തിരുവല്ല: പമ്പയിലെ വിവാദമായ മണൽ നീക്കം പരിശോധിക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ അംഗങ്ങൾ പമ്പയിലെത്തി. കഴിഞ്ഞ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം കോടതിയിലെത്തി നിൽക്കുമ്പോഴാണ് ട്രിബ്യൂണലിന്റെ സന്ദർശനം. പ്രളയാനന്തരം പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കംചെയ്യാനുള്ള സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ട്രിബ്യൂണൽ രംഗത്തെത്തിയിരുന്നു. എത്ര മണൽ നീക്കം ചെയ്യണമെന്ന് പഠനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു.
ഇതിന്റെ തുടർ നടപടികൾക്കാണ് ട്രിബ്യൂണലിന്റെ സന്ദർശനം. 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് 1,28,000 മീറ്റർ ക്യൂബ് മണലും മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയതെന്നാണ് കണക്ക്. ഇതിൽ 74,500 ക്യുബിക് മീറ്റർ മണൽ, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തതെന്നാണ് സർക്കാർ കണക്കുകൾ. മണൽ ഉൾപ്പെടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയതിന്റെ പശ്ചത്തലത്തിൽ 2020 ജൂലൈ മൂന്നിനാണ് ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചത്. മണൽവാരികൊണ്ടുപോകാൻ ആദ്യം കണ്ണൂർ ആസ്ഥാനമായുള്ള കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡക്ട്സ് എന്ന പൊതുമേഖലാ കമ്പിനിയെയാണ് സർക്കാർ നിയോഗിച്ചത്. ഇവർ കോട്ടയത്തുള്ള സ്വകാര്യ കമ്പനിക്ക് കരാർ നൽകുകയും അവർ ഏതാനും ലോഡ് മണൽ വാരികൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ അനുവാദമില്ലാതെ വനഭൂമിയിൽ നിന്നും മണൽകടത്തുന്നത് വനംവകുപ്പ് തടഞ്ഞു. മണൽകടത്തെന്ന് വിവാദമായതോടെ കണ്ണൂരിലെ പൊതുമേഖലാസ്ഥാപനം മണ്ണെടുപ്പിൽനിന്ന് പിന്മാറി.
തുടർന്നാണ് ഡിസാസ്റ്റർ മാനേജ്മെന്റ് 2005 സെക്ഷൻ 34 ഡി ആക്ട് പ്രകാരം ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ അധികാരമുപയോഗിച്ച് റവന്യൂ വകുപ്പ് നേരിട്ടാണ് മണൽ നീക്കിത്തുടങ്ങിയത്. അശാസ്ത്രീയമായ മണൽ വാരലിനെ തുടർന്ന് പമ്പയുടെ തീരങ്ങൾ വൻതോതിൽ ഇടിഞ്ഞിരുന്നു. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.പദ്മാവതി, കെഎസ്ഡിഎംഎ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ്, കളക്ടർ പി.ബി നൂഹ്, റാന്നി ഡിഎഫ്ഒ പി.കെ ജയകുമാർ ശർമ, ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ഹരികൃഷ്ണൻ, സബ് കളക്ടർ ചേതൻ കുമാർ മീണ, ഡിഎം ഡെപ്യൂട്ടി കളക്ടർ ബി. രാധാകൃഷ്ണൻ, ജിയോളജിസ്റ്റ് എസ്. ശ്രീജിത്ത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: