കാസര്‍കോട്: കൊവിഡ് ഭീതിയിലും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ സുഗമമായി നടന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികളെ പരിക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. പ്രവേശന പരീക്ഷ നടന്ന വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂളില്‍ 184 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.
240 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയ്ക്ക് എത്തേണ്ടിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. പന്ത്രണ്ട് വിദ്യാര്‍ഥികള്‍ വീതം ഓരോ ക്ലാസ് മുറികളില്‍ ഇരുത്തിയാണ് പരീക്ഷ നടത്തിയത്. വിദ്യാര്‍ത്ഥികളെ തെര്‍മല്‍ സ്കാനിങ്ങിനു ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഐസൊലേഷന്‍ പരീക്ഷാ മുറിയും ഒരുക്കിയിരുന്നു.
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇപെക്ടര് അജിത് സി ഫിലിപ്പ്, ഡോ. മനു എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും വെള്ളരിക്കുണ്ട് സി ഐ കെ.പ്രേംസദന്, എസ് ഐ എം വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും പഞ്ചായത്തിലെ മാഷ് പ്രവര്‍ത്തകരും കൊവിഡ് വളണ്ടിയര്‍മാരും സുരക്ഷാ ക്രമീകരങ്ങള്‍ക്ക് ഉണ്ടായിരുന്നു.
ഇത് ആദ്യമായാണ് മലയോര മേഖലയില്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിനുള്ള അത്യാധുനിക സൗകര്യങ്ങളും, സ്കൂളിന്റെ മികവും പരിശോധിച്ചാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇവിടെ സെന്റര്‍ അനുവദിച്ചത്.
കൊവിഡ് പശ്ചാതലത്തില്‍ പരീക്ഷയുടെ നടപടിക്രമങ്ങള്‍ മുഴുവന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു നടന്നതെന്ന് പരീക്ഷയുടെ സെന്റര്‍ സൂപ്രണ്ടും സ്കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജ്യോതി മലേപറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: