ന്യൂദല്‍ഹി: രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വിദ്യാഭ്യാസ നയം വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ കുട്ടികള്‍ ജ്ഞാനം ആര്‍ജിക്കുന്നതിനാണ് പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗവര്‍ണറുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളാണ്. പുതിയ വിദ്യാഭ്യാസ നയത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികളാണ് ആദ്യം സ്വീകരിച്ചത്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ ഏറ്റവുമധികം പ്രാധാന്യം.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അടക്കം എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നാമമാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അഭിനിവേശം, പ്രായോഗികത, പ്രകടനം എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പാഠ്യപദ്ധതിയെക്കാള്‍ വിമര്‍ശനാത്മക ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം. ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസുകള്‍ തുറക്കാനും മികച്ച സാമ്പത്തിക വിദഗ്ദ്ധരെ വാര്‍ത്തെടുക്കാനും ദേശീയ വിദ്യാഭ്യാസനയം വഴി സാധിക്കും. ഈ നയം അക്ഷരത്തിലും ആത്മാവിലും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. അദ്ധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളും ഇഴചേര്‍ന്ന വിശാല കാഴ്ചപ്പാടാണ് ദേശീയ വിദ്യാഭ്യാസനയത്തിനുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: