കൊച്ചി: എവിടെയും ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണെന്ന് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ക്ലബ്ബ് തലത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ഈ കാര്യം ആ രാജ്യങ്ങളിലെ ഏജന്റുമാരുമായി സംസാരിച്ചുവരികയാണെന്ന് ശ്രീശാന്ത് പറഞ്ഞു.
2023 ലെ ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ എംസിസിയും റെസ്റ്റ് ഓഫ് ദ വേള്‍ഡും ഏറ്റുമുട്ടുമ്പോള്‍ ആ മത്സരത്തിന്റെ ഭാഗമാകാനും ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി.
അടുത്തിടെയാണ് ശ്രീശാന്തിന്റെ ഏഴു വര്‍ഷത്തെ വിലക്ക് അവസാനിച്ചത്. 2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനാണ് ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്തം വിലക്കിയത്. പിന്നീട് ശ്രീശാന്ത് നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഈ മാസം 12നാണ് വിലക്ക് അവസാനിച്ചത്. ശ്രീശാന്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്.
മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് ഇരുപത്തിയേഴ് ടെസ്റ്റും അമ്പത്തിമൂന്ന് ഏകദിനവും പത്ത് ടി 20 യും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും ടി 20 യില്‍ ഏഴു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: