കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 260 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടു പേര്‍ വിദേശത്തു നിന്നും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 31 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4680 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 67 പേരടക്കം 3247 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 31 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1393 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നലെ. രോഗ വ്യാപനം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ടി വി സുഭാഷും ജില്ല പോലീസ് മേധാവി യതീഷ് ചന്ദ്രയും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരമാണ് സംയുക്ത പ്രസ്താവന.
അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതിനാല്‍ രാജ്യമാകെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതം തടസപ്പെടാതിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. എന്നാല്‍ സമ്പര്‍ക്ക രോഗ വ്യാപനം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ജില്ലയില്‍ ശക്തമായ പ്രതിരോധ നടപടികളിലൂടെ ഇതുവരെ രോഗ വ്യാപനം ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും ഈ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.
രോഗം വരാതിരിക്കാനുള്ള കരുതല്‍ ഓരോരുത്തരും കാണിക്കേണ്ട ഘട്ടമാണിത്. സ്വയം നിയന്ത്രണം പാലിക്കുകയാണ് ഇതില്‍ പ്രധാനം. അവശ്യം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്ത് പോകാവൂ. അങ്ങനെ പോകുമ്പോള്‍ ജനക്കൂട്ടങ്ങളില്‍ നിന്ന് കഴിയാവുന്നതും ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും കോവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണം.
കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പലയിടത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും അനുവദിക്കില്ല. കര്‍ശന നടപടി തന്നെ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. അതിനാല്‍ ഓരോ സ്ഥാപനത്തിലും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി കൈക്കൊള്ളണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം പുലര്‍ത്തുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും വേണം.
കോവിഡ് വ്യാപനത്തിന് സാധ്യതയുള്ള ചടങ്ങുകള്‍ മറ്റ് പരിപാടികള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ അര്‍ഥത്തില്‍ പാലിക്കാനും എല്ലാ വിഭാഗം ആളുകളും തയ്യാറാവണം. രാഷ്‌ട്രീയ, സാമൂഹ്യ സംഘടന നേതാക്കള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നോട്ടു വരണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 40 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആന്തൂര്‍ നഗരസഭ 1,9, ആറളം 9, ചെറുപുഴ 4, ചൊക്ലി 11, ഇരിക്കൂര്‍ 1, ഇരിട്ടി നഗരസഭ 10,12,32, കല്ല്യാശ്ശേരി 8, കാങ്കോല്‍ ആലപ്പടമ്പ 4, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35, കരിവെള്ളൂര്‍ പെരളം 8, കേളകം 1,2, കോളയാട് 12, കുറ്റിയാട്ടൂര്‍ 10, മാലൂര്‍ 9, മട്ടന്നൂര്‍ നഗരസഭ 7,32, മയ്യില്‍ 15, മുഴക്കുന്ന് 12, മുഴപ്പിലങ്ങാട് 4, പന്ന്യന്നൂര്‍ 10, പയ്യന്നൂര്‍ നഗരസഭ 24, പയ്യാവൂര്‍ 9, പേരാവൂര്‍ 10, പിണറായി 19, തലശ്ശേരി നഗരസഭ 13,26,27, ഉളിക്കല്‍ 8,13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചിറക്കല്‍ 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28, കേളകം 6, കൊളച്ചേരി 14, മട്ടന്നൂര്‍ നഗരസഭ 31, മൊകേരി 7, പേരാവൂര്‍ 1 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.
നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പയ്യന്നൂര്‍ നഗരസഭ 28, എരമം കുറ്റൂര്‍ 5, ചെറുപുഴ 19 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: