തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. സ്വപ്ന സുരേഷിനെ നെഞ്ചുവേദനയ്ക്കും റമീസിനെ വയറുവേദനയ്ക്കുമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇത് വിവാദമായതോടെ വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറോട് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്ന സുരേഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍, മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവര്‍ക്കും ഒരുമിച്ച് അസുഖം വന്നത് സംശയാസ്പദമെന്നാണ് സൂചന.
സ്വപന സുരേഷിനെയും റമീസിനെയും എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തില്‍ ജലീല്‍ പറഞ്ഞ മൊഴിക്ക് അനുസരിച്ചുള്ള മൊഴി പഠിപ്പിക്കാനാണ് ഇരുവരെയും വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ആരോപണം. നേരത്തെ സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിചരിച്ച നഴ്സിന്റെ ഫോണില്‍ നിന്നും സ്വപ്ന നിരവധി പേരെ വിളിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മറ്റൊരു നഴ്സിന്റെ ഫോണിലേക്കാണ് വിളിച്ചത്. ഫോണ്‍ നഴ്സിന്റേതാണെങ്കിലും സംസാരിച്ചത് മറ്റു ചിലരായിരുന്നു. അക്കാര്യവും അന്വേഷിക്കുന്നതിനിടയിലാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: