തൃശൂര്‍: ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 300 കടന്ന് രോഗവ്യാപനം. 300 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 323 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 300 കടന്നതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ കടുത്ത ആശങ്കയിലാണ്.രോഗം സഥിരീകരിക്കുന്നവരില് തൊണ്ണൂറ് ശതമാനത്തിന് മുകളിലും സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരാഴ്്ചക്കുള്ളില് രോഗികളുടെ എണ്ണം ജില്ലയില്‍ പ്രതിദിനം ആയിരത്തിന് മുകളിലെത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
ക്ളസ്റ്ററുകളുടേയും കണ്ടൈന്‍മെന്റ് സോണുകളുടേയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും ആശങ്കപ്പെടുത്തുന്നതാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഇവരുടെ റൂട്ട് മാപ്പ്് തയ്യാറാക്കലും സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കലും ശ്രമകരമായ ദൗത്യമായി മാറുകയാണ്. നിരീക്ഷണത്തില്‍ കഴിയാനുള്ള മടി നിമിത്തം പലരും വിവരങ്ങല്‍ മറച്ചുവക്കുന്നതായും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നു.
ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും രോഗലക്ഷണമുള്ളവരെപ്പോലും പ്രതിദിനം പൂര്‍ണ്ണമായി ടെസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. നിലവില്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റാണ് നടത്തുന്നത്. ഇതില്‍ പോസിറ്റീവാകുന്നവരെയാണ് മറ്റ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കുന്നത്. ആന്റിജന്‍ ടെസ്റ്റിന് വിശ്വാസ്യത കുറവാണെന്നും പലപ്പോഴും ഇതിലൂടെ രോഗബാധ സ്ഥിരീകരിക്കാനാകില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ പറയുന്നു.
മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കുകയാണ് രോഗബാധ തടയാനുള്ള ഒരേയൊരു വഴി. പലപ്പോഴും ഇതവഗണിക്കുന്നതും അശ്രദ്ധ കാണിക്കുന്നതും കൂടുതല്‍ പേരിലേക്ക് രോഗംവ്യാപിക്കാന് ഇടയാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: