‘വലിയ പ്രതീക്ഷയായിരുന്നു മുഖ്യമന്ത്രിയില്‍. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സാര്‍ ഞങ്ങളുടെ റോള്‍ മോഡലായിരുന്നു. ഇവരിലുള്ള പ്രതീക്ഷ നീതി ലഭിക്കും എന്ന ആത്മവിശ്വാസം തന്നു. പക്ഷേ, ഇവരേക്കാളൊക്കെ സ്വാധീനം ക്രിമിനലുകള്‍ക്ക് ഉണ്ടെന്നുള്ളത് ആത്മവിശ്വാസം തകര്‍ക്കുകയാണ്.’ പത്തനംതിട്ട തണ്ണിത്തോട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ സിപിഎമ്മുകാര്‍ വീടുകയറി ആക്രമിച്ച ഇന്നും നീതി ലഭിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയുടെ വാക്കുകളാണിത്.
കോയമ്പത്തൂരില്‍ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് 19നാണ് വീട്ടിലെത്തിയത്. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് അന്നു മുതല്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛന് പുറത്തിറങ്ങി നടക്കുന്നുവെന്ന പേരില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി ഉയര്‍ന്നു. അച്ഛനെ അക്രമിക്കാന്‍ തയാറെടുക്കുന്നത് സംബന്ധിച്ച് സിപിഎം സഹയാത്രികരും അംഗങ്ങളും അനുഭാവികളും ഉള്‍പ്പെടുന്ന വാട്സ്ആപ് കൂട്ടായ്മയായ ‘ സഖാവ് ‘ ലൂടെ നടന്ന ചര്‍ച്ചയുടെ ശബ്ദസന്ദേശം അടക്കമാണ് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കീഴടങ്ങിയ ആറു പേരില്‍ മൂന്ന് പേരെ നിസ്സാരമായ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് സ്റ്റേഷന് ജ്യാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. മുന്‍പുള്ള കേസുകളില്‍ അറസ്റ്റ് വാറണ്ട് നിലനില്ക്കുമ്പോള് പ്രതികളെ രക്ഷിക്കാന്‍ എംഎല്‍എയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഇടപെടലുണ്ടായി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് മൊഴി മാറ്റിയെഴുതി. ഇതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി വീട്ടില്‍ നിരാഹാരം ആരംഭിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി പെണ്‍കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വീണ്ടും മൊഴിയെടുത്തിരുന്നു.
തീര്‍ന്നില്ല സിപിഎം പ്രതികാരം. അക്രമത്തിനിരയായ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യ വകുപ്പിനെ ചട്ടം കെട്ടി, പെണ്‍കുട്ടി ക്വാറന്റൈന് ലംഘിച്ചു എന്ന് വരുത്തിത്തീര്‍ത്ത് റിപ്പോര്‍ട്ട് വാങ്ങിയാണ് പോലീസ് കേസെടുത്തത്. അതിന് പെണ്‍കുട്ടി വീടിനു പുറത്തേക്ക് പെണ്‍കുട്ടി ഇറങ്ങിയെന്ന ന്യായം പറഞ്ഞു. ഒടുവില്‍, ആക്രമണം നടത്തിയത് സിപിഎമ്മുകാരാണെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വന്നു. സിപിഎം ജില്ലാകമ്മറ്റി ഇക്കാര്യം അംഗീകരിച്ചു. സിപിഎം അംഗങ്ങളായവര്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു പത്രക്കുറിപ്പ് ഇറക്കി. ഇതില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളായ രാജേഷ്, അശോകന്, അജേഷ്, സനല്‍, നവീന്‍, ജിന്സണ് എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍ പൊതുസമൂഹത്തിന്റെ കണ്ണില്‍ മണ്ണിടാനുള്ള സിപിഎം തന്ത്രം മാത്രമായിരുന്നു അത്. ഇവര്‍ ഇന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അറസ്റ്റിലായവര്‍ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തണമോയെന്നതു സംബന്ധിച്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നായിരുന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ നിലപാട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല എന്നതാണ് വസ്തുത. ഇന്ന് ലോക്കല്‍ പോലീസിന് ഇതേക്കുറിച്ചൊന്നുമറിയില്ല. സംഭവം ഉന്നതതല അന്വേഷണത്തിലാണ്. എന്നാല്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും നീതി കിട്ടാതെ കഴിയുമ്പോള്‍ പ്രതികള്‍ പാര്‍ട്ടിയുടെ സംരക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: