കൂത്തുപറമ്പ്: സൗജന്യ ഓണക്കിറ്റില്‍ ലഭിച്ച ശര്‍ക്കര ഉരുക്കിയപ്പോള്‍ പ്ലാസ്റ്റിക് ഗ്ലാസ്സും പേപ്പറും. നീര്‍വേലിയിലെ ടി.കെ. ഓമനയുടെ വീട്ടില്‍ ലഭിച്ച ശര്‍ക്കരയിലാണ് പ്ലാസ്റ്റിക് ഗ്ലാസ്സും പേപ്പറും കണ്ടത്. ഓണത്തിന് റേഷന്‍കട വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ സാധനങ്ങളെല്ലാം നിലവാരം കുറഞ്ഞതാണെന്ന ആക്ഷേപം സംസ്ഥാനമൊട്ടുക്കും വ്യാപകമാണ്.
ഓണക്കിറ്റില്‍ ലഭിച്ച ശര്‍ക്കരയെ കുറിച്ച് ആക്ഷേപം ഉയര്‍ത്തിനെ തുടര്‍ന്ന് പലരും ഉപയോഗിക്കാന്‍ മടിച്ചിരുന്നു. കഴിഞ്ഞ ചതയ ദിനത്തിന്റെ പിറ്റേന്നാണ് അളകാപുരി നീര്‍വേലി റോഡിലുള്ള റേഷന്‍ കടയില്‍ നിന്ന് ഓമന ഓണക്കിറ്റ് വാങ്ങുന്നത്. ശര്‍ക്കരയുടെ വലിയ കട്ട വെള്ളിയാഴ്ച വൈകുന്നേരം ഉരുക്കിയപ്പോഴാണ് പ്ലാസ്റ്റിക് ഗ്ലാസ്സും പേപ്പറും കാണാനിടയായത്.
മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ സര്‍ക്കാര്‍ തന്നെ ഓണക്കിറ്റ് വഴി വിതരണം ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാരിന്റെ ഇത്തരം നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികരിക്കുമെന്നും ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് നീര്‍വേലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: