ലഡാക്ക് : അതിര്‍ത്തിയിലെ പ്രകോപനങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയെന്ന ചൈനയുടെ റിപ്പോര്‍ട്ടുകളെ തള്ളി ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.
നിയന്ത്രണ രേഖയില്‍ സംഘര്‍ഷാവസ്ഥയില്ല. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും ചൈനയാണ് കടന്നുകയറാന്‍ ശ്രമിച്ചതെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതായി ചൈനീസ് പടിഞ്ഞാറന്‍ മേഖല വക്താവ് ഷാങ് ഷുയിയാണ് അറിയിച്ചത്. ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാങ്ങോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം. എന്നാല്‍ ഈ പ്രസ്താവനകളെ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യന്‍ സൈനിക വക്താവ് വ്യക്തമാക്കി.
നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം പോയിട്ടില്ല. ഇന്ത്യയുടെ മുന്‍നിര പോസ്റ്റുകളുടെ നേര്‍ക്കെത്തിയ ചൈനീസ് സൈന്യമാണ് ആകാശത്തേക്ക് നിറയൊഴിച്ചത്. പ്രകോപനമുണ്ടാക്കിയെങ്കിലും ഇന്ത്യന്‍ സൈനികര്‍ സമചിത്തതയോടെ പ്രശ്നത്തെ നേരിട്ടെന്നും അറിയിച്ചു.
പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം തന്നെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൈനിക വക്താവ് അറിയിച്ചു.
അതിര്‍ത്തിയിലെ ചൈനീസ് ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ചൈനയ്ക്കെതിരെ കര്‍ശ്ശന പ്രതിരോധമാണ് പാങ്ങോങ്ങില്‍ ഇന്ത്യ ഉയര്‍ത്തിയത്. അതേസമയം ഇന്ത്യ പാങ്ങോങ്ങില്‍ ഏത് തരത്തിലുള്ള പ്രത്യാക്രമണമാണെന്ന് നടത്തിയതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: