വൈദര്‍ഭിയായ ഭാര്ഗ്ഗവന് പിപ്പലാദനുമുന്നിലവതരിപ്പിച്ച പ്രശ്നത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
1. ഭഗവന്‍! കതി ഏവ ദേവാഃ പ്രജാം വിധാരയന്തേ? (എത്ര ദേവന്മാരാണ് ശരീരരൂപമായ പ്രജയെ നിലനിര്‍ത്തുന്നത്?)
2. കതരേ ഏതത് പ്രകാശയന്തേ? (ജ്ഞാനേന്ദ്രിയങ്ങളെന്നും കര്‍മേന്ദ്രിയങ്ങളെന്നും രണ്ടായി പിരിയുന്ന ഇവയിലേതാണ് സ്വമാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നത്?)
3. ഏഷാം വരിഷ്ഠഃ കഃ
പുനഃ? (ഇവരില്‍ അത്യന്തം ശ്രേഷ്ഠനായിട്ടുള്ളത് ആര്?)
ഒന്നാം പ്രശ്നത്തില്‍
പിപ്പലാദന്‍ സര്‍ഗപ്രക്രിയയെക്കുറിച്ച് വിശദമായി കബന്ധിക്ക് പറഞ്ഞുകൊടുത്തു. ഏതേതെല്ലാം ഇന്ദ്രിയങ്ങളാണ് ഈ ശരീരത്തിന്റെ നിലനില്‍പ്പിന് ഹേതുഭൂതങ്ങള്‍? അവയില്‍ ഏതെല്ലാമാണ് സ്വമാഹാത്മ്യത്തെ വിളംബരം ചെയ്യുന്നത്? അവയില്‍ പ്രധാനി ആരാണ്? ഭാര്‍ഗ്ഗവന്റെ മൂന്ന് ചോദ്യങ്ങള്‍ക്ക് അതിദീര്‍ഘമായി മഹര്‍ഷി മറുപടി പറയുന്നു. ഏതാണ്ട് 12 മന്ത്രങ്ങള്‍ ഭാര്‍ഗവനായി ഉപനിഷത്ത് നീക്കിവച്ചിരിക്കുന്നു.
ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്ന ശരീരത്തിന്റെ ഘടകങ്ങളായ അഞ്ച് മഹാഭൂതങ്ങള്‍, വാക്ക്, മനസ്സ്, ചക്ഷുസ്സ്, ശ്രോത്രം മുതലായ കര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഇവയാണ് കാര്യരൂപങ്ങളും കാരണരൂപങ്ങളുമായ ദേവന്മാര്. നമുക്കിങ്ങനെ പറയാം. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങള്‍. വാക്ക്, കൈ, കാല്, ഗുദം, ഉപസ്ഥം എന്നിങ്ങനെ കര്‍മേന്ദ്രിയങ്ങള്‍. കണ്ണ്, കാത്, നാക്ക്, മൂക്ക്, ത്വക്ക് -ജ്ഞാനേന്ദ്രിയങ്ങള്‍. ഇവയാണ് കാര്യരൂപങ്ങളും കാരണരൂപങ്ങളുമായ ദേവന്മാര്.
മേല്‍ച്ചൊന്ന കാര്യകരണങ്ങളുടെ സംഘാതമാണ് പ്രജയുടെ ശരീരം. താനൊരുത്തന്‍ തന്നെയാണ് ഈ ശരീരത്തെ നിലനിര്‍ത്തുന്നതെന്ന് ഓരോ ഇന്ദ്രിയത്തിനും തോന്നിത്തുടങ്ങി. അഹന്ത കനത്ത് ഇന്ദ്രിയങ്ങള്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രാണന് അവരോടായി പറഞ്ഞു, ‘നിങ്ങള്‍ ഇപ്രകാരം അവിവേകം നിമിത്തം അഭിമാനിക്കാതിരിക്കുവിന്‍! ഞാന്‍ തന്നെയാണ് പ്രാണന് മുതല്‍ അഞ്ച് വിധത്തിലുള്ള വൃത്തികളോടുകൂടി കാര്യകരണസംഘാതരൂപമായ ഈ ശരീരത്തെ സൂക്ഷിച്ച് നിലനിര്‍ത്തുന്നത്, പ്രാണന്റെ ഈ വാക്കുകള്‍ ഇന്ദ്രിയദേവതകളാരുമേ വിശ്വസിച്ചില്ല. പ്രാണന് കോപാകുലനായി ദേഹംവിട്ട് പുറത്തുപോകാന്‍ ഭാവിച്ചു. പ്രാണന് പോകാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രിയങ്ങളാകവേ പ്രവര്‍ത്തനരഹിതമായി. പ്രാണന് സ്വാസ്ഥ്യത്തോടെ ദേഹത്തില്‍ നിന്നപ്പോള്‍ ഇന്ദ്രിയങ്ങളും സ്വസ്ഥങ്ങളായി.
ശരീരത്തെ ധരിക്കുന്ന ശക്തികള്‍ പലതുണ്ടെങ്കിലും പ്രമുഖമായ ധാരകശക്തി പ്രാണനാണെന്ന് പിപ്പലാദന്‍ സമര്‍ത്ഥിക്കുന്നു. ഇന്ദ്രിയമോരോന്നും സ്വന്തം മാഹാത്മ്യത്തെ പ്രകടമാക്കുന്നുണ്ട് . ശരീരത്തിലെ എല്ലാശക്തികളും പ്രാണശക്തിവിധേയമാണെന്ന ശാസ്ത്രസത്യമാണ് ഉപനിഷത്ത് വെല്ലുവിളിക്കുന്നത്. തുടര്‍ന്ന് നാം കേള്‍ക്കുന്നത് പ്രാണമഹത്വം ബോധ്യപ്പെട്ട ഇന്ദ്രിയങ്ങള്‍ പ്രാണനെ സ്തുതിക്കുന്നതാണ്. ഉപനിഷത്തിലെ ഉദാത്തകവിതയാണ് ഈ പ്രാണസ്തുതി.
ഈ പ്രാണന് അഗ്നിയായിട്ട് ജ്വലിക്കുന്നു! സൂര്യനായിട്ട് പ്രകാശിക്കുന്നു, ഇവന് മേഘമായി വര്‍ഷിക്കുന്നു. ഇവന് സത്തും അസത്തുമാകുന്നു. ഋക്കും, യജുസ്സും സാമവും യാഗവും ഇവനാകുന്നു.
ഇതാ മൂന്നാമന് കൗസല്യന്‍ കടുത്ത പ്രശ്നവുമായി പിപ്പലാദമഹര്‍ഷിയുടെ മുന്‍പിലെത്തിനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: