മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്ക് പോര് പുതിയ തലത്തില്‍. കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുമെന്നാണ് ഇപ്പോള്‍ ശിവസേന സര്‍ക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുംബൈ കോര്‍പ്പറേഷന്‍ പറയുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രതികാരവും രാഷ്ട്രീയവൈര്യവും തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ പറഞ്ഞു.
ഓഫീസ് ശൗചാലയത്തിന്റെ സ്ഥാനം മാറ്റി. കൂടുതല്‍ ജനലുകള്‍ സ്ഥാപിച്ചു, റൂഫിങ്ങ് ജോലികള്‍ നടത്തി എന്നിവയാണ് കുറ്റമായി മുംബൈ കോര്‍പറേഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടിയുടെ മുംബൈയിലെ ഓഫീസില്‍ ഇന്നലെ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.
ഓഫീസില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ കങ്കണ ട്വിറററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഓഫീസ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ ട്വിറ്ററില്‍ പറഞ്ഞിരുന്നു. ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.
നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആണ് നടിയുള്ളത്. ശിവസനേയുടെ ഭീഷണിയെ തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ ആണ് കങ്കണയ്‌ക്കു സുരക്ഷ നല്‍കണമെന്ന് കേന്ദ്രത്തോട് ആഭ്യര്‍ത്ഥിച്ചത്.
ഇതേത്തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷയ്‌ക്കുള്ള തീരുമാനം. പതിനൊന്ന് അംഗ സിആര്‍പിഎഫ് ജവാന്‍മാരാകും ഇനി കങ്കണയ്‌ക്കു സുരക്ഷ കവചം ഒരുക്കുക. ആയുധധാരികളായ കമാന്‍ഡോകള്‍ക്കു പുറമേ രണ്ടു പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരും കങ്കണയ്‌ക്കൊപ്പമുണ്ടാകും. നാളെ കങ്കണ മുംബൈയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: