കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ ഫോണ്‍ ചാറ്റുകള്‍ എന്‍ഐഎ കണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയിട്ടുള്ള ഫോണ്‍ ചാറ്റുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
ഗൂഗിള്‍ ഡ്രൈവില്‍ സ്ക്രീന്‍ ഷോട്ടുകളായി രഹസ്യമായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് ഇവ എന്‍ഐഎ കണ്ടെത്തിയത്. ആവശ്യംവന്നാല്‍ ഇവ ഉന്നതരെ ഭീഷണിപ്പെടുത്തുന്നതിനായി സൂക്ഷിച്ചതാണെന്നാണ് കരുതുന്നത്.
സ്വപ്ന സംസ്ഥാനത്തെ പല ഉന്നതരുമായും ബന്ധം സൂക്ഷിച്ചിരുന്നു. ഇവരുടെ ഭാര്യമാരുമായി ഷോപ്പിങ്ങിനും മറ്റും പോയിരുന്നു. സ്വര്‍ണക്കടത്തിനും മറ്റുമായി കുടുംബാംഗങ്ങളുമായി മനപ്പൂര്‍വ്വം ബന്ധം ഉണ്ടാക്കിയെടുത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ജീവകാരുണ്യത്തിന്റെ പേരില്‍ യുഎഇ കോണ്‍സുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും 58 കോടിയോളം എത്തിച്ചതായി കണ്ടെത്തല്‍. കോണ്‍സുലേറ്റിന്റെ പേരിലാകുമ്പോള്‍ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാല്‍ വിദേശസഹായ നിയന്ത്രണ നിയമം (എഫ്സിആര്‍എ) ബാധകമാകില്ല. ഇതു കണ്ടാണു കോണ്‍സുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്.
ലൈഫ് മിഷന് പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും ഈ അക്കൗണ്ട് വഴിയാണ്. ഇതില്‍ നിന്നുള്ള 14.5 കോടിയാണ് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിര്‍മാണക്കമ്പനിക്കു കൈമാറിയത്. ഇതില്‍ നിന്നും വീണ്ടും നാല് കോടി കമ്മിഷനായും സ്വപ്നയും സംഘവും കൈപ്പറ്റി.
യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഒരു ബാങ്കില്‍ തന്നെ ആറ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ ഒരു അക്കൗണ്ടില്‍ മാത്രമാണ് 58 കോടി എത്തിയിട്ടുള്ളത്. ഇത് കൂടാതെ ചില സംഘടകള്‍ക്കും ഇതില്‍ നിന്നും പണം കൈമാറി. അതിനും സ്വപ്നയും സംഘവും കമ്മിഷന് കൈപ്പറ്റിയിട്ടുണ്ട്. നിലവില്‍ ഈ അക്കൗണ്ടില്‍ 4 കോടിയാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: