ശൈശവത്തില്‍ തന്നെ സ്വരാജ്യത്തെ വിഴുങ്ങാന്‍ വാ തുറന്നു നില്‍ക്കുന്ന വേതാളത്തെപ്പോലെ, അച്ഛന്‍ വേണോ അതോ സ്വരാജ്യമോ എന്ന പ്രശ്‌നം ശിവാജിയുടെ മുന്നില്‍ ചോദ്യചിഹ്നമായി. രാജഗഡില്‍ ഉണ്ടായിരുന്ന എല്ലാവരും കിം കര്‍ത്തവ്യതാ മൂഢരായി നിന്നു. അപ്പോഴേക്കും വജീര്‍ ഫത്തേഖാന്‍ അടുത്തെത്തിയിരിക്കുന്നു എന്ന വാര്‍ത്ത വന്നു. ചിന്തിച്ചു നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. ശിവാജി തീരുമാനമെടുത്തു-കീഴടങ്ങാന്‍ സാധ്യമല്ല. യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു, യുദ്ധസന്നാഹങ്ങള്‍ ആരംഭിച്ചു. ആയിരമോ ആയിരത്തിയിരുന്നുറോളമോ സൈനികര്‍ മാത്രമാണ് സ്വരാജ്യത്തിനുണ്ടായിരുന്നത്. ആയുധങ്ങളും പറയാന്‍ മാത്രം ഉണ്ടായിരുന്നില്ല. പുരന്ദര്‍ കോട്ടയില്‍നിന്നുകൊണ്ട് ഫത്തേഖാനെ നേരിടണം എന്നു നിശ്ചയിച്ചു. കോട്ട ശിവാജിയുടെ കൈവശമായിരുന്നില്ല, ബീജാപ്പൂരിന്റെ അധീനതയിലായിരുന്നു. ബീജാപൂരിന്റെ അധീനതയിലായിരുന്നു. പുരന്ദര്‍ കോട്ടയില്‍നിന്നുകൊണ്ട് ബീജാപ്പൂരിന്റെ സേനയെ നയിച്ചുവരുന്ന ഫത്തേഖാനെ നേരിടാനാണ് ശിവാജി നിശ്ചയിച്ചത്. വിചിത്രം തീരുമാനം. ഇതായിരുന്നു അദ്ദേഹത്തിന്റെ കാര്യശൈലി.
പുരന്ദര്‍ദുര്‍ഗത്തിന്റെ സംരക്ഷകന്‍ വൃദ്ധനായ മഹദാജി നീലകണ്ഠറാവു, ശഹാജിരാജേയുടെ സുഹൃത്തായിരുന്നു. സുഹൃത്തിന്റെ പുത്രനായ ശിവാജി സ്വരാജ്യത്തിനുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തില്‍ അതീവ സന്തുഷ്ടനായിരുന്നു മഹദാജി. ഒരിക്കല്‍ ശിവാജിയെ പുകഴ്‌ത്തുകയും ചെയ്തു. ശിവാജി തന്റെ ലഘുസൈന്യവുമായി ദുര്‍ഗത്തിന്റെ അടിഭാഗത്തെത്തി, മഹദാജിയോടപേക്ഷിച്ചു, വലിയച്ഛാ ആപത്തില്‍പ്പെട്ടിരിക്കുന്നു. അഭയം തന്നു സഹായിക്കണം. മഹദാജി അവര്‍ക്ക് അഭയംകൊടുത്തു. ജീവിതകാലം മുഴുവന്‍ ബീജാപ്പൂരിന്റെ സേവനം ചെയ്ത് ഭ്രാന്ത് പിടിച്ച അദ്ദേഹം കോട്ട വാതില്‍ തുറന്നു. ശിവാജി തന്റെ സൈന്യത്തോടൊപ്പം കോട്ടയില്‍ പ്രവേശിച്ചു, തയ്യാറെടുപ്പുകള്‍ തുടങ്ങി.
ഫത്തേഖാന്‍ ശിവാജിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തന്നെ മറ്റൊരു സേനാപതി മുസേര്‍ഖാനെയും ആദില്‍ശാഹി ശിവാജിയെ ആക്രമിക്കാന്‍ മറ്റൊരു മാര്‍ഗത്തില്‍ കൂടി അയച്ചിട്ടുണ്ടായിരുന്നു. ഫത്തേഖാന്‍ പുരന്ദര്‍കോട്ട ആക്രമിച്ചപ്പോള്‍ മുസേര്‍ഖാന്‍ ശിരവള കോട്ടയാണ് ആക്രമിച്ചത്. ശിവാജിയുടെയും മിത്രങ്ങളുടെയും ആദ്യത്തെ അഗ്നിപരീക്ഷയായിരുന്നു ഇത്. ശിവാജി സ്വമിത്രങ്ങളോട് ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. എരിതീയില്‍ എണ്ണയെന്നപോലെ സ്വരാജ്യസൈനികരുടെ യുദ്ധോത്സാഹം നിറഞ്ഞൊഴുകി. ശിവാജി എല്ലാവര്‍ക്കും ചുമതലകള്‍ നിശ്ചയിച്ചുകൊടുത്തു. ഈ യുദ്ധപരീക്ഷയില്‍ എല്ലാവരും ജയിച്ചു. ശിരവളയുദ്ധവും പുരന്ദര്‍യുദ്ധവും ശിവാജി വിജയിച്ചു. ബീജാപ്പൂര്‍ സൈന്യം പരാജയപ്പെട്ടു. ഫത്തേഖാന്‍ പടക്കളം വിട്ട് പലായനം ചെയ്തു. മുസേര്‍ഖാനെ ശിവാജിയുടെ യുവസൈനികര്‍ ഖണ്ഡിച്ചുകളഞ്ഞു. ഈ സംഭവം നടന്നത് 1648ല്‍ ആയിരുന്നു.
ഈ യുദ്ധത്തില്‍ ശിവാജിക്ക് ഒരു ആഘാതം ഏറ്റു. അദ്ദേഹത്തിന്റെ വലതു കൈയായി അറിയപ്പെട്ടിരുന്ന ബാജി പാസല്‍കര്‍ കൊല്ലപ്പെട്ടു. സഹ്യാദ്രി പര്‍വതനിരകളില്‍ വികസിച്ച ഒരു ഹൃദയ പുഷ്പം സ്വരാജ്യദേവതയുടെ പാദകമലങ്ങളില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം ബെംഗളൂരില്‍ നിന്നും ശുഭവാര്‍ത്ത വന്നു. സംഭാജി ഫര്‍രാദഖാന്റെ സൈന്യത്തെ അംബേ പരാജയപ്പെടുത്തിയെന്നായിരുന്നു ആ വാര്‍ത്ത.
ശഹാജിയെ ബീജാപ്പൂരിന്റെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യം. ബെംഗളൂരിലും പൂണെയിലും ശഹാജിരാജേയുടെ പുത്രന്മാരോട് തോറ്റ ആദില്‍ശാഹി അതിന്റെ പ്രതികരണം അച്ഛനില്‍ തീര്‍ക്കുമോ എന്നവര്‍ ഭയപ്പെട്ടു. ചിന്താമഗ്നനായ ശിവാജി അതിനുമൊരുപായം കണ്ടെത്തി. ദല്‍ഹിയിലെ മുഗള്‍ ചക്രവര്‍ത്തിക്ക്, ഷാജഹാന് ഒരു പത്രം അയച്ചു. ഞാനും എന്റെ പിതാവും ദല്‍ഹി സിംഹാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നു. താങ്കളുടെ അനുവാദത്തിനുവേണ്ടി പ്രതീക്ഷിച്ചിരിക്കയാണ്. എന്നാല്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ എന്റെ അച്ഛനെ ചതിച്ച് ബന്ധനസ്ഥനാക്കി കാരാഗൃഹത്തില്‍ അടച്ചിരിക്കയാണ്. അദ്ദേഹം ജയില്‍ മുക്തനായാല്‍ ഉടന്‍ ഞങ്ങള്‍ രണ്ടുപേരും ബാദശാഹയുടെ മുന്നില്‍ ഹാജരായിക്കൊള്ളാം എന്നായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം. ഇതായിരുന്നു ശിവാജിയുടെ രാജനീതി കൗശലം.
അഫ്ജല്‍ഖാന്‍ ശഹാജിരാജയെ ബന്ധിച്ച് ബീജാപ്പൂര്‍ പട്ടണത്തില്‍ ശോഭായാത്ര നടത്തി കല്‍ത്തുറുങ്കിലടച്ചിരുന്നല്ലോ! ശഹാജി നിശ്ചയിച്ചിരുന്നു ഇനി ഞാന്‍ ജീവിച്ചിരിക്കില്ലെന്ന്. അപ്പോള്‍ ശിവാജി ദില്ലി ചക്രവര്‍ത്തിക്ക് രഹസ്യമായി പത്രം കൊടുത്തയച്ച വിവരം എങ്ങനെയോ ബീജാപ്പൂര്‍ ഭരണാധികാരികളുടെ ചെവിയിലെത്തി. മഹാശൂരന്മാരായ ശഹാജിയേയും ശിവാജിയേയും ദില്ലി ചക്രവര്‍ത്തിക്ക് ലഭിച്ചാല്‍, ബീജാപ്പൂരിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ദില്ലി സിംഹാസനം ശഹാജിയേയും ശിവാജിയേയും ഉപയോഗിക്കും എന്ന ഭയം ബീജാപ്പൂരിനുണ്ടായി. ശഹാജിക്ക് വെച്ച കുരുക്ക് ഇപ്പോള്‍ ബീജാപ്പൂരിന്റെ കഴുത്തില്‍ തന്നെ വീണു.
ദില്ലി ബാദുഷ ഷാജഹാന്‍, നമ്മുടെ സൈന്യാധിപനെ ബീജാപ്പൂര്‍ ശാസനം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവരം കിട്ടിയിരിക്കുന്നെന്നും, ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ യുദ്ധത്തെ നേരിടേണ്ടിവരുമെന്നും ആജ്ഞാപത്രം അയച്ചാല്‍ നമ്മുടെ സ്ഥിതിയെന്താകും. ശഹാജിയെ മോചിപ്പിച്ചില്ലെങ്കില്‍ സംഭാജിയും ശിവാജിയും ചേര്‍ന്ന് ദില്ലിയില്‍ നിന്നുള്ള സൈന്യസഹായത്തോടെ ബീജാപ്പൂരിനെ ആക്രമിച്ചാലൊ എന്നിങ്ങനെ ബീജാപ്പൂര്‍ സുല്‍ത്താന്‍ വ്യാകുലപ്പെട്ടു. വളരെ ആലോചിച്ച് ശഹാജിയെ ആദരപൂര്‍വം ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ നിശ്ചയിച്ചു.
കാരാഗൃഹത്തില്‍ മരണം പ്രതീക്ഷിച്ചു കഴിയുകയായിരുന്നു ശഹാജി അന്നൊരു ദിവസം ശഹാജിക്ക് ധരിക്കാനായി പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും വന്നു. ഇത് ധരിച്ച് രാജ്യസഭയില്‍ ഹാജരാകണം എന്ന സൂചനയും കിട്ടി. (യദൃശ്ചയാ അത് ജ്യേഷ്ഠപൂര്‍ണിമാ ദിവസമായിരുന്നു. ഈ ദിവസത്തിലാണ് സാവിത്രീ ദേവി യമപാശത്തില്‍നിന്ന് ഭര്‍ത്താവായ സത്യവാനെ മോചിപ്പിച്ചതെന്ന് ഐതിഹ്യം) ജീജാബായിയുടെ പ്രാര്‍ത്ഥനാഫലമായിരിക്കാം ശഹാജി മോചിതനായി. ഈ വിവരം ലഭിച്ച ശഹാജി അദ്ഭുതപ്പെട്ടു. മകന്റെ സാമര്‍ത്ഥ്യത്തില്‍ അഭിമാനംകൊണ്ടു.
ശഹാജി സഭയില്‍ ഹാജരായി. ആദില്‍ശാഹി ശഹാജിയോടായി പറഞ്ഞു, താങ്കളുടെമേല്‍ ചില തെറ്റിദ്ധാരണകളുണ്ടായതിന്റെ പേരിലാണ് ഇതെല്ലാം സംഭവിച്ചത്. ഇപ്പോള്‍ നമ്മള്‍ അതില്‍ പശ്ചാത്തപിക്കുന്നു. താങ്കളുടെ പരാക്രമം കൊണ്ടാണ് ബീജാപ്പൂരിന്റെ ഗൗരവം നിലനില്‍ക്കുന്നത,് എന്നിങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞു. അവസാനം താങ്കള്‍ ബെംഗളൂര്‍ നഗരവും ശിവാജി കൊണ്ഡാണാദുര്‍ഗവും ബീജാപൂരിന് നല്‍കണം എന്ന വ്യവസ്ഥയും പറഞ്ഞു. ഈ വ്യവസ്ഥ ശഹാജിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും മറ്റുപായങ്ങളില്ലാത്തതുകൊണ്ട് അത് അംഗീകരിച്ചു, ശിവാജിക്ക് പത്രമെഴുതി.
കൊണ്ഡാണകോട്ട ബീജാപ്പൂരിന് തിരിച്ചുകൊടുക്കണം എന്ന വ്യവസ്ഥ ശിവാജിയെ വളരെയധികം ദുഃഖിപ്പിച്ചു. അദ്ദേഹം വയോവൃദ്ധനായ മന്ത്രി സോനോപന്ത് ഡബീരന്റെ മുന്‍പില്‍ ഈ വിഷയം അവതരിപ്പിച്ചു. കൊണ്ഡാണകോട്ട വിട്ടുകൊടുക്കുന്നതില്‍ തനിക്കുള്ള വിമുഖതയും അറിയിച്ചു. സോനോപന്ത് ശിവാജിയെ ബോദ്ധ്യപ്പെടുത്തി, ശഹാജിയുടെ മോചനത്തിനായി കൊണ്ഡാണ കോട്ടവിട്ടു കൊടുക്കുന്നത് വലിയ വിഷയമല്ല. അച്ഛനോളം മൂല്യം കൊണ്ഡാണാ കോട്ടക്കില്ല. മാത്രമല്ല വീണ്ടും നമുക്ക് ആ കോട്ട ജയിക്കാന്‍ സാധിക്കും. മാത്രമല്ല സാഹസികനും പരാക്രമിയുമായ ഒരാള്‍ക്ക് സമ്പൂര്‍ണ ഭൂമി തന്നെ ജയിക്കാന്‍ സാധിക്കും. താന്‍ അച്ഛനു തുല്യം ആദരിച്ചിരുന്ന സോനോപന്ത്ജിയുടെ വാക്കുകള്‍ കേട്ട് ശിവാജിയുടെ മനസ്സ് ശാന്തമായി. ഞാന്‍ തെറ്റായാണ് ചിന്തിച്ചത്. താങ്കള്‍ പറഞ്ഞതാണ് ശരി. കൊണ്ഡാണ കോട്ട വിട്ടുകൊടുത്തു. സംഭാജി ബെംഗളൂരും വിട്ടുകൊടുത്തു. ശഹാജി ജയില്‍ മുക്തനായി. 1649 മെയ് മാസത്തിലായിരുന്നു ശഹാജിരാജെ ജയിലില്‍നിന്ന് മോചിതനായത്.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: