ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തരായവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തരായവര്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ഇതിനായി നിത്യവും യോഗ പരിശീലിക്കുക, ദിവസവും ഒരു സ്പൂണ്‍ ച്യവനപ്രാശം കഴിക്കുക, മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുക. ഇരട്ടിമധുരം, അശ്വഗന്ധം, നെല്ലിക്ക എന്നിവയും വളരെയേറെ പ്രയോജനപ്രദമാണ്. കൂടാതെ ആയുഷ് മന്ത്രാലയം അനുമതി നല്കിയ മരുന്നുകളും ഉപയോഗിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗമുക്തരായെങ്കിലും തുടര്‍ന്നും വൈറസ് ബാധിതരില്‍ കാണുന്ന ലക്ഷണങ്ങള്‍ ഇവരില്‍ കാണാന്‍ സാധ്യതയുണ്ട്. തളര്‍ച്ച, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയൊക്കെ അനുഭവപ്പെടാം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നും മന്ത്രാലയം പറഞ്ഞു.
രോഗമുക്തര്ക്കായുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍:
- ധാരാളം ചൂടുവെള്ളം കുടിക്കുക.
- മാസ്ക് ധരിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക, സാമൂഹികഅകലം പാലിക്കുക.
- വരണ്ട ചുമ, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആവി പിടിക്കുകയോ തൊണ്ടയ്ക്ക് വെള്ളം കൊള്ളുകയോ ചെയ്യുക.
- പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ആയുര്‍വേദ മരുന്നുകള്‍ കഴിക്കുക.
- യോഗ ശീലമാക്കുക. പ്രാണായാമം, ധ്യാനം, ശ്വസനപ്രക്രിയ എന്നിവ ചെയ്യുക. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ രാവിലേയും വൈകിട്ടും നടക്കുക.
- വേവിച്ച, പോഷകസമ്പന്നമായ ആഹാരം കഴിക്കുക. നല്ല ഉറക്കം, വിശ്രമം.
- ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക.
- മദ്യപാനവും പുകവലിയും ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: