കോട്ടയം: മാപ്പിള ലഹളയുടെ മറവില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി). കെസിബിസി ജാഗ്രതാ കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മലബാര്‍കലാപത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2021. അതിനു മുന്നൊരുക്കമെന്നോണം മലബാര്‍കലാപത്തിന്റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. (അതിലെ യാദൃശ്ചികതയുടെ കൗതുകം ബാക്കി നില്ക്കുന്നു)! മൂന്നെണ്ണം വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സൂര്യതേജസ്സായും ഒരെണ്ണം ഹിന്ദുകൂട്ടക്കൊലയുടെ കാരണക്കാരനായും അവതരിപ്പിക്കാനാണു പോകുന്നതെന്നു തോന്നുന്നു.
വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിനെയും ഇസ്ലാമികജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്ക്കെല്ലാം പിറകില്‍ ‘ഷാഡോ പ്രൊഡ്യൂസേഴ്സ്’ ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ വെളിപ്പെടുത്തുന്നുണ്ട്.
മലബാര്‍കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ? കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതല്ലേ? മലബാര്‍കലാപം ജന്മിമാരുടെ ചൂഷണത്തിനെതിരേ ഒരു കര്‍ഷകമുന്നേറ്റമായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. കര്‍ഷകര്‍ മുസ്ലീങ്ങളും ജന്മിമാര് മിക്കവരും ഹിന്ദുക്കളും എന്ന വര്‍ഗ്ഗ വിഭജനം ഉണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രവും ചേര്‍ത്തുവായിക്കണം. വാരിയന്‍കുന്നത്ത് തുര്‍ക്കിയിലെ ഖിലാഫത്ത് പുനഃസ്ഥാപനത്തിനായി പടയ്ക്കിറങ്ങിയ ആളാണ്. ഖാലിഫേറ്റിനെ തോല്പ്പിച്ചില്ലാതാക്കിയത് ബ്രിട്ടീഷുകാരാണ്. ഖിലാഫത്തിനായുള്ള ഒരു ഐക്യനിര ബ്രിട്ടീഷുകാര്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വാരിയന്‍കുന്നത്തിനു സാധിച്ചു. ആ ഒറ്റ കാരണത്താല്‍ മലബാര്‍കലാപം ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ സ്വാഭാവിക ഭാഗം എന്ന് എങ്ങനെ പറയാനൊക്കും?
എല്ലാ ജനവിഭാഗങ്ങളെയും സ്വാതന്ത്ര്യസമരത്തില്‍ പങ്കുകാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്ത്കാരെയും സ്വാതന്ത്ര്യസമരത്തിലേക്ക് ഉള്‍ക്കൊണ്ടത്. അക്രമരഹിതമായിരിക്കണം സമരം എന്നത് ഗാന്ധിജിയുടെ പ്രഖ്യാപിത നയമായിരിക്കേ മലബാര്‍കലാപം അക്രമാസക്തമായപ്പോള്‍ സ്വാതന്ത്ര്യസമരത്തോടുള്ള അതിന്റെ ബന്ധവും ഫലത്തില്‍ ഇല്ലാതാവുന്നുണ്ട്. മലബാറിലെ കര്‍ഷകരുടെ സമരത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാന്‍ സാധുവായ മറ്റെന്തെല്ലാം കാരണങ്ങളുണ്ട്. ബോധ്യപ്പെടുംവിധം തെളിവുകള്‍ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. അതിനുമുമ്പ് വാരിയന്‍കുന്നത്തെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ? ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ല. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന ആനമക്കാരുടെ മകള്‍ കുഞ്ഞുപാത്തുമ്മാ പറയുന്ന ‘സത്യം’ ‘അതു കുയ്യാനേര്‍ന്ന്’ എന്ന പറച്ചിലില്‍ ഒടുങ്ങിത്തീര്‍ന്നുപോകരുതല്ലോ.
സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല, രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നൊരു വാദഗതിയുണ്ടല്ലോ. ചലിക്കുന്ന ചിത്രം നടന്നസംഭവമായി സ്വീകരിക്കുന്ന ഒരു ജനമനസ്സ് നാട്ടിലുണ്ടെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അപ്പോള്‍ സൂക്ഷിച്ചുവേണം ചരിത്രസിനിമകള്‍ ചിത്രീകരിക്കേണ്ടത്. മറുപക്ഷത്തിനും മേല്പ്പറഞ്ഞതൊക്കെ ബാധകമാണ്.
ദൂരെ ദൂരെ നിന്നുവരുന്ന ചരിത്രനദിയെ ഒരു പ്രത്യേകസ്ഥാനത്തുവച്ച് തടയണകെട്ടി തങ്ങള്‍ക്കു ഗുണകരമായിടത്തേക്കെത്തിച്ച ശേഷം അവിടെ നിന്നാണ് നദി ഉത്ഭവിക്കുന്നതെന്ന രീതിയില്‍ ചരിത്രം പറയുന്ന വിചിത്രമായ കാഴ്ച ഹാഗിയാ സോഫിയായുടെ ‘രൂപമാറ്റ’ത്തില്‍ കാണാം. ഇത് ശരിക്കുള്ള ചരിത്രത്തിന്റെ ഹൈജാക്കിങ് ആണ്. എ.ഡി. 537-ല്‍ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയമാണ് തുര്‍ക്കിയിലെ ഹാഗിയാ സോഫിയാ ദേവാലയം. ആയിരത്തോളം വര്‍ഷം അത് ക്രൈസ്തവരുടെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമായിരുന്നു. ഓട്ടോമന്‍ പടയോട്ടത്തില്‍ 1567ല്‍ മുസ്ലീങ്ങള്‍ അതുപിടിച്ചടക്കി മോസ്ക്ക് ആക്കി. 1923 വരെ അത് മോസ്ക്ക് ആയിരുന്നു. ഖലീഫേറ്റിന്റെ അവസാനംകുറിച്ച കെമാല്‍പാഷ ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി. ഇപ്പോള്‍ തുര്‍ക്കിയിലെ ഏകാധിപതിയായ എര്ദോഗന് മ്യൂസിയത്തെ മോസ്ക്കാക്കി ആരാധന തുടങ്ങിയിരിക്കുന്നു. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും ഇതിനെതിരേ പ്രതിഷേധമുയരുന്നുണ്ട്.
ഇക്കാലംവരെ സെക്കുലര്‍ വേഷമണിഞ്ഞ ചന്ദ്രിക ദിനപ്പത്രം ഇതിനെക്കുറിച്ച് എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട് ഇപ്രകാരമാണ്: ‘ഹാഗിയാ സോഫിയയിലെ ബാങ്കുവിളിയില്‍ ആര്‍ക്കാണ് അരിശം?’ തൊട്ടടുത്ത ദിവസമൊന്നില്‍ പാണക്കാട് സയ്യിദ് സാദിഖാലി ശിഖാബ് തങ്ങള്‍ ചന്ദ്രികയില്‍ത്തന്നെ എര്‍ദോഗനെ ‘ലോകത്തിന്റെ വിവിധകോണുകളില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലീങ്ങള്‍ക്കുവേണ്ടി അന്തര്‍ദേശീയവേദികളില്‍ ശബ്ദമുയര്‍ത്തുന്ന’ ആളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഹാഗിയാ സോഫിയ മോസ്ക്ക് ആക്കിയതിനെതിരേയുള്ള പ്രതിഷേധം വ്യാജസെക്കുലറിസമാണ് എന്ന് അദ്ദേഹം പറയുന്നു. ഹാഗിയാസോഫിയയുടെ ചരിത്രം തുടങ്ങുന്നത് 1453-ലാണെന്ന രീതിയിലാണ് ശിഹാബ് തങ്ങള്‍ ചരിത്രവാദങ്ങള്‍ പറയുന്നത്. ചരിത്രത്തിന്റെ ന്യൂനീകരണമാണ് അദ്ദേഹം നടത്തുന്നത്. ഇത്തരമൊരു വാദഗതി ബാബറിമസ്ജിദിനെക്കുറിച്ച് ഉന്നയിച്ചാല്‍ എങ്ങനെയിരിക്കും?
കേരളത്തിലെ മുസ്ലീംലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്. ഇക്കാലംവരെ തീവ്രവാദികളെന്നുപറഞ്ഞ് പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതല്‍ രാഷ്ട്രീയാധികാരം നേടാനോ ആവാം ഈ നയവ്യതിയാനം. ഇത്രയുംനാളത്തെ സ്വന്തം ചരിത്രത്തിന്റെ തള്ളിപ്പറയല്‍ ഇവിടെ ഉണ്ട്. ഇതൊക്കെ കണ്ടിട്ടും മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളും ബുദ്ധിജീവികളും മൗനവ്രതത്തിലാണ്. ഇവര്‍ക്കെല്ലാവര്‍ക്കും തമ്മില്‍ത്തമ്മില്‍ പ്രത്യക്ഷത്തില്‍ അഭിപ്രായവ്യത്യാസമുള്ളപ്പോഴും, ഇവര്‍ക്കും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ പരസ്പരസഹായത്തിന്റെ ‘സജീവമായ ഒരു അന്തര്‍ധാര’ നിലനില്ക്കുന്നുവെന്നു കരുതേണ്ടിവരുന്നു! മാടപ്രാവിന്റെ വിശുദ്ധിയും സര്‍പ്പത്തിന്റെ വിവേകവും കൂടുതലളവില്‍ വേണ്ടിവന്നിരിക്കുന്നു എന്നാണ് കാലസൂചനകള്‍ പറഞ്ഞുതരുന്നതെന്നും അദേഹം എഴുതിയ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: