ന്യൂദല്‍ഹി : ഇന്ത്യന്‍ ഭരണകര്‍ത്താക്കളെ ചൈനീസ് കമ്പനി നിരീക്ഷണം നടത്തുന്നത് സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചേക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിങ്ങനെ രാജ്യത്തെ ഭരണകര്‍ത്താക്കളില്‍ പ്രമുഖരായ പതിനായിരത്തോളം ആളുകളെ ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്നോളജി എന്ന സ്ഥാപനം നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഇന്ത്യന്‍ സൈബര്‍ കമ്പനിയുടെ സഹായത്തോടെ നേതാക്കളുടെ സമൂഹ മാധ്യമങ്ങളിലെ വിവരങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്ന സംവിധാനമാണ് ചൈന ഉപയോഗിക്കുന്നതെന്നാണ് വിവരം. അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങളിലെ വ്യക്തിവിവരങ്ങള്‍ ചൈന ചോര്‍ത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ നേതാക്കളെ നീരീക്ഷിക്കുന്നതായി മാധ്യമ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കൂടാതെ ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ അതീവ ശ്രദ്ധ ഈ വിഷയത്തില്‍ കൊടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അന്വേഷണച്ചുമതല അജിത് ദോവലിന് കൈമാറുന്നത്. ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ ഇക്കാര്യം അറിയിക്കും. അതിനുശേഷം ഇതുസംബന്ധിച്ച് തീരുമാനം വ്യക്തമാക്കും.
അതേസമയം ചൈനീസ് കമ്പനി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ചൈനീസ് ഐടി, വ്യവസായ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷെന്‍സെന്‍ ഡേറ്റ ടെക്നോളജിയുടെ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റേയും ഡേറ്റ മേല്‍നോട്ടം കമ്പനിക്കാണെന്നുമാണ് ഇതില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: