തലവാചകം കണ്ട് അസ്വാഭാവികത തോന്നുന്നുണ്ടാവാം. വിഭജനം എന്ന നിതാന്തവ്യഥ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇടതരുടെ പേര് കേട്ടിട്ടേയില്ല. അത് നമ്മുടെ കുറ്റമല്ല. അവര്‍ നമ്മെ അത് കേള്‍പ്പിച്ചില്ല. ആ ചരിത്രമെല്ലാം എഴുതിയതവരായിരുന്നതിനാല് അവരുടെ പങ്ക് ഭദ്രമായി മറച്ചുനിര്‍ത്തി. പക്ഷെ, Guilty Men of India’s Partition എന്ന കൃതിയില്‍ സോഷ്യലിസ്റ്റ് കുലാചാര്യന് രാം മനോഹര്‍ ലോഹ്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനവാദം എന്ന കൊടുംചതി, അക്കാലത്ത് ‘ഒരു ഇന്‍ക്യുബേറ്റര്‍ പോലെ പ്രവര്‍ത്തിച്ചു’ എന്ന് കൃത്യമായി പറയുന്നുണ്ട്.. അദ്ദേഹം വെറുതെ പറയില്ലല്ലോ. ‘ഇന്‍ക്യുബേറ്റര്‍’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. അനുകൂല ഊഷ്മാവും ഈര്‍പ്പവും മറ്റും നിലനിര്‍ത്തി മുട്ട അടവച്ച് വിരിയിക്കുന്ന സംവിധാനം ആണ് അത്. കൃത്രിമ ഗര്‍ഭപാത്രം തന്നെ. ഇടതര്‍ പ്രവര്‍ത്തിപ്പിച്ച ‘ഇന്‍ക്യുബേറ്റര്‍’ എന്ന് പറയുമ്പോള്‍ അവരുടെ ചിന്തയുടെ ഗര്‍ഭപാത്രത്തില്‍ ആണ്, അത് തീര്‍ത്ത എല്ലാ അനുകൂല സാഹചര്യങ്ങളിലും ആണ് ആധുനിക ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ആ രാഷ്ട്രവഞ്ചന പൊരുന്നയിരുത്തപ്പെട്ടതും വിരിയിക്കപ്പെട്ടതും എന്ന് കാണാം..
ഈ കമ്മ്യൂണിസ്റ്റ് ധുരന്ധരെപ്പറ്റി അന്നത്തെ ചില പ്രമുഖരെങ്കിലും പറയുന്നത് കൂടി കേട്ടിട്ടുപോയാല് സംശയം മാറും. 1945ല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗികചരിത്രകാരനും, കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി നേതാജിക്കെതിരെ ഗാന്ധിജി മുമ്പോട്ടുവച്ച കരുവുമായിരുന്ന പട്ടാഭി സീതാരാമയ്യ പറഞ്ഞു: ‘റഷ്യ ഇതാ നമ്മുടെ പടിക്കെട്ടിന് നാലപതുമൈല് വരെ അടുത്തേക്ക് എത്തിയിരിക്കുന്നു. ഒരുപക്ഷെ, അവര്‍ ഇന്ത്യയെ ആക്രമിക്കയാണെങ്കില്‍ ഇവര്‍, ഈ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് വര്‍ഗം ആര്‍ക്കൊപ്പം നിന്ന് പോരാടും? അവര്‍ പിറന്നുവീണ മാതൃഭൂമിക്കൊപ്പം നില്‍ക്കുമോ അതോ, അവരുടെ ആശയങ്ങളുടെ പിതൃഭൂമിയായ റഷ്യക്കൊപ്പം നില്‍ക്കുമോ? ലെനിന്‍ഗ്രാഡില്‍ പൊക്കിള്‍ കുഴിച്ചിട്ടിരിക്കുന്ന ഈ തല തിരിഞ്ഞ പാര്‍ട്ടി, നാം സങ്കല്‍പ്പിക്കുന്നതിനും അപ്പുറം അപകടംപിടിച്ച ഒന്നാണ്’ (കടപ്പാട്: Soviet Russia and Indian Communism/ David N Druhe, World Communism Today/Martin Ebon).
ഈ പറഞ്ഞത് ഒന്നും മനസ്സിലാക്കാതെയല്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നെഹ്റുവിന്റെ ആശിസ്സോടെ പട്ടാഭി സീതാരാമയ്യ കോണ്‍ഗ്രസിന്റെ പ്രസിഡന്റാവുകയും ചെയ്തു എന്നതുംകൂടി മനസ്സിലാക്കുമ്പോഴേ അദ്ദേഹം ഹൃദയത്തില്‍ തട്ടി പ്രയോഗിച്ച ‘തലതിരിഞ്ഞ’ എന്ന പ്രയോഗത്തിന്റെയും, ‘അപകടംപിടിച്ച’ എന്ന പ്രയോഗത്തിന്റെയും ഔദ്യോഗികസ്വഭാവം മനസ്സിലാവൂ. അതിന് സ്വാഭാവികമായ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു താനും. അതിനെയൊക്കെ ന്യായീകരിക്കാന്‍ ബഹുലമായ വ്യാജവ്യാഖ്യാനങ്ങള്‍ അവര്‍ക്കുണ്ട്. അവരുടെ ‘ഇന്‍ക്യുബേറ്ററി’ല്‍ അടവച്ച് വിരിയിക്കുന്ന എല്ലാ ചിന്താവൈകൃതങ്ങള്ക്കും എന്തെങ്കിലുമൊരു ‘ശാസ്ത്രീയ’ വിശകലനം നല്കി സിദ്ധാന്തിക്കുക എന്നത് അവരുടെ സ്ഥിരം പദ്ധതിയാണ്. അത്തരം ഒന്ന് പ്രയോഗിച്ചാണ് ഇവര്‍ നമ്മെ എന്നെന്നേക്കുമായി വലച്ചത്. ‘ചുകപ്പന്‍ ഭീകരഭരണ’ത്തിന്റെ പ്രേരകനായ ലെനിന്റെ ഇന്‍ക്യുബേറ്ററി’ല്‍ സ്റ്റാലിന് എന്ന ധുരന്ധരന്‍ അടവെച്ചു വിരിയിച്ച ഒരു പ്രാകൃത സിദ്ധാന്തം!
ഉന്മത്തരാക്കാം ഉപദേശീയതകളെ, മതസ്വത്വങ്ങളെ സ്റ്റാലിന്റെ ആ സിദ്ധാന്തം ഭാഷാടിസ്ഥാനത്തിലുള്ള പ്രാദേശീയതകളെപ്പറ്റിയാണ്. ലെനിന് എലുക പറഞ്ഞുകൊടുത്ത് പണ്ടുണ്ടാക്കിയതാണ്.
1925-ല്‍, ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളെ ‘വിപ്ലവി’ക്കാന്‍ പരിശീലിപ്പിച്ച സഖാക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ രാഷ്ട്രങ്ങളുടെ അഖണ്ഡതയെ അസ്ഥിരപ്പെടുത്താനുള്ള ചൂഷണങ്ങള്‍ക്കായുള്ള തന്റെ പഴയ സിദ്ധാന്തം മുമ്പോട്ട് വച്ചു സഖാക്കളെ സ്റ്റാലിന് പ്രചോദിപ്പിക്കുന്നത് കാണാം. അതിങ്ങനെ, ”ഇന്ത്യ ഇപ്പോള്‍ ഒരൊറ്റ സംഘാതമാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷെ, ഒരു വിപ്ലവസാധ്യതയുണ്ടായാല്, ഒരു സംശയവും വേണ്ടാ. സ്വന്തമായ ഭാഷയും. വ്യതിരിക്തമായ സംസ്കാരവും ഉള്ള, നമുക്ക് മുന്നറിവില്ലാത്ത പ്രാദേശീയതകള് ഉണര്‍ന്ന് അരങ്ങില്‍ വരും”.അങ്ങനെ ഉണരുന്ന, അല്ലെങ്കില്‍ ഉണര്‍ത്തപ്പെടുന്ന (പ്രാ)ദേശീയതകള്‍ തമ്മില്‍ സ്വാഭാവികമായും ഗരിമയുടെയും സംസ്കാരത്തിന്റെയും ഈഷല്‍ഭേദങ്ങള്‍ ഉണ്ടാവും എന്നിടത്താണ് റഷ്യയുടെ ‘പണി’ മൂര്ത്തമാവുക. ശ്രദ്ധിക്കുക, പ്രത്യക്ഷത്തില്‍ മതം ഇവിടെ ഒരു പരിഗണനാവിഷയമേ അല്ല എന്നതാണ് പ്രതിജ്ഞ. (പ്രത്യക്ഷത്തില്‍ മാത്രം.) പ്രകൃതത്താല്‍ ഉദാത്തവും, പ്രയോഗത്താല്‍ പ്രാകൃതവും ആയ സഭ്യതകളെയും ദീര്ഘകാലസാഹിത്യചരിത്രത്താലും, ഭവ്യമായ ദൃശ്യ ശ്രവ്യകലകളാലും സംപുഷ്ടമായ നാഗരികതകളെയുമൊക്കെ, അവരുടെ സ്വത്വാഭിമാനത്തെ സ്പര്ശിക്കുംവിധം ഉപജാപങ്ങള്‍ ഉണ്ടാക്കി മാനാഭിമാനങ്ങളുടെ തുലാസ്സില്‍ തൂക്കാന്‍ പ്രേരിപ്പിച്ചാല്‍ അതില്‍ ഉയര്‍ന്നതും താഴ്ന്നതും നിര്വചിക്കലുകള് ഉണ്ടാവും. അതില്‍ തന്നെ കുറച്ചുകൂടി ആഴത്തില്‍ പോയാല്‍ കറുത്തവരും വെളുത്തവരും, മൂക്ക് നീണ്ടവരും ഒക്കെയുണ്ടാവും. ചില ഭാഷകള്‍ കൂടുതല്‍ ആള്ക്കാര് സംസാരിക്കുന്നുണ്ടാവും, ചിലര്‍ക്ക് ലിപി പോലും ഉണ്ടാവില്ല. അതിനുമപ്പുറം ‘പരോക്ഷ’മായി മതവും, ഭീഷണമായ ന്യൂനപക്ഷ-ഭൂരിപക്ഷ ചേരിയും ഒക്കെയുണ്ടാവും. ഇതൊക്കെ വലിയവലിയ വിഷയങ്ങള്‍ ആക്കാന്‍ ശ്രമിച്ചാല്‍, അത് ഋഷി ദയാനന്ദന് പറയുന്നതുപോലെ ‘സ്പര്‍ധ എന്ന രാജരോഗ’ത്തിനും ആഭ്യന്തരസംഘര്ഷങ്ങള്ക്കും വഴിവക്കും.
ഒരു രാഷ്ട്രത്തിലെ സമാജങ്ങളെ കൊരുത്തുചേര്ത്തു നടക്കുന്ന, ജീവസ്സുറ്റതും അദൃശ്യവുമായ ആ ചേതനയെ അംഗീകരിക്കാത്ത ഭൗതികരും മതശൂന്യരുമായ ഇവര്‍, വിജാതീയതകള് തേടാനും, അവയെ വിജൃംഭിപ്പിച്ചു മുഖാമുഖം നിര്‍ത്തി, അതിലൂടെ രാഷ്ട്രത്തിന്റെ ജനാധിപത്യസ്ഥാപനങ്ങളെയും, ഒത്തൊരുമയെയും ഇല്ലാതാക്കാനും എന്നും ശ്രമിച്ചവരാണെന്ന് ഇന്ത്യ: ദി മോസ്റ്റ് ഡെയ്ഞ്ചറസ് ഡീക്കേഡ്സ് എന്ന വിഖ്യാതകൃതിയില്‍ സെലിഗ് എസ്. ഹാരിസണും നിരീക്ഷിക്കുന്നുണ്ട്. ആ തകര്‍ക്കല്‍ പ്രക്രിയ ആദ്യം സ്വാഭാവികമായും കോളനികളെ വച്ചൊഴിഞ്ഞുപോകാന്‍ സാമ്രാജ്യങ്ങളെ പ്രേരിപ്പിക്കും. അങ്ങനെ സ്വതന്ത്രമായ കോളനി വിട്ടു പുറത്തുവരുന്ന ആ നാഗരികത, വംശീയമോ, പ്രാദേശീയമോ ആയ കാരണങ്ങളാല്‍ രാഷ്ട്രസങ്കല്‍പ്പത്തിനെതിരെ വാളോങ്ങിനില്‍ക്കുന്ന, തമ്മില്‍ പൊരുതുന്ന ആള്ക്കൂട്ടങ്ങളായിമാറും. ആ ആടിയുലച്ചിലിനിടയില് ഒക്കുമെങ്കില്‍ സോവിയറ്റ് ചെമ്പട കുന്തംമറിഞ്ഞവിടെയെത്തി ആ ദേശത്തിനെ കീഴ്പ്പെടുത്തും. സോവിയറ്റ് റിപ്പബ്ലിക്കാക്കും. Autonomous Soviet Socialist Republic എന്ന എഎസ്എസ്ആറില് (ASSR) പെടുത്തും. (USSR- ല്‍ പെടുന്ന ടോപ് ക്ലാസ്സ് റിപ്പബ്ലിക്കല്ല.) അതാണ് ആത്യന്തികമായി ഇവര്‍ ലക്ഷ്യമിട്ടതും.
കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രം
1930-ല്‍ ശൈശവദശയിലായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഈ ‘ദേശീയതാ സിദ്ധാന്ത'(nationality doctrine)ത്തിന്റെ സാധ്യത മനസ്സിലാക്കി, ഒരു കരടുരൂപരേഖ ഉണ്ടാക്കി. സ്വയം തീരുമാനങ്ങള്‍ എടുക്കാനും, വേണമെങ്കില്‍ സമ്പൂര്‍ണമായും വിട്ടുപോകാനും വരെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ഉറപ്പുകൊടുക്കാന്‍ ഇന്ത്യന്‍ ഫെഡറല്‍ സോവിയറ്റ് റിപ്പബ്ലിക്കിന് മാത്രമേ പറ്റൂ എന്നാണ് രൂപരേഖയിലുള്ളതെന്ന് സെലിഗ് എസ് ഹാരിസണ്‍ മേല്പറഞ്ഞ കൃതിയില്‍ പാര്‍ട്ടി രേഖകളെ ഉദ്ധരിച്ച് പറയുന്നുണ്ട്. അതേ വര്‍ഷമാണ് അല്ലാമാ ഇക്ബാല്‍ എന്ന, പാകിസ്ഥാന്റെ ആത്മീയപിതാവ് തന്റെ അലഹബാദ് പ്രസംഗത്തില്‍ കൂടി വിഘടനത്തിന് ശിലയിടുന്നതും. സെലിഗ് എസ് ഹാരിസണ്‍ ഉദ്ധരിച്ച പാര്‍ട്ടിരേഖ, കോമിന്റേണിന്റെ അന്തര്‍ദേശീയ വാര്‍ത്താവിതരണ സര്‍വീസ് ആയ ഇന്റര്‍നാഷണല്‍ പ്രസ് കറസ്പോണ്ടന്‍സിന്റെ 1930 ഡിസംബര്‍ 18 ലക്കത്തില്‍ ആണ് വന്നിരിക്കുന്നത്.
അതായത് അല്ലാമാ ഇക്ബാലിന്റെ അലഹബാദ് പ്രസംഗം നടന്നത് ഡിസംബര്‍ 30-നായിരുന്നു എന്നതാണ്. പാകിസ്താന് എന്ന പേര് പിന്നെയും മൂന്നു വര്‍ഷം കഴിഞ്ഞാണ് ചൗധരി റഹമത്തലി കരുപ്പിടിപ്പിക്കുന്നത്. ‘ഇന്ത്യന്‍ ഫെഡറല്‍ സോവിയറ്റ് റിപ്പബ്ലിക്ക് വന്നേപറ്റൂ’ എന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയരേഖയെപ്പറ്റിയുള്ള വാര്‍ത്തയിലെ തീയതിക്കും കുറഞ്ഞത് ഒരു മാസമെങ്കിലും മുമ്പാകും അത് കരടുപ്രമേയമായി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുക. (ഇന്റര്‍നാഷണല്‍ പ്രസ് കറസ്പോണ്ടന്‍സിന്റെ ആ ലക്കം മാത്രം അവരുടെ ആഗോള ആര്‍ക്കൈവ്സില്‍ ഇല്ല. ബാക്കിയെല്ലാം അവിടെ കാണാന്‍ കഴിഞ്ഞിട്ടും ഈ നിര്‍ണ്ണായകമായ വാര്‍ത്ത വന്ന 1930 ഡിസംബര്‍ 18 ലക്കം മാത്രം ഇല്ലാതെപോയത് ദുരൂഹമാണ്. അവര്‍ അത് മുക്കിയതാവാം.)
ഈ രണ്ടു കൂട്ടര്‍ക്കും തമ്മില്‍ പ്രത്യയശാസ്ത്രപരമായ എന്തോ ഒരു ബന്ധുത്വം(ഗശിവെശു) ഉണ്ട് എന്ന ഒരു വിശ്വാസപ്രമാണം ചില കാലങ്ങളില്‍ നിലനിന്നിട്ടുണ്ട്. ബോള്‍ഷെവിസവും പാന്‍-ഇസ്ലാമിസവും വിപ്ലവപ്രത്യയ ശാസ്ത്രങ്ങള്‍ തന്നെയാണെന്നും, ഇവ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നുമുള്ള സൂചനകള്‍ പ്രത്യേകിച്ച് പഴയ ഏഷ്യാ മൈനര്തൊട്ടു(തുര്‍ക്കി) താഴോട്ടുള്ള ഏഷ്യന്‍ അന്തരീക്ഷത്തില്‍ ഒരു സമരതന്ത്രത്തിന്റെ രൂപമെന്നോണം ഏറെക്കാലം മുഴങ്ങിക്കേട്ടിരുന്നു.
ലെനിന്റെ ആദ്യകാല മുസ്ലിംപ്രീണന പ്രമേയങ്ങളും, ചങ്ങലകള്‍ പൊട്ടിക്കാനും പൊരുതാനും ഏഷ്യന്‍ മുസ്ലിങ്ങളോടുള്ള ആഹ്വാനങ്ങളും അതിന്റെ വിവിധ സൂചനകളായിരുന്നു. കാഫറുകളുടെ ബ്രിട്ടീഷ് രാജില്‍ നിന്ന് ഖിലാഫത്ത് കാലത്ത് തുര്‍ക്കിയിലെ ഓട്ടോമന്ഖലീഫക്ക് വേണ്ടി യുദ്ധത്തിനായി പുറത്തു കടന്ന്, ഹിന്ദുക്കുഷ് കയറിമറിഞ്ഞ്, പാമീര്‍ താണ്ടി, ഖൈബര്‍ ചുരം നൂണ്ട് മുഹാജിറുകളായി റഷ്യന്‍ മണ്ണില്‍ എത്തിയവരെല്ലാവരും തന്നെ സയ്യദ് അഹമ്മദ് ബറെല്‍വി എന്ന, ഇന്ത്യയിലെ പ്രഥമ ഹനഫി-വഹാബി-പാന്‍-ഇസ്ലാമിസ്റ്റ് പ്രചാരകരായിരുന്നു, ഇന്ന് നാമെല്ലാം അറിയുന്ന ബാലാക്കോട്ടില്‍ വച്ച് 1831-ല്‍ ശിഖരാജന് രാജാ രണ്‍ജീത് സിങ്ങാല് കൊല്ലപ്പെടുകയും (ജെയിഷിന്റെ പരിശീലനക്യാമ്പ് ആ മലനിരകളില്‍ വരുന്നതും അതുകൊണ്ടു തന്നെ. ഇന്ന് കാണുന്ന താലിബാന്, ഹക്കാനി, ജെയിഷ്, ഹിസ്ബുള്‍ മോഡല്‍ ഇസ്ലാമിക തീവ്രവാദികളുടെയൊക്കെ മൂലപ്രചോദകനും ബറെല്‍വി തന്നെ.) ചെയ്ത ആദ്യകാല ജിഹാദിയുടെ സ്വാധീനമുള്ളവരായിരുന്നു എന്നതും ഗൗരവത്തോടെ തന്നെ കാണണം. അവരെയൊക്കെയാണ് ലെനിനും സ്റ്റാലിനും, പിന്നെ നമ്മുടെ എം എന്‍ റോയിയും ഇവിടുത്തേക്ക് വിപ്ലവിക്കാന്‍ വിടുന്നത്.
ആ ‘കിഴക്കിന്റെ കലാശാല’യുടെ മൂലകാരണവും, അതിലെ പരിശീലനവിഭാഗം മേധാവിയുമായിരുന്ന എം എന്‍ റോയ് തന്നെയാണ് എണ്‍പതോളം മതഭ്രാന്തന്മാരായ മുഹാജിറുകളെ കണ്ടെത്തി രക്ഷിച്ച് ആദ്യമായി ‘സായുധവിപ്ലവം’ പരിശീലിപ്പിച്ചു തുടങ്ങുന്നതും. ഇന്ത്യയിലെത്തിയ അവര്‍ ഇരുട്ടത്ത് പാന്‍-ഇസ്ലാമിസവും, വെളിച്ചത്ത് ബോള്‍ഷെവിസവും വിളമ്പി അവരുടെ ‘അപരസ്വത്വ’ങ്ങളെ നിരന്തരം തൃപ്തരാക്കി. എം എന്‍ റോയിയും ഒട്ടും മോശമായിരുന്നില്ല.. അദ്ദേഹത്തിന്റെ ദി ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ് ഇസ്ലാം(1937) എന്ന കൃതിയില്‍, ‘ഇസ്ലാമിന്റെ അസാമാന്യമായ വിജയത്തിന് പിന്നില്‍, അതിന്റെ വിപ്ലവകരമായ പ്രാധാന്യവും, ഇന്ത്യയിലെയും പേര്‍ഷ്യയിലെയും ഗ്രീസിലെയുമൊക്കെ പഴകിപ്പൊളിഞ്ഞ നാഗരികതകളിലെ ദരിദ്രജനതയെ അവരുടെ പ്രതീക്ഷയറ്റ സാഹചര്യങ്ങളില്‍ നിന്ന് മുമ്പോട്ടുനയിക്കാനുള്ള ശേഷിയും ആണ്,’ അല്ലാതെ അവരില്‍ ആരോപിക്കപ്പെടുന്നതുപോലെ ‘മതതീവ്രവാദമല്ല എന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ മുസ്ലിം സമൂഹത്തെ തങ്ങള്‍ ‘ഇരകള്‍’ ആണെന്ന് ഓര്‍മ്മപ്പെടുത്താനോ അടിച്ചമര്‍ത്തപ്പെട്ട(oppressd)വരാണെന്ന് ബോധ്യപ്പെടുത്താനോ ഉള്ള ഒരു ശ്രമം നടന്നിട്ടുണ്ട്. അവര്‍ പലപ്പോഴും അവലംബിച്ച കിരാതമാര്ഗങ്ങളെ, ‘പ്രത്യക്ഷമായും ഈശ്വരസേവയ്ക്കായാണ് ഇസ്ലാമിന്റെ വാള് വീശപ്പെട്ട’തെന്നു സാധൂകരിക്കാനും അദ്ദേഹം ശ്രമിക്കുന്നു. അതില്‍ സ്വന്തം പ്രസ്ഥാനത്തിന്റെ വ്യാപനത്തെപ്പറ്റിയുള്ള ഒരു കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ്- റൊമാന്റിക്ക്-വയലന്റ് ഭാവനയും കാണാം.
പാകിസ്താന് ദിനാചരണവുമായി ഇടതര്‍
യഥാര്‍ത്ഥത്തില്‍, ഇടതരും അവരുടെ ഈ സിദ്ധാന്തവുമില്ലായിരുന്നു വെങ്കില്‍ പാകിസ്താന് അത്രയെളുപ്പം ഉരുവംകൊള്ളില്ലായിരുന്നു. ഒരു ‘ഇന്‍ക്യുബേറ്ററില്‍’ അടവച്ച് പാകിസ്ഥാനെ വിരിയിക്കാന്‍ പാകത്തില്‍ അന്ന് കമ്മ്യൂണിസം ഒരു ആഗോളപ്രതിഭാസവും, സോവിയറ്റ് യൂണിയന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രങ്ങളില്‍ ഒന്നും, ഇടതര്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കക്ഷിയുമായിരുന്നു എന്നതോര്‍ത്താല്‍ അത് കുറച്ചുകൂടി എളുപ്പത്തില്‍ മനസ്സിലാകും. പാകിസ്താന് ഒരു അനിവാര്യതയാവുന്ന, ലീഗിന്റെ 1940-ലെ ലാഹോര്പ്രമേയത്തിന്റെ തീയതിയായ മാര്‍ച്ച് 23 നിഷ്ഠയോടെ ഓര്‍ത്തുവച്ച് ഇടതരും ‘പാകിസ്താന് ദിനാചരണം’ നടത്താറുണ്ടായിരുന്നുവെന്ന് എം ആര് മസാനി പറയുന്നു (ദി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ.), അധികാരത്തിനു പുറത്തു നില്ക്കുമ്പോള് എന്നും വിഘടനമോഹി(partitionists)’കളായിരുന്നു ഇടതര്‍ എന്ന് രാം മനോഹര്‍ ലോഹ്യ, ഗില്‍റ്റി മെന്‍ ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷനില്‍ പറയുന്നു. ബാബു രാജേന്ദ്ര പ്രസാദിന്റെ കിറശമ ഉശ്ശറലറ(1946) എന്ന കൃതിയിലെ നാല്പതാം അധ്യായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാക്കിസ്ഥാന്റെ വാദത്തെ പിന്തുണച്ചതും വ്യക്തമാക്കുന്നുണ്ട്.
പാകിസ്താന് എന്ന ആശയം ആദ്യം ലോകത്തോട് പറഞ്ഞ അല്ലാമാ ഇക്ബാലിന്റെ പ്രമേയത്തില്‍ പാകിസ്താന് എന്ന വാക്കില്ല.പഞ്ചാബും, സിന്ധും നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രോവിന്‍സും(NWFP) ബലൂചിസ്താനും വരെയേ ഉണ്ടായുള്ളൂ. ലണ്ടന്വാസിയായിരുന്ന പാന്‍-ഇസ്ലാമിസ്റ്റ് ചൗധരി റഹ്മത്തലിയാണ് 1933-ല്‍ പാകിസ്താന് എന്ന ശബ്ദം ആദ്യമായി ഉച്ചരിച്ചത്. വട്ടമേശസമ്മേളനത്തിന് ലണ്ടനില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധികള്‍ക്കിടയില്‍ അദ്ദേഹം അച്ചടിച്ചു വിതരണം ചെയ്ത നൗ ഓര് നെവര്‍: ആര് വീ റ്റു ലിവ് ഓര് പെരിഷ് ഫോര്‍ എവര്‍ എന്ന ഒരു ലഘുലേഖയില്‍ കൂടിയാണ് ഇത് വെളിവാക്കപ്പെടുന്നത്. എട്ടു പുറങ്ങളിലായി ഇന്ന് നമുക്ക് കിട്ടുന്ന ആ ലഘുലേഖയില്‍ സ്റ്റാലിന്റെ ഭാഷാ-(പ്രാ)ദേശീയതാ സിദ്ധാന്തത്തിന്റെ നെടുങ്കന്‍ നിഴല്‍ കാണാം. ലണ്ടനുമായി സമ്പര്‍ക്കമുള്ള ഇന്ത്യന്‍ സമരനേതാക്കളില്‍ പലരോടും സ്ഥിരമായി ബന്ധമുണ്ടാക്കിക്കൊണ്ട് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും(CPGB), പാമെ ദത്തിനെപ്പോലെയുള്ള അവരുടെ നേതാക്കളും അവരില്‍ പലരെയും ബൗദ്ധികമായി തങ്ങളുടെ ചൊല്പ്പടിയിലാക്കിയിരുന്നതായി സംശയിക്കാം.. ഇതില്‍, ചൗധരി റഹമത്തലിയും പെടും എന്ന് നിസ്സംശയം മനസ്സിലാവും. ലാഹോറിലെ ആദ്യസഖാവായ ഗുലാം ഹസ്സന് ആ നാട്ടില്‍ തുടങ്ങിയ ഇങ്ക്വിലാബ് എന്ന പാര്‍ട്ടിപ്പത്രം, 1922 മുതല്‍, ‘ഹിന്ദു ഇന്ത്യയില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മുസ്ലിം ദേശീയത’യെപ്പറ്റി പറഞ്ഞും എഴുതിയും, വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് റഹമത്തലിയെപ്പോലുള്ള ചെറുപ്പക്കാരെ ആകര്‍ഷിച്ചിരിക്കാം. എം എന്‍ റോയിയുടെ ഇടപെടലില്‍ ആണ് റഷ്യ ഇങ്ക്വിലാബിന് വേണ്ടി 22000/ രൂപ മുടക്കിയതെന്ന് കമ്മ്യൂണിസം ഇന്‍ ഇന്ത്യ. അന്ന് ലീഗ് വെറും ശൈശവദിശയില്‍ ആയിരുന്നു എന്നും കൂടി ഓര്‍ക്കാം.അതുപോലെതന്നെയുള്ള ഒരു കമ്മ്യൂണിസ്റ്റ് ചതിയുടെ കഥയാണ് കശ്മീരും. അതും പെട്ടെന്ന് ആരും വിശ്വസിക്കില്ല. . 1939-ല്‍ നെഹ്റുവിന്റെഅനുഗ്രഹത്താല് തുടങ്ങി, ഒരു ദശകത്തില്പ്പരം കാലം നീണ്ട ഇടതുവഞ്ചനാപര്വ്വം സൃഷ്ടിച്ചതാണ് ഇന്നത്തെ കാശ്മീരിനെ എന്ന് പറഞ്ഞാല്‍ അതിവാദം എന്നേ ആരും പറയൂ. വിശദമായി പറയേണ്ട ഒന്നാണത്.
ലെനിന്,സ്റ്റാലിന്, റോയ് വഴി..
‘ഓരോ രാജ്യത്തിലെയും വ്യത്യസ്തമായ പ്രാദേശീയ പ്രത്യേകതകളെ(regional particularism) നിര്‍ബന്ധമായും പരിഗണിക്കുക,’ എന്നിട്ടവയെ ആവോളം ചൂഷണം ചെയ്യുക എന്ന ലെനിനിസ്റ്റ് കൗശലം, പിന്നീടു സ്റ്റാലിന് നിഷ്ഠുരമായി വികസിപ്പിക്കുന്നിടത്താണ് പാകിസ്താനും, പിന്നീടു കാശ്മീര്‍ പ്രശ്നവും പിറക്കുന്നത്. 1920-കളില്‍ സ്റ്റാലിനും റോയിയും അവരുടെ സര്‍വകലാശാലയില്‍ പഠിപ്പിച്ചു പണിയേല്‍പ്പിച്ചു വിട്ടവര്‍ പലരുമാണ് അത് ചെയ്തതും. അത് ചെയ്യാന്‍ വേണ്ടി ഭാഷാ-ദേശീയതകളെപ്പറ്റിയുള്ള തങ്ങളുടെ അടിസ്ഥാന ആശയങ്ങളില്‍ അവര്‍ മടിയില്ലാതെ വെള്ളം ചേര്‍ക്കുകയും ചെയ്തു. ലെനിനിസം-സ്റ്റാലിനിസം സരണിയില്‍, സാമ്രാജ്യകോളനികളില് സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ ഉള്ളത് ഭാഷാപരമോ, സാംസ്കാരികസമ്പന്നയുള്ളതോ ആയ വികസിതദേശീയതകള്ക്കാണ്, അല്ലാതെ, മതാധിഷ്ഠിത സമൂഹങ്ങള്ക്കല്ല എന്നുള്ളത് സുവിദിതമാണ്.
അത് തൊഴിലാളിവര്ഗതാത്പര്യങ്ങളി ഊന്നി വേണം തീരുമാനിക്കപ്പെടാനും. ഇവിടെ മൗലികമായ മതലൈനില് ഉള്ള പാകിസ്താന് വാദം സാധൂകരിക്കാന്‍ വേണ്ടി അവര്‍ ഒരു കുതന്ത്രം ചെയ്തു. വിശാല ഇന്ത്യയില്‍ ആസേതുപര്യന്തം പരന്നുകിടക്കുന്ന മുസ്ലിങ്ങളെ ഒന്നാകെ ഒറ്റ രാഷ്ട്രമായി കാണാം എന്നവര്‍ക്ക് ‘വൃഥാ’ സ്ഥാപിക്കേണ്ടി വന്നു. സ്റ്റാലിന് പറഞ്ഞമട്ടില്‍ ബഹുഭാഷാ-സഭ്യതാടിസ്ഥാനത്തില് പതിനാറോ ‘അതിലധികമോ’ ആയി ഇന്ത്യയെ വിഭജിക്കാന്‍ പാകത്തില്‍ ഉള്ള സ്ഫോടനാത്മകമായ ഒരു പ്രമേയം ജി. അധികാരി 1942-ല്‍ അവതരിപ്പിച്ചു.ആ സിദ്ധാന്തക്കൂത്ത് ഒന്ന് വായിക്കേണ്ടത് തന്നെ. ഗുജറാത്തും ആന്ധ്രയും കേരളവും ആസ്സാമും…. അങ്ങനെപോകും ആ രാജ്യങ്ങള്‍. അവര്‍ വികസിതരും, അതുകൊണ്ടു തന്നെ അവയ്ക്ക് സ്വയംനിര്‍ണ്ണയിക്കാനുള്ള അവകാശവും, ആ ഘട്ടത്തില്‍ വേണമെങ്കില്‍ പിരിഞ്ഞു സ്വതന്ത്രരാഷ്ട്രമാവാനുള്ള അവകാശവും ഉണ്ട്. അത്തരത്തിലുള്ള ഒരു അയഞ്ഞ സ്വാതന്ത്ര്യം ആണ് അവര്‍ ആഗ്രഹിച്ചതും പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രചരിപ്പിച്ചതും.
‘ഇന്ത്യ ഒരു രാഷ്ട്രമേ അല്ലായിരുന്നു’ എന്ന കാര്യത്തില്‍ ഇവര്‍ രണ്ടുപേര്‍ക്കും പൊതുവായ ഒരു സിദ്ധാന്തനിലയും ഉണ്ടായിരുന്നു. ‘ഇന്ത്യയെ ഇത്രകാലം ഒരു രാഷ്ട്രമായും, മുസ്ലിങ്ങളെ വെറും ഒരു സാംസ്കാരികന്യൂനപക്ഷം മാത്രമായും ധരിച്ചുപോയ ആ തെറ്റ്’ ഏറ്റു പറയുന്നുമുണ്ട് അധികാരി. പോരാത്തതിന്, അവര്‍ രണ്ടുകൂട്ടരും ഒരു പാത്രത്തില്‍ ഉണ്ണുന്ന ഒറ്റുകാലവും.. ഇടതുസെക്രട്ടറി പി സി ജോഷി നിരന്തരം അവരുടെ ഇന്റല്ലിജന്സുമായി ബന്ധപ്പെടാറുള്ള കാലവും. ഏതായാലും കൂടുതല്‍ ഒന്നും നടക്കില്ല എന്ന് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, 1944 ആകുമ്പോഴേക്കും പി സി ജോഷി ആ ‘ടുക്കഡേ ടുക്കഡേ’ പരിപാടി പ്രത്യക്ഷത്തില്‍ മൂന്നിലൊതുക്കിയതായി കാണുന്നു. മൂന്നു സ്വതന്ത്രരാഷ്ട്രങ്ങള്‍. ഇന്ത്യ, പാകിസ്താന്, പിന്നെ ബംഗാളും! (കമ്മ്യൂണിസം ഇന്‍ ഇന്ത്യ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: