കോഴിക്കോട്: സൂപ്പര്‍ സ്ട്രൈക്കര്‍ ഒഗ്ബച്ചെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടുപോയതിന്റെ ആഘാതത്തില്‍ നിന്ന് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത. ഒഗ്ബച്ചെക്ക് പകരക്കാരനായി മറ്റൊരു സൂപ്പര്‍താരം കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നു.
32 വയസ്സുള്ള ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍ ആണ് ടീമിലെത്തുന്നത്. ഒരുവര്‍ഷത്തെ കരാറാണ് താരവുമായി ഒപ്പിട്ടിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് ക്ലബ് വെല്ലിങ്ടണ്‍ ഫീനിക്സില്‍ നിന്നാണ് താരം കേരളത്തിലേക്ക് എത്തുന്നത്.
1995-ല്‍ ടോട്ടനത്തിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ ഹൂപ്പര്‍ പിന്നീട് വിവിധ ക്ലബുകള്‍ക്കായി കളിച്ചു. സ്കോട്ടിഷ് ക്ലബ് സെല്‍റ്റിക്, പ്രീമിയര്‍ ലീഗ് ക്ലബ് നോര്‍വിച്ച് സിറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കുവേണ്ടിയും കളിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം ന്യൂസിലാന്‍ഡ് ക്ലബിലേക്ക് ചേക്കേറിയത്.
അതിന് മുന്‍പ് ഇംഗ്ലണ്ടിലെ സെക്കന്‍ഡ്, തേഡ് ഡിവിഷനുകളില്‍ വിവിധ ടീമുകള്‍ക്കായി കളിച്ച ഹൂപ്പര്‍ 2010-ല്‍ സെല്‍റ്റിക്കില്‍ എത്തിയതോടെയാണ് തലവര തെളിയുന്നത്. മൂന്നു സീസണില്‍ സെല്‍റ്റിക്കിന് കളിച്ച ഹൂപ്പര്‍ അവര്‍ക്കായി ആകെ കളിച്ച 138 കളികളില്‍ നിന്ന് 82 ഗോളുകള്‍ അടിച്ചുകൂട്ടി. സ്കോട്ടിഷ് ചാമ്പ്യന്മാരായ സെല്റ്റിക്കിനൊപ്പം നാലു കിരീടങ്ങളും താരം നേടി. സെല്റ്റിക്കിലെ മൂന്ന് സീസണിലും ക്ലബിന്റെ ടോപ്പ് സ്കോറര്‍ ആയിരുന്നു ഹൂപ്പര്‍.
2013-ല്‍ സെല്‍റ്റിക്കില്‍ നിന്ന് നോര്‍വിച്ച് സിറ്റിയിലെത്തിയ ഹൂപ്പര്‍ അവിടെയും മികവ് തുടര്‍ന്നു. പ്രീമിയര്‍ ലീഗില്‍ പല മല്‍സരങ്ങളിലും ഹൂപ്പറിന്റെ മികവ് നോര്‍വിച്ചിനെ വിജയത്തിലേക്ക് നയിച്ചു. 2015-ല്‍ ഷെഫീല്‍ഡ് വെനസ്ഡേയില്‍. അവര്‍ക്കായി 89 കളികളില്‍നിന്ന് 31 ഗോളുകള്‍. 2019ലാണ് വെല്ലിങ്ടണ്‍ ഫീനിക്സിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണില്‍ ഫീനിക്സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതില്‍ ഗാരി ഹൂപ്പറിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
ഏകദേശം രണ്ടു കോടി രൂപയ്ക്ക് അടുത്താണ് ഹൂപ്പറിനായി ബ്ലാസ്റ്റേഴ്സ് മുടക്കിയിരിക്കുന്നതെന്നാണ് സൂചനകള്‍. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ടീമിലെ രണ്ടാം സ്ട്രൈക്കര്‍ ആയി അര്‍ജന്റീനിയന്‍ താരം ഫാകുന്‍ഡോ പെരെയ്റെയെ ബ്ലാസ്റ്റേഴ്സ് നേരത്തെ ടീമിലെത്തിച്ചിരുന്നു. ഹൂപ്പര്‍-പെരെയ്റ കൂട്ടുകെട്ട്, ഒഗ്ബച്ചെ-മെസി സഖ്യത്തിന് പകരം നില്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബ്ലാസ്റ്റേഴ്സിന് പുറമെ മറ്റ് ചില ഐഎസ്എല്‍ ക്ലബുകളും ഹൂപ്പറിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അതെല്ലാം ഒഴിവാക്കിയാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്.
പ്രതിരോധത്തിലേക്ക് മറ്റൊരു സൂപ്പര്‍ സൂപ്പര്‍ താരവുമായും ക്ലബ് കരാറിലെത്തിയേക്കുമെന്ന് സൂചനകളുണ്ട്. യൂറോപ്പ കപ്പില്‍ കളിച്ചിട്ടുള്ള സ്പാര്‍ട്ട പ്രാഗ് ടീമിന്റെ മുന്‍ നായകന് കോസ്റ്റ നമോയ്നെസുവിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ താരമോ ക്ലബ്ബോ ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തില്‍ ഹൂപ്പറും പ്രതിരോധനത്തില്‍ കോസ്റ്റയുമെത്തിയാല് ഇക്കുറി ആരാധകരുടെ മനസ് നിറയുന്ന പ്രകടനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിക്കിന്റെ പിടിയിലാണ് ഗാരി ഹൂപ്പര്‍. കഴിഞ്ഞ സീസണില്‍ എ ലീഗിലെ അവസാന മത്സരങ്ങള്‍ പരുക്കുമൂലം നഷ്ടമാവുകയും ചെയ്തു. എ ലീഗ് പുനരാരംഭിച്ചപ്പോള്‍ കൊറോണ ഭീഷണി അവഗണിച്ച് കളിക്കാന്‍ പറന്നെത്തിയിട്ടും കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല. ഇനി ഹൂപ്പറാണ് തന്റെ ഫോം തെളിയിക്കേണ്ടത്. ഹൂപ്പര്‍ മറ്റൊരു ബെര്‍ബറ്റോവ് ആവില്ലെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: