വാനപ്രസ്ഥത്തിന്, ‘കാട്ടിലേക്കു പോവുക’ എന്ന് ഇക്കാലത്ത് അര്‍ത്ഥമാക്കേണ്ടതില്ല – ജീവിത യോഗ്യമായ കാടുകള്‍ അടുത്തെങ്ങാന്‍ കിട്ടാന്‍ പണ്ടത്തേപ്പോലെ പ്രയാസമായതുകൊണ്ടുതന്നെ. പ്രധാന മായ കാര്യം മാനസികമായ മാറ്റമാണ്. മനസ്സു തയ്യാറാകാതെ ഒരാള്‍ കാട്ടിലേക്കു പോയാലും അവിടെയും അയാള്‍ തനിക്കുവേണ്ടി ഒരു ഭോഗലോകമുണ്ടാക്കും. അതുകൊണ്ടു ചിന്തയിലും ഭാവത്തിലുമുണ്ടാകേണ്ട മാറ്റമാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്നു ലോകത്തുള്ളത് ഗാര്‍ഹസ്ഥ്യം മാത്ര മാണെന്നു പറയേണ്ടിവരും. ബ്രഹ്മചര്യം പാലിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമില്ല, വിദ്യാഭ്യാസത്തില്‍ വേദപഠനമില്ല; വാനപ്രസ്ഥമില്ല, സന്ന്യാസത്തിലേക്കു കടക്കുന്നവര്‍ വളരെ ചുരുക്കവും. എല്ലാ കുഴപ്പ ത്തിന്റെയും വേരു കിടക്കുന്നത് ബ്രഹ്മചര്യകാലത്തിന്റെ അഭാവമാണ്. അതുകൊണ്ടാണ് ഗുരുഗൃഹ വാസത്തിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവേകാനന്ദസ്വാമികള്‍ ഊന്നിപ്പറയുന്നത്: ”എന്റെ വിദ്യാഭ്യാസാദര്‍ശം, ഗുരുവുമായി നേരിട്ടുള്ള സമ്പര്‍ക്കമാണ്, ഗുരുഗൃഹവാസമാണ്. ഗുരുവിന്റെ സ്വന്തം ജീവിതം കൂടാതെ വിദ്യാഭ്യാസമുണ്ടാവില്ല. നിങ്ങളുടെ സര്‍വകലാശാലകള്‍ എടുത്തുനോക്കുക. അവ പ്രവര്‍ത്തിച്ച അമ്പതു കൊല്ലങ്ങളില്‍ അവയെന്തു ചെയ്തിട്ടുണ്ട്? ഒരൊറ്റ പ്രതിഭാസമ്പന്നനെപ്പോലും അവ നിര്‍മ്മിച്ചിട്ടില്ല. പരീക്ഷ നടത്തുന്ന ഒരു സംഘം മാത്രമാണവ. പൊതുനന്മയ്ക്കായി ത്യാഗമനുഷ്ഠിക്കുക എന്ന ആശയം നമ്മുടെ ജനതയില്‍ ഇനിയും വളര്ച്ചയെത്തിയിട്ടില്ല.”
ഏകദേശം എഴുപത്തഞ്ചു വയസ്സായാല്‍ സന്ന്യാസം സ്വീകരിക്കുന്നു. എന്നാല്‍ ചില ആചാര്യന്മാര് ഉപദേശിക്കുന്നത് 60 വയസ്സായാല്‍ സംന്യസിക്കണമെന്നാണ്. മനുഷ്യജീവിതത്തില്‍ ത്യാഗത്തിന്റെ ആവശ്യകതയെപ്പറ്റി വിവേകാനന്ദസ്വാമികള്‍ പറയുന്നു: ”അത്യുത്കൃഷ്ടമായ സത്യങ്ങള്‍ ഗ്രഹിക്കാനാവാത്ത നമ്മുടെ സഹോദരന്മാരില് പലര്‍ക്കും നമ്മുടെ ആവശ്യത്തിനൊത്തവണ്ണം മയപ്പെടുത്തിയെടുത്ത ഒരുതരം ഭൗതികത്വം ഒരുപക്ഷേ അനുഗ്രഹമായേക്കാം. എല്ലാ നാടുകളിലും എല്ലാ സമുദായങ്ങളിലും ഉണ്ടായിട്ടുള്ള ഒരു തെറ്റുണ്ട്. ആ തെറ്റ്, അതിനെപ്പറ്റി എപ്പോഴും ബോധമിരുന്നിട്ടും, ഈയിടെയായി ഈ ഭാരതത്തിലും പറ്റിയിരിക്കുന്നു എന്നതാണ് അത്യന്തം ഖേദകരം; അതായത്, അധികാരമില്ലാത്തവരുടെമേല് അവര്‍ക്കു ധരിക്കാനാവാത്ത അത്യുത്കൃഷ്ടസത്യങ്ങള് അടിച്ചേല്പിക്കുക. എന്റെ രീതി നിങ്ങളുടേതുമാക ണമെന്നില്ല. ഹൈന്ദവജീവിതാദര്ശം, നിങ്ങള്‍ക്കറിയാം, സംന്യാസമാണെന്ന്. എല്ലാവരും ത്യജിക്കണമെന്ന് നമ്മുടെ ശാസ്ത്രങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഐഹികഫലങ്ങള് അനുഭവിച്ചിട്ടുള്ള ഓരോ ഹിന്ദുവും ജീവിതത്തി ന്റെ സായാഹ്നത്തില്‍ ത്യാഗമനുഷ്ഠിക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്തവന് ഹിന്ദുവല്ല; ഹിന്ദുവെന്ന് സ്വയം വിളിക്കാന്‍ അവകാശിയുമല്ല. പദാര്‍ത്ഥങ്ങളുടെയെല്ലാം അസാരത കണ്ടനുഭവിച്ചു കഴിഞ്ഞാല്‍ അവയെ ത്യജിക്കുക – ഇതാണ് ആദര്‍ശമെന്ന് നമുക്കറിയാം. ഭൗതികലോകത്തിന്റെ ഉള്ളു പൊള്ളയാണ്. വെറും ചാമ്പലേ അതിലുള്ളു എന്നു കണ്ടുപിടിച്ചിട്ട് അതു ത്യജിക്കുക; പിന്‍വാങ്ങുക. ഇന്ദ്രിയങ്ങളുടെ നേര്‍ക്ക് മനസ്സു വട്ടമിട്ടടുക്കുകയാണോ എന്നു തോന്നും; ആ മനസ്സ് പിന്നോട്ടു വട്ടമിട്ടു മാറണം. പ്രവൃത്തി ഒടുങ്ങണം, നിവൃത്തി തുടങ്ങണം. അതാണാദര്‍ശം. പക്ഷേ കുറേയൊക്കെ അനുഭവ സമ്പത്തുണ്ടായതിനു ശേഷമേ ആ ആദര്‍ശം സാക്ഷാത്കരിക്കാന്‍ കഴിയൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: