ന്യൂദല്‍ഹി: കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നും അത് സോണിയ കുടുംബത്തിനു പുറത്തു നിന്നാവണമെന്നും കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരായ പ്രതികാര നടപടി തുടരുന്നു. നീക്കത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളും പാര്‍ട്ടിയിലെ സമുന്നതനായ നേതാവുമായ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നു നീക്കി.
പകരം, മുന്‍ മന്ത്രി താരിഖ് അന്‍വറിന് ആ സ്ഥാനത്തേക്ക് നിയോഗിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയ 23 അംഗ സംഘത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു ആസാദ്.കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിത അംഗമായുമാണ് താരിഖിനെ നിയമിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റിനെ സഹായിക്കുന്ന ആറംഗ സമിതിയില്‍ കത്തെഴുതിയ ക്യാമ്പിലെ മുകുള്‍ വാസ്നിക്കിനെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഗാന്ധി കുടുംബത്തിലെ വിശ്വസ്തരായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍, അംബിക സോണി, കെ സി വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: