കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജിലെ വിവധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം നല്കിയ മുന്നറിയിപ്പുകള്‍ യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്ന തരത്തിലായിരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മരണമുണ്ടായേക്കാമെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. രോഗികള്‍ വര്‍ധിക്കുമെന്നും വെന്റിലേറ്ററുകളുടെ ക്ഷാമമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരും റോഡില്‍ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവര്ക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളില്‍ രോഗം പടരാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രിയാണ് ഇപ്പോള്‍ ഇല്ലായ്മകളെക്കുറിച്ചു പറയുന്നത്. ഇത് മുന്നറിയിപ്പല്ല, കേരളം കാണാനിരിക്കുന്ന വീഴ്ചകള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാന്നാണ് വിമര്‍ശനം ഉയരുന്നത്.
ട്രീറ്റ്മെന്റ് സെന്ററുകള്‍ ദുരിത കേന്ദ്രങ്ങള്‍
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഓരോ ജില്ലയിലും സജ്ജീകരിച്ചിരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) രോഗികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഒഴിവ് നോക്കി 25 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കേണ്ട അവസ്ഥയാണ്. എഫ്എല്‍ടിസികളിലെ ഭക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ആക്ഷേപങ്ങളുണ്ട്. കൊവിഡ് രോഗികള്‍ ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ പലയിടത്തും ഹോട്ട്വാട്ടര് മെഷീനുകള്‍ ഇല്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തനരഹിതവും. പെഡസ്റ്റല്‍ ഓപ്പറേറ്റിങ്ങ് സാനിറ്റേഷന്‍ മെഷീന്, സെന്‍സര്‍ ഓപ്പറേറ്റിങ്ങ് സാനിറ്റേഷന്‍ മെഷീന് എന്നിവയൊന്നും സ്ഥാപി
ച്ചിട്ടില്ല. ശുചീകരണ തൊഴിലാളികള്‍ വേണ്ടത്ര ഇല്ലാത്തതു കാരണം രോഗികളുടെ കിടപ്പുമുറികള്‍ വൃത്തിഹീനമാണ്. ശൗചാലയത്തിന്റെ സ്ഥിതിയും പരിതാപകരമാണ്. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സിഎഫ്എല്‍ടിസിയിലെ രോഗികള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന വിവരം പുറത്ത് വന്നത് അടുത്തിടെയാണ്.
കുഞ്ഞുകുട്ടികള്‍ മുതല്‍ പലവിധ അസുഖങ്ങളുള്ള പ്രായം ചെന്നവര്‍ വരെ ചികിത്സയ്ക്കെത്തിയ സെന്ററില്‍ നിന്നാണ് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നില്ലെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നുമുള്ള പരാതി ഉയരുന്നത്. പാതിവെന്ത ആഹാരമാണ് മിക്കപ്പോഴും നല്‍കുന്നത്. രോഗികളായ പലരും ഇത് കളയുകയാണ്. അമിത രക്തസമ്മര്‍ദമുള്ള രോഗികള്‍ക്കു അധികമായി ഉപ്പ് കലര്‍ന്ന ഭക്ഷണമാണ് നല്‍കുന്നത്.
കൃത്യസമയത്തുതന്നെ ഭക്ഷണം കഴിക്കാനാകാതെ പ്രമേഹരോഗികള്‍ വലിയ കഷ്ടതയാണ് അനുഭവിക്കുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കാനാകാതെ രോഗികള്‍ പട്ടിണി കിടക്കുകയാണെന്നും നിരീക്ഷണത്തിലുള്ളവര്‍ പുറത്തു വിട്ട വീഡിയോയിലൂടെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: