ന്യൂദല്‍ഹി : രാജ്യത്തെ കൊറോണ വാക്സിന് പരീക്ഷണം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും പുനരാരംഭിക്കുന്നു. ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഐ) അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വാക്സിന് പരീക്ഷണം വീണ്ടും ആരംഭിക്കുന്നത്.
ഓക്സ്ഫര്‍ഡുമായി സഹകരിച്ച് പരീക്ഷണം നടത്തുന്ന അസ്ട്ര സെനേക വാക്സിന് കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരു സ്ത്രീക്ക് അജ്ഞാത രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗവേഷണം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിസിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വിശദീകരണം തേടുകയും ഗവേഷണം തത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം പരീക്ഷണം വീണ്ടും തുടങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഡിസിജിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അസ്ട്ര സെനകയ്ക്ക് വാക്സിന് പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടണ് മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററിയും അനുമതി നല്കി കഴിഞ്ഞു.
ഇതോടെ എഇസഡ്ഡി1222എന്ന വാക്സിന് പരീക്ഷണത്തിന് വീണ്ടും തുടക്കമിട്ട് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും വാക്സിന് പരീക്ഷണം പുനരാരംഭിക്കാന്‍ ഡിജിസിഐ അനുമതി നല്‍കിയിരിക്കുന്നത്.
ഓക്സ്ഫഡുമായി സഹകരിച്ച് നിരവധി രാജ്യങ്ങളാണ് കൊറോണ വൈറസ് വാക്സിന് വികസനത്തിനായി ഗവേഷണത്തില്‍ എര്‍പ്പെട്ടിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും വാക്സിന് മനുഷ്യരില്‍ കുത്തിവെയ്ക്കുന്നതിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: