കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം അനുകൂല കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കം പുറത്ത്. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ മൊഴി മാധ്യമങ്ങള്‍ക്കും മന്ത്രിമാരുടെ പിഎമാര്‍ക്കും ചോര്‍ത്തിക്കൊടുത്തത് പഴയ എസ്എഫ്ഐ നേതാവ് കൂടിയായ കസ്റ്റംസ് (പ്രിവന്റീവ്) സൂപ്രണ്ട് സി. പത്മരാജന് എന്ന പത്മരാജന് നമ്പ്യാരാണെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ബന്ധുവായ ഇയാള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന് മുന്‍ ചെയര്‍മാനാണ്. ഇയാള്‍ക്കെതിരെ നടപടി വരുമെന്ന് ഉറപ്പായി. സ്വപ്നയുടെ മൊഴിയെടുക്കാന്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഇയാള്‍ അനധികൃതമായി ആ സമയത്ത് എത്തി മൊഴിയെടുപ്പില്‍ കടന്നുകയറുകയായിരുന്നു.
മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ഉദ്യോഗസ്ഥന് സ്വന്തം ഫോണില്‍ പകര്‍ത്തി ബ്ലൂടൂത്ത് വഴി ഭാര്യയുടെ ഫോണിലേക്ക് മാറ്റി പുറത്തേക്ക് അയച്ചുവെന്നാണ് കണ്ടെത്തല്‍. ആരോപണങ്ങളുടെ മുള്‍മുന ബിജെപിയിലേക്ക് തിരിച്ചുവിടാന്‍ സിപിഎം ഉന്നതതലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ വിവരമാണ് പുറത്തുവന്നത്.
കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തിലേ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പരസ്യമായി നിലപാട് സ്വീകരിച്ചത് മറ്റൊരു എസ്എഫ്ഐ നേതാവായിരുന്ന കസ്റ്റംസ് അസി. കമ്മീഷണര്‍ അനീഷ് പി. രാജനായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇയാളെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മുകാരനായ മറ്റൊരു ഉദ്യോഗസ്ഥനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചത്.
മൊഴി ചോര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്ന കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. ദേവിന്റെ ആവശ്യപ്രകാരം കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കസ്റ്റംസ് ഇന്റലിജന്‍സിനോട് മൊഴി ചോര്‍ന്നത് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കൃത്യമായ ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. മറ്റ് മൊഴി ഒഴിവാക്കി അനില്‍ നമ്പ്യാര്‍ക്കെതിരായ വിവരങ്ങള്‍ മാത്രം ചോര്‍ന്നത് നേരത്തെ തന്നെ സംശയത്തിനിടയാക്കിയിരുന്നു.
സെക്രട്ടേറിയറ്റിന് സമീപത്തെ ഫഌറ്റില്‍ എന്‍ഐഎ പരിശോധന
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപത്തെ ഫഌറ്റില്‍ എന്‍ഐഎയുടെ പരിശോധന. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്തിയത് ഈ ഫഌറ്റില്‍ വച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായാണ് എന്‍ഐഎ ഇവിടെയെത്തി അന്വേഷണം നടത്തിയത്. ഏതാനും ദിവസം മുന്‍പ് സെക്രട്ടേറിയറ്റിലെത്തി സിസിടിവികളും സെര്‍വര്‍ റൂമും പരിശോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: