തൃശൂര്‍: ഭൂമാഫിയകളെ സഹായിക്കാന്‍ തൃശൂര്‍ പൈതൃക സോണിനെ തകര്‍ത്ത് പുതിയ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരാനുള്ള കോര്‍പറേഷനിലെ ഇടത്-വലത് കൂട്ടുകെട്ടിനെ വിശ്വാസികളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍.
നഗര വികസനത്തിന്റെ പേരില്‍ ക്ഷേത്രഭൂമി കൈയ്യേറാനും ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ച് നല്‍കാനും യുഡിഎഫ് ഭരണകാലത്ത് നടന്ന ശ്രമമാണ് ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനിന്റെ മറവില്‍ ഇടത് പക്ഷവും നടത്തുന്നത്. റസിഡന്‍ഷ്യല്‍ ഏരിയ കോമേഴ്സ്യല്‍ ഏരിയയായി മാറ്റുന്നതിന് പിന്നിലും പൈതൃക സോണ്‍ ഏരിയയിലെ 15 മീറ്റര്‍ ഉയരമെന്ന നിബന്ധന ലംഘിച്ച് ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതിലും വന്‍ അഴിമതിയാണ്. ആര്‍ക്കിയോളജിയുടെ നിയമങ്ങള്‍ ലംഘിച്ച് സംരക്ഷിത ക്ഷേത്രമായ വടക്കുന്നാഥ ക്ഷേത്രത്തിന് 150 മീറ്ററിനുള്ളില്‍ നിന്ന് ഖനനം നടത്തി മണ്ണ് കടത്തിക്കൊണ്ട് പോയതിന് പിന്നില്‍ ഭരണകക്ഷി നേതാക്കളാണ്.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് വടക്കുന്നാഥ ക്ഷേത്രത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈശ്വര നിഷേധികളും ആചാര വിരോധികളുമായ ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പൈതൃകത്തെ തകര്‍ക്കാനും നിലനില്പ് അപകടത്തിലാക്കാനും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയില്‍ 10 കേന്ദ്രങ്ങളില്‍ നാളെ വൈകീട്ട് 6 മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: