ബെംഗളൂരു: കലബുറഗി ജില്ലയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഭൂമിക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന 1350 കിലോ കഞ്ചാവ് ബെംഗളൂരു പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജ്ഞാനശേഖര്‍ (37), വിജയപുര സിന്ദഗി സ്വദേശി സിദ്ധുനാഥ് ലാവറ്റെ (22), ബിദാര്‍ ആരുഡ് സ്വദേശി നാഗനാഥ് (39), ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഉടമ ചന്ദ്രകാന്ത് (34) എന്നിവര്‍ അറസ്റ്റിലായി. ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടെ ശേഷാദ്രിപുരം പോലീസ് പിടികൂടിയ ജ്ഞാനശേഖറെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കഞ്ചാവു വേട്ടയിലേക്ക് എത്തിയത്.
ഒഡിഷയില്‍ നിന്ന് പച്ചക്കറി ലോറികളിലാണ് കഞ്ചാവ് കര്‍ണാടകയില്‍ എത്തിച്ചിരുന്നത്. രഹസ്യകേന്ദ്രത്തില്‍ സൂക്ഷിക്കുന്ന കഞ്ചാവ് സംസ്ഥാനത്തുടനീളവും മഹാരാഷ്ട്രയിലും വരെ വില്‍പ്പന നടത്തിയിരുന്നതായി ശേഷാദ്രിപുരം പോലീസ് പറഞ്ഞു.
നാഗനാഥ് എത്തിക്കുന്ന കഞ്ചാവ് ചന്ദ്രകാന്തിന്റെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ രഹസ്യകേന്ദ്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. സിദ്ധുനാഥ് ലാവെറ്റെയാണ് ബെംഗളൂരുവിലെ ഇടനിലക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: