കൊച്ചി. ഒരു രാജ്യം ഒരു പെന്ഷന് എന്ന പ്രചാരണത്തിന്റെ പേരില്‍ ആര്‍എസ്എസിനെതിരെ വ്യാജ വാര്‍ത്തകളുമായി ജമാഅത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമവും സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും. വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പ്രചാരണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നുള്ള വ്യാജവാര്‍ത്തകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ പ്രചരിപ്പിക്കുന്നത്. സംസ്ഥാന പോലീസ് ഇന്റലിജന്‍സ് ഇങ്ങനൊരു റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന അവകാശവാദം. എന്നാല്‍, ഇത്തരത്തിലൊരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ജന്മഭൂമിയോട് സ്ഥിരീകരിച്ചു.
വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പ്രചാരണത്തിനെതിരെ ആദ്യം രംഗത്തുവന്നത് പരിവാര്‍ സംഘടനയായ ബിഎംഎസാണ്. ഒരു രാജ്യം ഒരു പെന്ഷന് എന്ന ലളിത വേഷം കെട്ടിയ പൂതനയാണെന്നും ഇവരുടെ സൗന്ദര്യത്തില്‍ ആരും ഭ്രമിക്കകരുതെന്നുള്ള നിര്‍ദേശവും ബിഎംഎസ് നല്‍കിയിരുന്നു. ഇത് മറച്ചുവെച്ചാണ് ആര്‍എസ്എസിനെതിരെ വ്യാജവാര്‍ത്തകളുമായി മാധ്യമവും സുപ്രഭാതവും രംഗത്തെത്തിയിരിക്കുന്നത്.
ആര്‍എസ്എസിന്റെ കീഴിലുള്ള പരിവാര്‍ സംഘടനയായ ബിഎംഎസ് ഈ പ്രചരണത്തെ ആദ്യമേ തള്ളിക്കളഞ്ഞതാണ്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കം. ഈ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കൂടിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടുവരുന്നു. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു നിയമം ,ഒരു റാങ്ക് ഒരു പെന്ഷന് തുടങ്ങിയ ജനങ്ങള്‍ നെഞ്ചേറ്റിയ തീരുമാനങ്ങളുടെ തണല്‍ പറ്റിയാണ് ഈ മുദ്രാവാക്യത്തെയും ഉയര്‍ത്തി കൊണ്ടുവരുന്നതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ്കെ.കെ.വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു.
ഋജു ബുദ്ധികളായ കുറേ ആള്‍ക്കാരേ ആകര്‍ഷിക്കാന്‍ ഈ മുദ്രാവാക്യത്തിന് കഴിഞ്ഞിട്ടുണ്ടാവണം. എല്ലാവര്ക്കും പെന്ഷന് എന്നതും ഒരു രാജ്യം ഒരു പെന്ഷന് എന്നതിലെ വ്യത്യാസവും കുടിലതയും മനസ്സിലാക്കാത്തവരാണ് പലരും. ഇന്ത്യയിലെ ശക്തവും ഒപ്പം അനിവാര്യവുമായ സിവില്‍ സര്‍വ്വീസിനെ അട്ടിമറിക്കാന്‍ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കുകയുള്ളു. ലോകത്തിലെ ഏറ്റവും ശക്തവും മാതൃകാപരവുമായ ജനാധിപത്യം നിലനില്‍ക്കുന്നത് ഭാരതത്തിലാണ്.
യുവജനങ്ങളെ സാവകാശം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തി സാവകാശം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രത്യക്ഷത്തില്‍ ആകര്‍ഷകമായ ഈ മുദ്രാവാക്യം ഉയര്‍ത്തുന്നവരുടെ ലക്ഷ്യം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല മാര്‍ഗ്ഗവും നോക്കി പരാജയപ്പെട്ടവരാണ് ഇതിന്റെ പിന്നില്‍. 2024 ലെ ദേശീയ തിരഞ്ഞെടുപ്പാണ് ഈ മുദ്രാവാക്യത്തിന്റെ പിന്നില്‍ കാണാമറയത്തിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ ലക്ഷ്യം. ഒരു രാജ്യം ഒരു ശമ്പളം, ഒരു രാജ്യം ഒരു വരുമാനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്താണാവോ ഇവര്‍ ഉയര്‍ത്താത്തതെന്നും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: