മുംബൈ: യുഎഇയില്‍ നടക്കുന്ന പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മത്സരക്രമം പുറത്തിറക്കി. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. അബുദാബിയില്‍ ഈ മാസം പത്തൊമ്പിനാണ് ഈ പോരാട്ടം. ഐപിഎല്ലില്‍ ഏറെ വിജയങ്ങള്‍ കൊയ്ത ടീമുളാണ് ചെന്നൈയും മുംബൈയും. ചെന്നൈയെ എം.എസ്. ധോണിയും മുംബൈയെ രോഹിത് ശര്‍മയുമാണ് നയിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും.
രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ദുബായിലാണ് .ഇരുപതിന് ദല്‍ഹി ക്യാപിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെയും ഇരുപത്തിയൊന്നിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും നേരിടും. ഇരുപത്തിരണ്ടിന് ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും.
പത്ത് ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം അരങ്ങേറും. ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നും രണ്ടാം മത്സരം രാത്രി 7.30 നും ആരംഭിക്കും. പ്രാഥമിക റൗണ്ടില്‍ ദുബായിയില്‍ 24 മത്സരങ്ങളും അബുദാബിയില്‍ ഇരുപത് മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും അരങ്ങേറും. പ്രാഥമിക റൗണ്ട് നവംബര്‍ മൂന്നിന് അവസാനിക്കും. ഷാര്‍ജയില്‍ അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും.
പ്ലേഓഫ് മത്സരങ്ങളുടെയും ഫൈനല്‍ മത്സരത്തിന്റെയും വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. നവംബര്‍ പത്തിനാണ് കലാശക്കളി. ചാമ്പ്യന്‍ഷിപ്പിനുള്ള എട്ട് ടീമുകളും ദുബായിലെത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
മാര്‍ച്ച് ഇരുപത്തിയൊമ്പിന് ഇന്ത്യയില്‍ ആരംഭിക്കാനിരുന്ന ഐപിഎല്‍ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യുഎഇയിലേക്ക് മാറ്റിയത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലയാണ് മത്സരങ്ങള്‍ നടക്കുക. ഇത് രണ്ടാം തവണയാണ് ഐപിഎല്ലിന് യുഎഇ ആതിഥേയത്വം വഹിക്കുന്നത്. 2014 ലാണ് യുഎഇയില്‍ ആദ്യം ഐപിഎല്‍ നടന്നത്. ലോകസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് അന്ന് ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്.
അതിനിടെ ഐപിഎല്ലിനുള്ള ഇന്ത്യന്‍ കമന്റേറ്റര്‍മാരെ ബിസിസിഐ പ്രഖ്യാപിച്ചു. സുനില്‍ ഗാവസ്‌കര്‍, എല്‍. ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക്, ദീപ് ദാസ്ഗുപ്ത, അഞ്ജും ചോപ്ര, രോഹന്‍ ഗാവസ്‌കര്‍, ഹര്‍ഷ് ഭോംഗ്‌ലെ എന്നിവരാണ് ബിസിസിഐ കമന്റേര്‍മാര്‍. ഇവര്‍ പത്തിന് യുഎഇയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: