ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 17 വര്‍ഷത്തിനിടെ പാക്കിസ്ഥാന് സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഈ വര്‍ഷമാണ് ഇത്രയും പ്രകോപനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ലഡാക്ക് പ്രശ്നം ഉയര്‍ന്നതോടെ പാക്കിസ്ഥാന് നിയന്ത്രണ രേഖയിലെ പ്രകോപനം വര്‍ധിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥ മുറുകിയപ്പോഴാണ് പാക് സൈന്യം നിയന്ത്രണ രേഖയിലേക്ക് വെടിയുതിര്‍ത്ത് ഇന്ത്യയെ കൂടുതലായും പ്രകോപിപ്പിച്ചിട്ടുള്ളത്.
ജനുവരി ഒന്ന് മുതല്‍ സെപ്തംബര്‍ ഏഴ് വരെ നിയന്ത്രണരേഖയില്‍ 3186 തവണ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 778 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ പാകിസ്താന് വലിയ രീതിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായാണ് വിവരം. ലഡാക്ക് അതിര്‍ത്തി പ്രശ്നങ്ങള്‍ പുകയാന്‍ തുടങ്ങിയതോടെയാണ് ജമ്മുകശ്മീരില പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചിട്ടുള്ളത്. മെയ് മുതല്‍ ഓരോ മാസവും 350-400 വരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിട്ടുണ്ട്.
ഇത് കൂടാതെ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാനും പാക സൈന്യം സഹായിച്ചു. ഇന്ത്യയ്ക്കെതിരായ നീക്കങ്ങളിലൂടെ പാക്കിസ്ഥാന് തങ്ങളുടെ സഖ്യകക്ഷിയായ ചൈനയെ പിന്തുണയ്ക്കുകയായിരുന്നെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. ഒരേസമയം ഇരു രാജ്യങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയെ തളര്‍ത്തുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇരു രാജ്യങ്ങള്‍ക്കുനേരേയും മികച്ച വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
അതേസമയം ലഡാക് അതിര്‍ത്തിയില്‍ ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. പ്രദേശത്തെ നെറ്റ്വര്‍ക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിനായാണ് ചൈനയുടെ ഈ നീക്കം. സുരക്ഷാ സൈന്യം ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: