കണ്ണൂര്‍: ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗം പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലുണ്ടായ മുഴുവന്‍ അക്രമ സംഭവങ്ങളെയും യോഗം അപലപിച്ചു. കൊലപാതകത്തിന്റെ മറവില്‍ പ്രദേശത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുളള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ പൊലീസിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.
സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തില്‍ സര്‍വകക്ഷി സമാധാന യോഗങ്ങള്‍ നടത്താനും തീരുമാനമായി. ജില്ലാതലത്തിലും പ്രാദേശികതലത്തിലും ആവശ്യമായ സ്ഥലങ്ങളില്‍ ബന്ധപ്പെട്ട കക്ഷികളെ പങ്കെടുപ്പിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും നടപടി സ്വീകരിക്കും. എല്ലാ അക്രമസംഭവങ്ങളിലും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് ഉറപ്പ് നല്കി.
കണ്ണവത്തെ കൊലപാതക കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര യോഗത്തില്‍ അറിയിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും. ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോകും. പൊന്ന്യത്തെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സഹായികളടക്കമുള്ള മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങളില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനും സാധ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുമെന്നും ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാവണമെന്നും എസ്പി അറിയിച്ചു.
ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ആത്മാര്‍ഥമായി സഹകരിക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അഭ്യര്‍ഥിച്ചു. പ്രാദേശിക തലത്തില്‍ സമാധാനവും ജനങ്ങളുടെ ഐക്യവും എല്ലാ പാര്‍ട്ടികളിലെയും ജില്ലാ നേതൃത്വം ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍ സി. സീനത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.വി. ജയരാജന് (സിപിഐഎം), എന്‍ ഹരിദാസ് (ബിജെപി), ഒ രാഗേഷ് (ആര്‍എസ്എസ്), സതീശന് പാച്ചേനി (ഐഎന്‍സി), അബ്ദുള്‍ കരീം ചേലേരി (മുസ്ലിം ലീഗ്), അഡ്വ. പി സന്തോഷ്കുമാര്‍ (സിപിഐ), ബഷീര്‍ അബൂബക്കര്‍ (എസ്ഡിപിഐ) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: