തിരുവനന്തപുരം : മയക്കുമരുന്ന് കേസിലെ പ്രതികള്‍ കേരളത്തിലേക്ക് ലഹരിമരുന്നുകള്‍ കടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട്. കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് എത്തിച്ചതായും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍സിബി) കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു.
ദക്ഷിണേന്ത്യയിലെ മുന്‍നിര ചലച്ചിത്ര താരങ്ങളെ കൂടാതെ വ്യവസായികളും സിനിമാ നിര്‍മാതാക്കളും മയക്കുമരുന്ന് കേസില്‍ പ്രതികളാണ്. ഇവരുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം ശേഖരിച്ചിട്ടുണ്ട്. ലഹരിക്കടത്തിനായി വന്‍തോതില്‍ കണക്കില്‍ പെടാത്ത പണം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെ മലയാളത്തിലെ ചില സിനിമകളില്‍ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെട്ട നിയാസ് മുഹമ്മദില്‍ നിന്നും സിനിമാ മേഖലയിലെ ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ടുകള്‍.
അനൂപ് കേരളത്തില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബിനീഷ് പല തവണ അനൂപിന് സാമ്പത്തിക സഹായങ്ങളും നല്‍കിയിട്ടുണ്ട്.
അതേസമയം ബിനീഷിന് ലഹരിക്കടത്തിലുള്ള ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍സിബി അടുത്തയാഴ്ച ബിനീഷിനെ ചോദ്യം ചെയ്തേക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അടുത്തിടെ എന്‍ഫോഴ്സ്മെന്റ് മണിക്കൂറുകളോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് എന്‍സിബി എന്ഫോഴ്സ്മെന്റിനോട് തേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: