തന്റെയടുക്കല്‍ വിദ്യാകുതുകികളായെത്തിയ ആറ് കുമാരന്മാരോട് പിപ്പലാദമഹര്‍ഷി സൗമ്യനായി ഇങ്ങനെ പറഞ്ഞു. നിങ്ങള്‍ മുമ്പേതന്നെ തപസ്വികളാണെങ്കിലും ഇപ്പോള്‍ വീണ്ടും ഇന്ദ്രിയ സംയമനത്തോടും വിശേഷിച്ച് ബ്രഹ്മചര്യത്തോടും ആസ്തിക്യബുദ്ധിയോടുംകൂടി ഒരു സംവത്സരക്കാലം ഇവിടെ പാര്‍ക്കുവിന്‍. അനന്തരം ഇഷ്ടംപോലെ ആര്‍ക്ക് ഏതുവിഷയത്തിലാണോ ജിജ്ഞാസ, അതിനെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊള്ളുവിന്. നിങ്ങള്‍ ചോദിക്കുന്നത് എനിക്കറിയാവുന്നതാണെങ്കില്‍ എല്ലാം പറഞ്ഞുതരാം.
പിപ്പലാദമഹര്‍ഷിയുടെ ഈ വാക്യം ശ്രദ്ധിക്കുക.’യഥാകാമം പ്രശ്നാന്‍
പൃച്ഛത, യദി വിജ്ഞാസ്യ മേബ സര്‍വം ഹ വഃ വക്ഷ്യാമേഃ’ (ഇഷ്ടമനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുവിന്‍. അറിയാമെങ്കില്‍ എല്ലാംതന്നെ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഈ വാക്കുകളിലെ വികാരവും വിനയവും ശ്രദ്ധേയം. ഇഷ്ടംപോലെ ചോദിക്കുവാനനുവാദം നല്കുന്ന ഗുരു അറിവിന്റെ നിറകുടംതന്നെ. ആറുപേരും ശ്രദ്ധ, ബ്രഹ്മചര്യം, തപസ്യ ഇവയെ വിധിപൂര്‍വം നിര്‍വഹിച്ചുകൊണ്ട് ഒരു സംവത്സരക്കാലം പിപ്പലാദന്റെ ആശ്രമത്തില്‍ വസിച്ചു. ബ്രഹ്മജിജ്ഞാസയോടെ ഗുരുസമക്ഷം അവരെത്തി. കബന്ധി, ഭക്തിയോടും വിനയത്തോടും പ്രഥമപ്രശ്നം അവതരിപ്പിച്ചു.
കബന്ധി: – ഭഗവന്‍, ഇമാഃ പ്രജാഃ കുതഃ ഹ വൈ പ്രജായന്തേ?
(ഭഗവാനേ, ഈ പ്രജകള്‍ എവിടെനിന്നാണ് ജനിക്കുന്നത്?)
സൃഷ്ടിയുടെ അന്തഃപുരരഹസ്യമാണ് കബന്ധി ആരായുന്നത്.
ചിന്താശീലരൊക്കെയും സ്വഗതമായി ചോദിച്ചുപോകുന്ന ഒന്നാണിത്. പ്രശ്നോപനിഷത്തിലെ 4 മുതല്‍ 16 വരെയുള്ള 13 മന്ത്രങ്ങളാലാണ് ആചാര്യന് പിപ്പലാദന്‍ കബന്ധിയുടെ പ്രശ്നത്തിന് മറുപടി പറയുന്നത്. ഒറ്റവാക്യത്തില്‍ മഹര്‍ഷിയുടെ ചിന്താധാര ഇങ്ങനെ പകര്‍ത്താം. ഈശ്വരന്റെ ഇച്ഛാശക്തിയുടെ നിയോഗത്തിന്റെ ഫലമായി ജീവപ്രവഞ്ചം ഉണ്ടാകുന്നു.
പരിചിതവും പ്രത്യക്ഷവുമായ നിദര്ശനങ്ങളെക്കൊണ്ട് ഈ സിദ്ധാന്തത്തെ പിപ്പലാദ മഹര്‍ഷി വിടര്ത്തിപ്പറയുന്നു. ശ്രദ്ധിക്കുക.
ബ്രഹ്മം/ ഹിരണ്യഗര്ഭന്/ പ്രജാപതി/ ഈശ്വരന് എന്നെല്ലാം വിവക്ഷിക്കുന്നത് പ്രായേണ ഒരു മഹച്ഛക്തിയേയാണെന്ന് നാം ആദ്യം ധരിക്കണം. സര്‍വാത്മാവായ ഈ ശക്തിവിശേഷം ഈശ്വരന് ഇച്ഛാശക്തിയുടെ ഏകാഗ്രമായ പ്രവര്‍ത്തനംകൊണ്ട് സ്ഥാവരജംഗമ (ചരാചരം) രൂപികളായ പ്രജകളെ സൃഷ്ടിക്കുവാന്‍ ആരംഭിച്ചു. അതിനായി രണ്ട് ശക്തികളെ ഉല്‍പ്പാദിപ്പിക്കുന്നു.
1. പ്രാണന്, 2. രയി
പ്രാണന് സൂര്യനാകുന്നു. അഗ്നി, അത്താവ് * എന്ന് പകരം പദം.
രയി ചന്ദ്രനാകുന്നു. സോമന്, അന്നം എന്നെല്ലാം മറുപേര്.
വേദം ഉറക്കെ വിളിച്ചുപറയുന്നു: ആദിത്യഃ ഹ വൈ പ്രാണഃ – ആദിത്യന്- സൂര്യന്- തന്നെയാണ് പ്രാണന്. അഗ്നിയുടെ ആത്മാവാകുന്നു സൂര്യന്.
പ്രാണന് ചൈതന്യം, രയി ജഡം
പ്രാണന് പുരുഷന്, രയി പ്രകൃതി
പ്രാണന് ഉത്തരായണം, രയി ദക്ഷിണായനം
പ്രാണന് പകല്‍, രയി രാത്രി
സമസ്ത ജീവികളിലും കാണുന്ന ചൈതന്യശക്തിയുടെ സമ്പൂര്‍ണ ഭാവമാണ് പ്രാണന്. ആ ചൈതന്യത്തിന് ഉപാധിയായി നില്ക്കുന്ന ശരീരം/ പദാര്‍ത്ഥം ആണ് രയി. ഒന്ന് സചേതനം മറ്റേത് അചേതനം. ഈ ചൈതന്യത്തിന്റെയും ജഡത്തിന്റെയും കൂടിച്ചേരലില്‍നിന്നാണ് പ്രപഞ്ചസൃഷ്ടികളാകവേ ഉണ്ടാകുന്നത്. സൂര്യനാണ് സര്ഗകാരകം. വേദത്തിലെ ഈ ആദിത്യവര്ണന നോക്കുക.
‘വിശ്വരൂപം ഹരിണം ജാതവേദസം
പരായണം ജ്യോതിരേകം തപന്തം
സഹസ്രരശ്മിഃ ശതധാ വര്‍ത്തമാനഃ
പ്രാണഃ പ്രജാനാമുദയത്യേഷ സൂര്യഃ
അര്‍ത്ഥം: സര്വരൂപനും കിരണമാലിയും സര്‍വജ്ഞനും സര്വാശ്രയവും ഏകമായ ജ്യോതിസ്സും സന്താപക
നും ആയ സൂര്യന് അനന്തം രശ്മികളോടെ നാനാരൂപം കൈക്കൊണ്ട് എല്ലാത്തിനും പ്രാണനായി ഉദിക്കുന്നു.
മൂര്‍ത്തിയും അന്നവും രയിയുമായ ചന്ദ്രനും അമൂര്‍ത്തിയും അത്താവും പ്രാണനുമായ സൂര്യനും ചേര്‍ന്ന് പ്രജാപരമ്പരയെ സൃഷ്ടിക്കുന്നു. പ്രപഞ്ചോത്ഭവം തൊട്ട് ഈ സര്‍ഗപ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. രണ്ടാമത്തെ പ്രശ്നവുമായി ഭാര്ഗവന് പിപ്പലാദനെ നോക്കി.
*അത്താവ് – ഭക്ഷിക്കുന്നവന്, ‘അദഭക്ഷതേ’ അഗ്നി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: