തിരുവനന്തപുരം : സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 50 ശതമാനം അധ്യാപകര്‍ക്കും സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കും സ്‌കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതു പ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മുടക്കം വരുത്തില്ല, അത് തുടരും. 9 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും.
ഒരേ സമയം ക്ലാസുകളില്‍ 12 പേര്‍ക്ക് മാത്രമാകും ക്ലാസുകളില്‍ ഇരിക്കാന്‍ അവസരം ലഭിക്കുക. എന്നാല്‍ ഇതുസംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്ന് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സ്‌കൂളുകളിലേക്ക് എത്താന്‍ വാഹനസൗകര്യമില്ലാത്തത് ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതിസന്ധിയിലാക്കിയേക്കും. സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ 1500 സിബിഎസ്ഇ സ്‌കൂളുകളും, 200 ഐസിഎസ്ഇ സ്‌കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: