ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തി വിറ്റഴിക്കുന്ന രീതി ഇക്കാലത്ത് വ്യാപകമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള ഉല്‍പ്പന്നങ്ങളില്‍ മായമുണ്ട്. മുട്ടയെ മാത്രം ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ മായം കലരാത്ത മുട്ടപോലും ലഭിക്കുന്നില്ല. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിറംമാറ്റിയ ‘നാടന്‍മുട്ട’കളാണ് വിപണിയില്‍ വിറ്റഴിക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാനോ അവ വിറ്റഴിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ല. ശരിക്കു പറഞ്ഞാല്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കച്ചവടക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും അടങ്ങുന്ന അവിശുദ്ധ സഖ്യം നിയമവിരുദ്ധവും അധാര്‍മികവും ആപല്‍ക്കരവുമായ പ്രവൃത്തി അഭംഗുരം തുടരാന്‍ അനുവദിക്കുകയാണ്. കാരണം അഴിമതിയുടെ വലിയൊരു സ്രോതസ്സാണ് ഇത് അവര്‍ക്ക് നല്‍കുന്നത്.
അങ്ങേയറ്റം ജനവിരുദ്ധമായ, അവരുടെ ആരോഗ്യത്തിനും ജീവനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഈ അഴിമതിയുടെ വിശ്വരൂപമാണ് ഇടതുമുന്നണി ഭരണത്തില്‍ കാണുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റുകളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ തനിനിറമാണ് പുറത്തുകൊണ്ടുവരുന്നത്. ഓണക്കാലത്ത് ഏറെ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയതാണെന്ന വിവരം വെളിപ്പെട്ടിരിക്കുന്നു. സൗജന്യമായി വിതരണം ചെയ്ത ശര്‍ക്കരയ്ക്ക് ശര്‍ക്കരയുടെ നിറമോ രുചിയോ ഇല്ലായിരുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറി ഇത് പരിശോധിക്കുകയും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഓണക്കിറ്റുകളിലൂടെ നല്കിയ പപ്പടം ഭക്ഷ്യയോഗ്യമല്ലായിരുന്നുവെന്നു മാത്രമല്ല, മനുഷ്യരുടെ കാഴ്ചശക്തി നശിപ്പിക്കുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു.
ഗുണനിലവാരമില്ലാത്തതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ സര്ക്കാരിനെപ്രേരിപ്പിച്ചത് അഴിമതിയാണ്. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിതരണം ചെയ്ത 10 വിതരണക്കമ്പനികളുടെ ശര്‍ക്കര പരിശോധിച്ച് ഭക്ഷ്യയോഗ്യമല്ലാത്തതും, ആരോഗ്യത്തിന് ഹാനികരമാകുന്നതുമായ ശര്‍ക്കര ജനങ്ങള്‍ക്ക് നല്‍കരുതെന്ന് ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് രഹസ്യമാക്കിവച്ച് ശര്‍ക്കര വിതരണം ചെയ്തു. മറയൂരിലെ കര്‍ഷകരില്‍നിന്ന് മുഴുവന്‍ ശര്‍ക്കരയും വാങ്ങി സഹായിക്കുമെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍ വാഗ്ദാനം നല്‍കിയെങ്കിലും വെറുതെയായി. കാര്യമായി കമ്മീഷന് തടയാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹകരിക്കുകയായിരുന്നുവത്രേ. പുകയിലയും മറ്റുമുള്ള വിഷമയമായ ശര്‍ക്കര ജനങ്ങളെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്തു. കേരളത്തിലെ പതിനായിരക്കണക്കിന് പപ്പടനിര്‍മാണ തൊഴിലാളികളുടെ വയറ്റത്തടിച്ചാണ് തമിഴ്നാട്ടില്‍നിന്ന് ഗുണനിലവാരമില്ലാത്ത പപ്പടം കൊണ്ടുവന്നത്. ഇപ്രകാരം 88 ലക്ഷം കിറ്റിലേക്കുള്ള പപ്പടം വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോവിഡിന്റെ പേരില്‍ തമിഴ്നാട്ടില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതുപോലും വിലക്കിയ സര്‍ക്കാരാണ് മധുരയിലെ ചിന്താമണിയില്‍ ഉണ്ടാക്കുന്ന പപ്പടം ഇവിടെ എത്തിച്ച് വിതരണം ചെയ്തത്. കേരളത്തിലെ തൊഴിലാളി യൂണിറ്റുകളുണ്ടാക്കുന്ന ഗുണനിലവാരമുളള പപ്പടം വാങ്ങാതിരുന്നത് അഴിമതി ലക്ഷ്യം വച്ചാണെന്ന് വ്യക്തം.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി വ്യവസ്ഥാപിതമായ രീതിയില്‍ അഴിമതി നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. ഇതുകൊണ്ടുതന്നെ കിട്ടുന്നതു വാങ്ങുന്ന ചില്ലറ അഴിമതികളല്ല അവര്‍ നടത്തുക, വന്‍തോതിലുള്ള പണമിടപാടുകളാണ്. കൃത്യമായ ആസൂത്രണവും വീതംവയ്പ്പും ഇക്കാര്യത്തിലുണ്ട്. പ്രളയദുരിതാശ്വാസനിധിയെന്നോ കൊറോണക്കാലത്തെ ഓണക്കിറ്റുകളെന്നോ ഉള്ള വേര്‍തിരിവുകളൊന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനില്ല. ഇടതുമുന്നണി ഭരണത്തിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ അഴിമതി കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കുറഞ്ഞത് അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും ഭരണം കിട്ടില്ലെന്ന ധാരണയും, ജനങ്ങള്‍ മുഴുവന്‍ എതിരായിരിക്കുന്നതിനാല്‍ പണമൊഴുക്കിക്കൊണ്ടല്ലാതെ പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നേരിടാനാവില്ലെന്ന സിപിഎമ്മിന്റെ ചിന്തയുമാണ് ഭീമമായ അഴിമതിക്ക് വഴിയൊരുക്കുന്നത്. ജനങ്ങള്‍ ദുരിതക്കയത്തില്പ്പെട്ടു കിടക്കുന്നതൊന്നും സിപിഎമ്മിനെ സംബന്ധിച്ച് അഴിമതിക്ക് തടസ്സമാകുന്നില്ല. കണ്ണില്‍ ചോരയില്ലാത്ത ഈ പകല്‍ക്കൊള്ളയ്ക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: