തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കേരള തീരത്തു നിന്ന് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ബുധനാഴ്ച വരെ 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്കി. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
അറബിക്കടലില്‍ അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലും കിഴക്കന്‍ മദ്ധ്യമേഖലയിലുമുണ്ടായ (കവരത്തിയ്ക്ക് സമീപം) ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പെട്ടെന്നുള്ള ശക്തമായ മഴയ്ക്ക് കാരണം. ബുധനാഴ്ച വരെ കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം നാളെയോടെ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ശനിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മലയോര മേഖലയില്‍ ഉള്‍പ്പെടെ ഇന്നലെ പകലും ശക്തമായ മഴ ലഭിച്ചു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും ഇന്നലെ വെള്ളം കയറി.
തലസ്ഥാനത്തെ മലയോര മേഖലയില്‍ മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. സംസ്ഥാനത്തെ വിവിധ നദികളിലെ ജനനിരപ്പുകളും ഉയരുന്നു. ഇന്നലെ വൈകിട്ടോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തിപ്രാപിച്ചു. ഇടുക്കി പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ നിരവധി പേര് മരണത്തിന് കീഴടങ്ങി ഒരു മാസം തികയുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നത്. ഇന്നലെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: