ഈ ലോകത്ത് ഒരു പുഴുവെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങള്‍ മരിച്ചിട്ടില്ല എന്നാണ് വിവേകാനന്ദസ്വാമികള്‍ പറയുന്നത്: ‘യഥാര്‍ഥവേദാന്തി മാത്രമേ ഒരു സഹജീവിക്കുവേണ്ടി തന്റെ ജീവനെ ഖേദലേശമില്ലാതെ ത്യജിക്കാന്‍ മുതിരൂ. കാരണം താന്‍ മരിക്കുന്നില്ലെന്ന് അയാള്‍ക്കറിയാം. ഈ ലോകത്ത് ഒരു കീടമെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. ഒരു ജീവിയെങ്കിലും ഭക്ഷിക്കുന്നിടത്തോളം കാലം അവനും ജീവിക്കുന്നു. അതിനാല്‍ അവന് പരഹിതാചരണം അവിരാമം തുടരുന്നു. ശരീരത്തെ സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ആധുനികാഭിപ്രായങ്ങളൊന്നും വകവെക്കുന്നുമില്ല. സ്വാര്‍ഥത്യാഗത്തിന്റെ ഈ പടിയില്‍ എത്തുന്നതോടെ ഒരുവന് സാന്മാര്‍ഗികമായുള്ള പോരാട്ടത്തിനും സര്‍വത്തിനും അതീതനാകുന്നു. അവന് പണ്ഡിതനിലും പശുവിലും പട്ടിയിലും അതിനീചസ്ഥാനങ്ങളിലും അതാതു പദാര്‍ഥങ്ങളെയല്ല കാണുന്നത്, എല്ലാത്തിലും അഭിവ്യക്തമാകുന്ന ഒരേ ഈശ്വരസത്തയെയാണ്. അത്തരമൊരുവന്‍മാത്രമാണ് യഥാര്‍ഥസുഖം കൈവന്നവന്. ആ സമദര്‍ശിത്വം നേടിയവന് ഈ ജന്മത്തില്ത്തന്നെ സാപേക്ഷജീവിതത്തെ മുഴുവന്‍ ജയിച്ചടക്കിയിരിക്കുന്നു. ഈശ്വരന് പരിശുദ്ധനാണ്. അതിനാല്‍ ഇപ്രകാരമുള്ള മനുഷ്യന് ഈശ്വരനില്‍ വര്‍ത്തിക്കുന്നതായി പറയപ്പെടുന്നു.’
എന്താണ് മരണം? പഴയ വസ്ത്രം കളഞ്ഞ് പുതിയത് ഉടുക്കുന്നതുപോലെ, പഴകിയ ശരീരം കളഞ്ഞ് നാം പുതിയതു സ്വീകരിക്കുന്നു എന്നാണല്ലോ ശ്രീകൃഷ്ണഭഗവാന് പറയുന്നത്.
വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ. (ഗീത, 2.22)
ഉപയോഗശൂന്യമായ വസ്ത്രം കളഞ്ഞ് പുതിയ വസ്ത്രം സ്വീകരിക്കുന്നതുപോലെ, ആത്മാവ് ഉപയോഗശൂന്യമായ ദേഹങ്ങളെ വിട്ട് കര്‍മ്മഫലത്തെ അനുഭവിക്കുവാന്‍ പുതിയ ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. സുഖദുഃഖങ്ങള്‍ വന്നും പോയുമിരിക്കുന്നവയും അതുകൊണ്ടുതന്നെ നിലനില്പില്ലാത്തവയുമായതിനാല്‍ അവ സഹിക്കുകയാണു വേണ്ടതെന്നും ഭഗവാന് ഉപദേശിക്കുന്നു. എന്നാല്‍ നാം ചെയ്ത നല്ലതും ചീത്തതുമായ കര്‍മ്മങ്ങള്‍ മരണശേഷവും നമ്മെ പിന്തുടരുന്നതിനാല് നാം ശരിയായി ജീവിക്കേണ്ടതുണ്ട്. ശ്രീരാമകൃഷ്ണന് പറയുന്നു: ‘ഒരാള്‍ മരണസമയത്ത് എന്തു ചിന്തിക്കുന്നുവോ അതായിത്തീരുമെന്ന് ഭഗവദ്ഗീത പറയുന്നു. ഭരതരാജാവ് തന്റെ മാനിനെപ്പറ്റി ചിന്തിച്ച് അടുത്ത ജന്മത്തില് മാനായി പിറന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്കാരം നേടാനായി മനുഷ്യന് തപസ്സു ചെയ്യണം. പകലും രാത്രിയും ഈശ്വരചിന്ത ചെയ്താല്‍ മരണസമയത്തും അതേ ചിന്തയുണ്ടാകും.’ മാത്രമല്ല, ആഗ്രഹങ്ങള്‍ നിലയ്ക്കുന്നതുവരെ ഭൂമിയില്‍ ജന്മമെടുക്കുന്നത് ഒഴിവാക്കാനും കഴിയില്ല. ‘ദേഹമെടുത്താല്‍ പല പ്രശ്നവും ഉല്‍ക്കണ്ഠയുമുണ്ടാകുന്നു. വല്ല ശാപവും കിട്ടിയാല്‍ ഏഴു പ്രാവശ്യം ജനിക്കേണ്ടിയും വന്നേക്കാം. വളരെ സൂക്ഷിച്ചിരിക്കണം. ചെറിയൊരു ആഗ്രഹംപോലും ബാക്കിയുണ്ടെങ്കില്‍ മനുഷ്യനായി ജനിക്കേണ്ടിവരും.’ – ശ്രീരാമകൃഷ്ണന് നല്കുന്ന മുന്നറിയിപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: