ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമുയര്‍ത്തി ചൈന. നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായി ചൈനീസ് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിര്‍ത്തിയില്‍ സുസജ്ജമായ ഇന്ത്യന്‍ സൈന്യത്തെ കണ്ട് ചൈന പിന്‍വാങ്ങുകയായിരുന്നു.
പാംഗോംങ് സോ തടാകം വഴിയാണ് ഇവര്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യത്തിന്റെ മോട്ടോര്‍ ബോട്ടുകള്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സൈന്യം ഇന്ത്യന്‍ പ്രദേശം ലക്ഷ്യമിട്ട് തടാകത്തിന്റെ തീരത്ത് എത്തിയത്. സൈനിക സംഘത്തില്‍ ഏകദേശം 40 ഓളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായാണ് വിവരം.
ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമം നടത്തിയിരിക്കുന്നത്. തിങ്കളാഴ്ചയും, കഴിഞ്ഞ ദിവസവും ചൈനീസ് സൈന്യം സമാനമായ രീതിയില്‍ ഇന്ത്യന്‍ പ്രദേശം ലക്ഷ്യമിട്ട് എത്തിയിരുന്നു. എന്നാല്‍ ഇതറിഞ്ഞ ഇന്ത്യന്‍ സൈന്യം ശക്തമായ താക്കീത് നല്‍കിയതിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പിന്മാറുകയായിരുന്നു.
അതേസമയം അതിര്‍ത്തിയിലെ സൈനികരുടെ അംഗബലം ചൈന കൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്. ചുഷുല്‍ മേഖലയില്‍ 5000 സൈനികരെയാണ് ചൈന അധികമായി വിന്യസിച്ചിരിക്കുന്നത്. ഇതോടെ പാങ്ങോങ് നദീ തീരത്തേക്ക് ഇന്ത്യയും കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളെയും എത്തിച്ചു കഴിഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് സമ്പൂര്‍ണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: