1893 സെപ്റ്റംബര്‍ 11 ന് സ്വാമിവിവേകാനന്ദന് അമേരിക്കയിലെ ചിക്കാഗോയില്‍ ഭാരതസൗഹൃദത്തിന്റെ മികച്ച മാതൃക അവതരിപ്പിക്കുകയുണ്ടായി. ‘എന്റെ അമേരിക്കയിലെ സഹോദരി സഹോദരന്മാരെ’ എന്ന് തുടങ്ങി ഭാരതീയ പാരമ്പര്യത്തിന്റെ മഹത്തായ കാഴ്ചപ്പാട് നാല് മിനിറ്റിനകം, ഒരു സൂത്രം പോലെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വാമി വിവേകാനന്ദന് പ്രഖ്യാപിക്കുകയായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെയും ദര്‍ശനത്തിന്റെയും കാഴ്ചപ്പാടാണ് സ്വാമിജി മുന്നോട്ട് വെച്ചത്. ആരെയും മാറ്റിനിര്‍ത്തിയല്ല മറിച്ച് എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയാണ് ഭാരതം പുരോഗമിച്ചിട്ടുള്ളത്. ആ സമീപന രീതിയാണ് ലോകത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു സെപ്റ്റംബര്‍ 11 നാണ് (2001) അമേരിക്കയിലെ ഇരട്ട ടവറുകള്‍ ഭീകരവാദികള്‍ മതത്തിന്റെ പേരില്‍ തകര്‍ത്തത്. മതമെന്നാല്‍ അനുഭൂതിയെന്നാണ് സ്വാമികള്‍ വിവരിച്ചത്. എന്നാല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് ആയിരങ്ങളെ കൊന്നത് മതത്തെ ദുരുപയോഗപ്പെടുത്തിയായിരുന്നു. അവര്‍ മതത്തെ ഭീകരശക്തിയാക്കി മാറ്റുകയായിരുന്നു.
ചിക്കാഗോ നഗരത്തില്‍ നടന്ന ധര്മ്മമഹാസഭ കൊളമ്പസ് അമേരിക്കയെ കണ്ടെത്തിയതിന്റെ നാനൂറാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു. ആരായിരുന്നു കൊളമ്പസ്? ജീവിതത്തെ ആഘോഷമായി കണ്ട ഭോഗസുഖത്തില്‍ രമിച്ച മനുഷ്യനായിരുന്നു, ഭോഗസുഖത്തില്‍ മതിമറന്ന് ജീവിതം അവസാനിച്ചുപോകുമോ എന്ന ആധിയില്‍ നിന്ന് ജീവിതത്തില്‍ എന്തെങ്കിലും മഹത്തായ കാര്യം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് വിഖ്യാതമായ ഭാരതത്തെ കണ്ടെത്താന്‍ കൊളമ്പസ് പുറപ്പെടുന്നത്. മറ്റുള്ളവര്‍ പറയുന്നത് അവഗണിക്കുന്ന അഹങ്കാരിയായ കൊളമ്പസിന് പക്ഷെ തെറ്റു പറ്റി. കൊളമ്പസിന്റെ യാത്ര വഴിതെറ്റിയെത്തിയത് ‘റെഡ് ഇന്ത്യ’ക്കാരുടെ ആവാസകേന്ദ്രത്തിലായിരുന്നു. അങ്ങനെയാണ് കൊളമ്പസ് ആ സ്ഥലത്തിന് റെഡ് ഇന്ത്യ എന്ന പേര് നല്‍കുന്നത്. കൊളമ്പസ് കരുതിയത് താന്‍ ഭാരതത്തില്‍ എത്തിച്ചേര്‍ന്നു എന്നതാണ്. ജീവിതത്തിന് ആദര്‍ശത്തിന്റെ പിന്‍ബലമില്ലെങ്കില്‍ കൊളമ്പസിനെ പോലെ നാം മറ്റെവിടെയെങ്കിലും എത്തിച്ചേരും. തെറ്റായ സ്ഥലങ്ങളിലേക്കായിരിക്കും ആ ജീവിതം നമ്മെ നയിക്കുക. ആദിവാസി ആവാസകേന്ദ്രത്തെ അടിച്ചമര്‍ത്തി അമേരിക്കയെന്ന രാജ്യമായി മാറുകയായിരുന്നു. അമേരിക്കയിലെത്തിയവര്‍ യൂറോപ്പില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും പുറത്താക്കപ്പെട്ടവരായിരുന്നു. ക്രിസ്റ്റഫര്‍ കൊളമ്പസ് അമേരിക്കയെ കണ്ടെത്തിയതിന്റെ നാനൂറാം വര്‍ഷം ആഘോഷിക്കുന്ന ചടങ്ങായിരുന്നു, ചിക്കാഗോ കൊളമ്പിയന്‍ എക്സ്പൊസിഷന്‍ എന്ന വലിയ മേളയായി നടന്നത്. ആ ആഘോഷത്തിന്റെ ഭാഗമായാണ് മതമഹാസമ്മേളനം നടന്നത്. മതമഹാസമ്മേളനത്തില്‍ രണ്ട് വ്യത്യസ്തകാഴ്ചപ്പാടുകളാണ് ഉയര്‍ന്നു വന്നത്. ക്രിസ്തുമതം ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതമാണെന്നും അതിനെ കുറിച്ച് പ്രത്യേകിച്ച് പ്രതിപാദിക്കേണ്ടതുമില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ക്രിസ്തുമതത്തിന്റെ മഹത്വത്തെക്കുറിച്ച് ഉദ്ഘോഷിക്കണമെന്നും അതിലൂടെ മറ്റു മതങ്ങള്‍ എത്ര താഴ്ന്നതാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ വ്യക്തമാക്കാന്‍ കഴിയും എന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ വാദം. അതിന്റെ ഭാഗമായാണ് മതമഹാസമ്മേളനം തീരുമാനിച്ചത്.
ഇതിലൂടെ ലോകത്ത് മറ്റ് മതവിഭാഗങ്ങളുണ്ടെന്നും ‘ഹിന്ദു, ബൗദ്ധ, ജൈന, സൗരാഷ്ട്ര, ഷിന്റോ തുടങ്ങിയ വ്യത്യസ്ത മതവിഭാഗങ്ങളെക്കുറിച്ച് അമേരിക്കന്‍ ജനതയ്ക്ക് അറിയാനായി. മറ്റു വിഭാഗങ്ങളുടെ ദര്‍ശനങ്ങള്‍ ശ്രേഷ്ഠവും, ആദര്ശഭരിതവുമാണെന്ന് അവര്‍ക്ക് ആദ്യമായി മനസ്സിലായി. തങ്ങള്‍ മാത്രമാണ് ശ്രേഷ്ഠമെന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ ഒരു സമ്മേളനം തങ്ങളേക്കാള്‍ ശ്രേഷ്ഠമായ സംസ്കാരവും കാഴ്ചപ്പാടുമുണ്ടെന്ന തിരിച്ചറിവിലാണ് സമാപിച്ചത്. ഈ മതമഹാസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന് അവതരിപ്പിച്ച ണവ്യ ംല റശമെഴൃലല എന്ന പ്രസംഗത്തില്‍ ‘നാം കൂപമണ്ഡൂകങ്ങളാണ്, കിണറ്റിലെ തവളകളെ പോലെ നമ്മള് മാത്രമാണ് ശ്രേഷ്ഠമെന്ന് ധരിക്കുന്നത് എത്രമാത്രം സങ്കുചിതമാണെന്നും വിവരിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധങ്ങളായ ശ്രേഷ്ഠജീവിത ദര്ശനങ്ങളുണ്ടെന്നും സ്വാമിജി തുടര്‍ന്നു. അത്തരം വൈവിധ്യങ്ങളെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും വേണമെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. സ്വാമിവിവേകാനന്ദന്റെ ഗുരുഭൂതനായ ഭഗവാന് ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ ആശയമാണ് മുന്നോട്ട് വെച്ചത്. എത്ര മതങ്ങളുണ്ടോ അഥവാ എത്ര കാഴ്ചപ്പാടുകളുണ്ടോ അത്രയും മതങ്ങള്‍ ഉണ്ടാകുമെന്ന മഹത്തായ ദര്‍ശനമാണത്.
ഈശ്വരാനുഭവം നേടാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ലോകത്തില്‍ എത്രമനുഷ്യരുണ്ടോ അത്രയും മതങ്ങള്‍ ഉണ്ടാവട്ടെയെന്നായിരുന്നു സ്വാമി വിവേകാനന്ദന് മുന്നോട്ട് വച്ച ഉദാത്തമായ കാഴ്ചപ്പാട്. 2020 ല്‍ കോവിഡ് മഹാമാരിയുടെ നടുവില്‍ നാം ദുരിതമനുഭവിക്കുമ്പോള്‍ ജീവിതവും മരണവുമാണ് നമുക്ക് അനുഭവപ്പെടുന്നത്. വെറും വയറ്റില്‍ മതത്തെ മനസ്സിലാക്കാനാകില്ലെന്ന് ശ്രീരാമകൃഷ്ണപരമഹംസരും അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായ സ്വാമി വിവേകാനന്ദനും പറഞ്ഞു. ആദ്യം വിശപ്പ് മാറ്റൂ, അതിനുശേഷം മതി മതപരമായ ഉദ്ബോധനവും ആത്മീയ ഉപദേശങ്ങളും എന്നായിരുന്നു അവര്‍ മുന്നോട്ട് വെച്ചത്. ഇന്ന് സാങ്കേതിക വിദ്യകളില്‍ ലോകം ഏറെ പുരോഗമിച്ചെങ്കിലും നമ്മുടെ ജീവിത ആദര്‍ശങ്ങള്‍ താഴോട്ടുപോവുകയാണുണ്ടായത്. ജീവിത ആദര്‍ശങ്ങള്‍ ശ്രേഷ്ഠമാക്കുകയാണ് വേണ്ടത്. ഭാരതീയ പാരമ്പര്യത്തിന്റെ മഹിമ നിലനിര്‍ത്തേണ്ടതുണ്ട്. അതിലൂടെ നമുക്ക് പുരോഗമിക്കാം. സാമ്പത്തിക മേഖലയിലും അതുവഴി പുരോഗമിക്കാം. ഭാരതത്തിന്റെ പാരമ്പര്യത്തില്‍ ധനമാര്‍ജ്ജിക്കുക എന്നത് ആത്മീയതയെ ത്യജിച്ചുകൊണ്ടല്ല. മറിച്ച് നൈതിക മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഭൗതികനേട്ടം ആര്ജിക്കാമെന്നായിരുന്നു ഭാരതീയ കാഴ്ചപ്പാട്. ഇന്ന് ലോകത്ത് വ്യത്യസ്ത കാഴ്ചപ്പാടുകളും ചിന്താഗതികളും ആവശ്യമാണ്. വ്യത്യസ്ത ഭാഷകളും, മതങ്ങളും, ജീവിതശൈലികളും നമുക്കിടയിലുണ്ട്. താന്‍ മാത്രമാണ് ശ്രേഷ്ഠനെന്നചിന്ത ശരിയല്ല. തന്റേതു മാത്രമാണ് ശരിയായ സമീപനമെന്ന വിഡ്ഢിത്തം ഈ 2020ല്‍ ആവര്‍ത്തിക്കാന്‍ പാ
ടില്ല. 1893 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ സൗഹാര്‍ദ്ദ സന്ദേശം പരത്തിയ സ്വാമി വിവേകാനന്ദന് 2020 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ എത്തിയാല്‍ എന്തു പറയും. അമേരിക്കയിലെ എല്ലാ പ്രവിശ്യകളും ഇന്ന് ജാതിയുടെയും ഭേദങ്ങളുടെയും പേരില്‍ സൗഹാര്‍ദ്ദം നഷ്ടപ്പെട്ട് ശത്രുതയുടെയും വെറുപ്പിന്റെയും ഇടയിലാണ്. വിദ്വേഷത്തിന്റെ തീയാണ് അവിടെ കത്തിക്കൊണ്ടിരിക്കുന്നത്. സൗഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും വഴിയിലൂടെ പുരോഗമിക്കുന്ന മനുഷ്യവംശത്തെയാണ് സ്വാമിജി വിഭാവനം ചെയ്തത്. ആ മഹത്കാലം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ധനമാര്‍ജ്ജിച്ച് വിദ്യാഭ്യാസം നേടി ഈ മഹത്തായ ആദര്‍ശം നമുക്ക് നിലനിര്‍ത്താമെന്ന് പ്രാര്‍ത്ഥിക്കാം.
സ്വാമി നരസിംഹാനന്ദ
ശ്രീരാമകൃഷ്ണാശ്രമം,കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: