുകളെ അനുവദിക്കുക. ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതില്‍ 16 ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി വേണ്ട ചികിത്സകള്‍ ലഭ്യമാക്കും.
കൂടാതെ ജില്ലയിലെ ആനകളുടെ ആരോഗ്യസ്ഥിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി കമ്മിറ്റി രൂപീകരിച്ച് ജില്ലയില്‍ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ഡോ.എം.സി റെജില്‍, അസി. കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്റ്ററി ഓഫീസര്‍ പ്രഭു, കെ.മഹേഷ്(കെഇഒഎഫ്), വത്സന്‍ ചമ്പക്കര (കെഎഫ്‌സിസി), ഡിസിആര്‍ബി എസിപി പി.എ ശിവദാസന്‍, റൂറല്‍ എസ്‌ഐ കെ.എ ഗോപി, ഡോ.എന്‍ ഉഷാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: