ലോകത്തില്‍ ഇന്നുവരെ കാറ്റിനനുകൂലമായി നടന്നവരും ഒഴുക്കിനനുകൂലമായി നീന്തിയവരും ചരിത്രം സൃഷ്ടിച്ചിട്ടില്ല. പരിസ്ഥിതിയുടെ പ്രവാഹത്തെ അഭിമുഖീകരിച്ച് അതിന്റെ മേലേ വിജയം നേടിയവരാണ് ലോകത്തില്‍ ആദരണീയരായി മാറിയത്. അത്തരക്കാരുടെ ജീവിതമാണ് ഇതിഹാസത്തിന്റെ ഏടുകളെ അലങ്കരിക്കുന്നത്.
ശിവാജിയുടെ സ്നേഹവും ഉത്സാഹവും മന്ദഹാസത്തോടുകൂടിയതുമായ മുഖമാണ് സുഹൃത്തുക്കള്‍ക്ക് എപ്പോഴും കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായ ഒരവസരമുണ്ടായി. ശിവാജി കോപാവിഷ്ടനായി. കാരണമിതായിരുന്നു. പൂണേക്കടുത്ത് രാഞ്ജ്യാ എന്നുപേരായ ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടുത്തെ ദുഷ്ടനായ ഗ്രാമപ്രമുഖന് ഒരു വിധവയെ മാനഭംഗപ്പെടുത്തി. മുസ്ലിം ഭരണത്തില്‍ ഇത് സര്‍വ്വസാധാരണമായിരുന്നു. ഇത്തരം ദുഷ്കൃത്യങ്ങള്‍ക്ക് അവിടെ ശിക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നുതന്നെയല്ല ഇതൊരു കുറ്റമായിപ്പോലും മുസ്ലിം ഭരണാധികാരികള്‍ കണക്കാക്കിയിരുന്നില്ല. ഇതുതന്നെയായിരുന്നു ദുഷ്കര്‍മം ചെയ്യാന്‍ ഗ്രാമ പ്രമുഖനെ പ്രേരിപ്പിച്ചതും.
ഇതറിഞ്ഞ ശിവാജി ഉത്തരവിട്ടു. സൈനികര്‍ ചെന്നു ദുഷ്കര്‍മിയായ ഗ്രാമപ്രമുഖനെ ബന്ധിച്ചുകൊണ്ടുവന്നു. ജനസഭയില്‍ വിചാരണ ചെയ്തു. ജീജാബായിയുടെയും ദാദാജിയുടെയും ശ്യാമറാവു നീലകണ്ഠപേശവായുടെയും സാന്നിധ്യത്തില്‍ ദുഷ്ടഗ്രാമപ്രമുഖനെ ചോദ്യം ചെയ്തതില്‍നിന്നും ഇയാള്‍ അപരാധിയാണെന്ന് തെളിഞ്ഞു. മീശ മുളച്ചിട്ടില്ലാത്ത ബാലനായ ശിവാജി കുറ്റവാളിയുടെ കൃത്യത്തിന് എന്ത് ശിക്ഷയാണ് നല്കാന് പോകുന്നതെന്ന് ഗ്രാമീണര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സിംഹാസനത്തില്‍നിന്ന് ശക്തമായ ഭാഷയില്‍ ശിവാജി ഉത്തരവിട്ടു, അപരാധിയുടെ കൈകളും കാലുകളും വെട്ടിക്കളയുക.
ഒരു നിമിഷം എല്ലാവരും സ്തബ്ധരായിപ്പോയി. ഹിന്ദു സംസ്കൃതിയുടെ മാനബിന്ദുക്കള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിന്റെ പിന്നില്‍. ഹിന്ദുക്കളുടെ ദൃഷ്ടിയില് സ്ത്രീ അമ്മയാണ്, സ്വരാജ്യത്ത് മാതൃത്വത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. മുസല്‍മാന്റെ രാജ്യവും സ്വരാജ്യവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. ശിവാജിയുടെ ആദര്‍ശം എന്താണെന്നും, അദ്ദേഹത്തിന്റെ സ്വപ്നത്തിലെ ഹിംന്ദവി സ്വരാജിന്റെ സ്വരൂപം എന്തെന്നും ഇത്തരത്തിലുള്ള പല സംഭവങ്ങളില്‍ കൂടിയും ജനങ്ങള്‍ക്ക് കൂടുതല്‍ സ്പഷ്ടമായി. അവര്‍ ശിവാജിക്ക് അകമഴിഞ്ഞ പിന്തുണ നല്കി.
ഈ സമയത്ത് സഹ്യാദ്രിയുടെ ശിഖാഗഹ്വരങ്ങളില്നിന്നും ജയ ജയ രഘുവീര സമര്‍ത്ഥ് എന്ന പ്രതിധ്വനി ഉയര്‍ന്നു. ശിവാജിയുടെ ക്ഷാത്ര തേജസ്സുമായി രാമദാസ സ്വാമികളുടെ ബ്രഹ്മതേജസ്സ് ലയിച്ചു ചേര്‍ന്നു. അതോടെ സഹ്യാദ്രിയുടെ പുത്രനായ ശിവാജിയുടെ ഹൃദയം ദിവ്യധ്യേയത്തിന്റെ പ്രകാശംകൊണ്ട് ഉജ്വലമായിത്തീര്ന്നു.
ഇത് മിഥ്യാ പ്രപഞ്ചമല്ല, നമ്മുടെ കര്‍മഭൂമിയാണ്. ഇവിടെ ചെയ്യുന്ന കര്‍മങ്ങളുടെ ഫലമാണ് ശ്രേഷ്ഠ ലോകങ്ങള്‍ക്ക് നമ്മെ അവകാശികളാക്കുന്നത്. പ്രയത്നമാണ് പരമേശ്വരന് എന്ന് രാമദാസ സ്വാമികള്‍ ഉദ്ഘോഷിച്ചു. കാലക്രമേണ രാമദാസ സ്വാമികളുടെ ഭക്തന്മാരുടെയും മഠങ്ങളുടെയും എണ്ണം വര്‍ധിച്ചുവന്നു. ശ്രീരാമനവമി, ഹനുമദ് ജയന്തി എന്നീ പരിപാടികളില്‍ക്കൂടി അദ്ദേഹം ക്ഷാത്ര ശക്തിയെ ആവാഹിച്ചു. ധര്മോദ്ധാരണത്തിനായി ‘ഉത്തിഷ്ഠത ജാഗ്രത’ എന്ന് ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചു. ധര്മപരായണനായ സമര്‍ത്ഥ രാമദാസ സ്വാമികളുടെയും മഹാപരാക്രമിയായ ശിവാജിയുടെയും പരസ്പര ബന്ധം ഒരുമിച്ച് ഒരു കാര്യത്തിനായി ഒഴുകിത്തുടങ്ങി.
സ്വരാജ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന് ഭയങ്കരങ്ങളായ അനേകം പ്രതിബന്ധങ്ങളെ നേരിടേണ്ടിയിരുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന മുസ്ലിം രാജ്യങ്ങള്‍, അവരുടെ സൈനിക ശക്തി, അനേകം കോട്ടകള്‍, വിപുലമായ ധനശക്തി, അന്ധമായ മതബോധത്തിന്റെ അടിച്ചമര്‍ത്തുന്ന മനോവൃത്തി, ഇതിനെല്ലാറ്റിനും പുറമെ ഇവരുടെ മുന്നില്‍ തലകുനിച്ചു നില്ക്കുന്ന ഹിന്ദു വീരന്മാര് മുസ്ലിമിന്റെ ദാസ്യവൃത്തിയില്‍ ആനന്ദം കൊള്ളുന്നവരായിരുന്നു. ഇത്തരത്തിലുള്ള അനേകം ചോദ്യചിഹ്നങ്ങള്‍ ശിവാജിക്ക് അഭിമുഖീകരിക്കേണ്ടിയിരുന്നു. പക്ഷേ വിഘ്നങ്ങളുടെ ഭയംകൊണ്ട് പ്രവൃത്തി ആരംഭിക്കാതിരുന്നാല്‍ സ്വരാജ്യമെന്ന ലക്ഷ്യപ്രാപ്തി എന്നാണുണ്ടാകുക? സാഹസത്തിന് തയ്യാറെടുത്തു, സ്വരാജ്യത്തിന്റെ ശുഭാരംഭം തോരണദുര്ഗത്തില്നിന്നാരംഭിക്കാന് നിശ്ചയിച്ചു.
ബീജാപ്പൂരിന്റെ അധീനതയില്‍ ആയിരുന്നതും വേണ്ടത്ര രക്ഷണ വ്യവസ്ഥ ഇല്ലാത്തതുമായ തോരണ ദുര്‍ഗത്തില്‍ 1646-ല്‍ ശിവാജി തന്റെ കിശോരന്മാരായ സൈനികരോടൊപ്പം പ്രവേശിച്ചു. രക്തപാതം കൂടാതെ തന്നെ ദുര്‍ഗത്തിന്റെ നായകനെ വശീകരിച്ച് ദുര്‍ഗം കൈവശപ്പെടുത്തി. സ്വരാജ്യത്തിന്റെ രാജമുദ്രയില്‍ ഉല്ലേഖനം ചെയ്തതുപോലെ ശുക്ലപ്രതിപദയിലെ ചന്ദ്രന്റെ രേഖപോലെ തോരണദുര്‍ഗത്തില്‍ സ്വരാജ്യമുദിച്ചു. സ്വരാജ്യത്തിന്റെ രണഘോഷമായ ‘ഹര ഹര മഹാദേവ്’ ദുര്‍ഗത്തിന്റെ സ്വതന്ത്ര ആകാശത്തില്‍ മുഴങ്ങി. തോരണദുര്‍ഗത്തില്‍ ഭഗവപതാക പറക്കാനാരംഭിച്ചു. കോട്ടയുടെ ജീര്‍ണോദ്ധാരണം ചെയ്യുമ്പോള്‍ അവിടെ ഭൂമിയില്‍ കുഴിച്ചുവെച്ചിരുന്ന സ്വര്‍ണകുംഭങ്ങള്‍ കണ്ടെത്തി. സ്വരാജ്യ സ്ഥാപനത്തിനായി ലക്ഷ്മീദേവിയുടെ സമ്മാനമായിരുന്നു ആ നിധി.
അക്കാലത്ത് കോട്ടകള്‍ക്ക് വളരെയധികം മഹത്വമുണ്ടായിരുന്നു. കോട്ടകളിലാണ് രാജധാനി, സൈനികര്‍, ആഹാരവസ്തുക്കള്‍, രാജ്യകോശം മുതലായവ ഉണ്ടായിരുന്നത്. കോട്ടയുടെ ബലത്തിന്റെ അടിസ്ഥാനത്തിലാണ് ചുറ്റുപാടുമുള്ള ജനങ്ങളുടെ ജീവിതം ക്ലേശം കൂടാതെ നടന്നിരുന്നത്. രാജ്യഭരണത്തിന്റെ സംചാലനം കോട്ടയില്‍നിന്നാണ് നടത്തിയിരുന്നത്. അതുകൊണ്ട് ശിവാജി തോരണാദുര്ഗത്തില് നിന്നാരംഭിച്ച് ഓരോന്നായി കോട്ടകള്‍ സ്വരാജ്യത്തോട് ചേര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ കൈവന്ന കോട്ടകളില്‍ ഒന്നായ ‘രാജഗഡ്’ സ്വരാജ്യത്തിന്റെ രാജധാനിയായി.
ശിവാജി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ വാര്‍ത്ത ബീജാപ്പൂരിലെത്തി. ആ വാര്‍ത്ത എത്തിച്ചതിന്റെ ശ്രേയസ്സും മറാഠകള്‍ക്ക് തന്നെയായിരുന്നു. ആയിരത്തോളം വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ തകര്‍ത്ത അതേ അഭിശാപം ഇവിടെയും പ്രവര്‍ത്തിക്കാനാരംഭിച്ചു. പതുക്കെ മാവള പരിസരത്തുള്ള ദേശ്പാണ്ഡേ, ദേശ്മുഖ് എന്നിവര്‍ പുതുതായി സ്ഥാപിക്കപ്പെട്ട സ്വരാജ്യത്തിന് കരംകൊടുക്കാനാരംഭിച്ചു. ഈ വാര്‍ത്തയും ബീജാപ്പൂര്‍ ആദില്‍ശാഹയുടെ ചെവിയിലെത്തി. മീശമുളയ്ക്കാത്ത ബാലന്റെ മേലെ ബലപ്രയോഗം നടത്താന്‍ ആദില്‍ ശാഹ ഇഷ്ടപ്പെട്ടില്ല. എലിക്ക് മേലെ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട ആവശ്യമില്ല, അത് ഏറെ വൈകാതെ സ്വയം നശിച്ചുപോകും എന്നു വിചാരിച്ച് നടപടികളൊന്നും എടുത്തില്ല.
മാവളത്തിന്റെ അമീന് ബീജാപ്പൂരിലേക്ക് വീണ്ടും വീണ്ടും നിവേദനപത്രം അയച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായി ആദില്‍ശാഹി ദേശ്പാണ്ഡേ, ദേശ്മുഖ് എന്നിവര്‍ക്ക് ആജ്ഞാപത്രം അയച്ചു. ശിവാജി ആദില്‍ശാഹി പ്രദേശത്ത് വിദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി അറിയാന്‍ സാധിച്ചു. നിങ്ങളില്‍ ചിലര്‍ ശിവാജിക്ക് കരംകൊടുക്കുന്നതായും കേള്‍ക്കുന്നു. ഇനിയങ്ങോട്ട് ബീജാപ്പൂര്‍ സിംഹാസനത്തോട് കൂറു പുലര്‍ത്താത്തപക്ഷം ദര്‍ബാറില്‍ വിളിപ്പിച്ച് ശിരച്ഛേദനം ചെയ്യുന്നതായിരിക്കും. ആദില്‍ശാഹിയുടെ ആജ്ഞാപത്രം ലഭിച്ച ദേശ്പാണ്ഡേ, ദേശ്മുഖ് ഗ്രാമ പ്രമുഖന്മാരില് പലരും ഭയന്നുവിറച്ചു. ശിവാജിയുടെ പക്ഷക്കാരനായ ദാദാജി നരസപ്രഭു ദേശ്പാണ്ഡെ ആദില്‍ശാഹിയുടെ അധിസൂചനാ പത്രത്തെ സൂചിപ്പിച്ച് ശിവാജിക്ക് ഒരു പത്രം അയച്ചു.
നരസപ്രഭു ദേശ്പാണ്ഡേയ്ക്ക് ശിവാജി മറുപടിയായി അയച്ച പത്രത്തിന്റെ ചുരുക്കം ഇതായിരുന്നു. നാം നടത്തുന്നത് വിദ്രോഹപ്രവര്ത്തനമല്ല. രോഹിതേശ്വരന്റെ കൃപകൊണ്ട് ഇതുവരെ നാം ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. ഇനിയങ്ങോട്ടും ഹിംന്ദവി സ്വരാജിന്റെ മനോരഥം അദ്ദേഹം തന്നെ പൂര്‍ത്തീകരിക്കും. രോഹിതേശ്വരന്റെ മുന്നില്‍ നമ്മള് പ്രതിജ്ഞയെടുത്തിട്ടുള്ളതാണ്. സ്വരാജ്യസ്ഥാപനം ഈശ്വരേച്ഛയാണ്. അത് പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും. ആത്മവിശ്വാസവും വിജയത്തിലുള്ള വിശ്വാസവും പ്രതിധ്വനിക്കുന്ന ആ പത്രം വായിച്ച്, നരസപ്രഭുവിനും അദ്ദേഹത്തിന്റെ പിതാവിനും ധൈര്യം വീണ്ടുകിട്ടി. സ്വരാജ്യ സമ്പാദനപ്രവര്ത്തനത്തില് നിരതരായി.
ബീജാപ്പൂരിലെ ആദില്‍ശാഹിയുടെ ആജ്ഞാപത്രത്തിന് മറുപടിയായി കൊണ്ഡാണാ ദുര്‍ഗം ശിവാജി പിടിച്ചെടുത്തു. അതും രക്തച്ചൊരിച്ചലില്ലാതെ. ബാപൂജി എന്നു പേരുള്ള ഒരു സ്വരാജ്യ സേവകന് കൊണ്ഡാണദുര്ഗത്തില് പോയി ദുര്‍ഗത്തിന്റെ പ്രമുഖനുമായി സംസാരിച്ചു. ദുര്ഗപ്രമുഖന് സ്വരാജ്യത്തിനായ കൊണ്ഡാണദുര്ഗം ഒഴിഞ്ഞുകൊടുത്തു. 1647ലായിരുന്നു ഈ സംഭവം.
ഇന്നലെ ‘ശിരവളദുര്ഗം’ ബീജാപൂരിന് നഷ്ടപ്പെട്ടു ഇന്ന് ”സുഭാനമംഗളദുര്ഗം’ ശിവാജിയുടെ അധീനതയിലായി. ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രതിദിനം ബീജാപ്പൂരില്‍ ആദില്‍ ശാഹയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. നാളെ ഏത് ദുര്‍ഗമാണ് ബീജാപ്പൂരിന് നഷ്ടമാകാന്‍ പോകുന്നത് എന്ന ചിന്ത സുല്‍ത്താനെ അലട്ടുന്നുണ്ടായിരുന്നു. ഒരു തീരുമാനത്തിലെത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. ബീജാപ്പൂരിന് ശിവാജിയെ നേരിടാനുള്ള ശക്തിയില്ലാതിരുന്നതുകൊണ്ടാണോ ഒരു തീരുമാനമെടുക്കാന്‍ സാധിക്കാത്തത്? ബീജാപ്പൂരിന് ഒറ്റദിവസം കൊണ്ട് ശിവാജിയുടെ ആക്രമണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കാന്‍ കാരണം ശഹാജി ഭോസ്ലേ ആയിരുന്നു.
ബെംഗളൂരില്‍ ശഹാജിയുടെ അടുത്ത് 24,000 സുസജ്ജമായ സൈന്യം ഉണ്ടായിരുന്നു. പൂണെയില്‍ പുത്രനായ ശിവാജിക്ക് വിരുദ്ധമായി നടപടിയെടുത്താല്‍ കര്‍ണാടകത്തില്‍ ശഹാജി ബീജാപ്പൂരിന് വിരുദ്ധമായ നിലപാടെടുത്താലൊ എന്നതായിരുന്നു ശിവാജിക്കെതിരെ നടപടിയെടുക്കുന്നതില്‍ സുല്‍ത്താനെ ചിന്താക്കുഴപ്പത്തിലാക്കിയത്.
അതേസമയം കര്‍ണാടക യാത്രയിലായിരുന്ന അഫ്ജല്‍ഖാന്‍ ആദില്ശാഹിക്ക് ഒരു പത്രം അയച്ചു. ശഹാജി മറ്റു ഹിന്ദു രാജാക്കന്മാരുമായി ചേര്‍ന്ന് സ്വതന്ത്രമായ ഹിന്ദുരാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതായിരുന്നു പത്രത്തിന്റെ താല്‍പ്പര്യം. അത് സത്യവുമായിരുന്നു. ശഹാജി വിജയനഗര സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്ന ശ്രീരംഗരായരെ രഹസ്യമായി സഹായിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട സുല്‍ത്താന്റെ പരിഭ്രാന്തി വര്‍ധിച്ചു.
കാലം കളയാതെ ഒരു കുതന്ത്രം പ്രയോഗിക്കാന്‍ സുല്‍ത്താന്‍ നിശ്ചയിച്ചു. മൂക്ക് പിടിച്ച് ശ്വാസം മുട്ടിച്ചാല്‍ വായ തനിയെ തുറക്കും എന്നതായിരുന്നു ആ തന്ത്രം. ശഹാജിയെ പിടിച്ച് കാരാഗൃഹത്തിലടച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ ശിവാജി സ്വയം വന്ന് ശരണം പ്രാപിച്ചുകൊള്ളുമെന്ന് സുല്‍ത്താന്‍ ചിന്തിച്ചു. ഇതു നടപ്പിലാക്കാനായി അതീവരഹസ്യമായി പ്രധാനമന്ത്രി മുസ്തഫാഖാനേയും സര്‍ദാര്‍ ബാജീ ഘോര്പടേയേയും വലിയ സൈന്യവുമായി കര്ണാടകത്തിലേക്കയച്ചു. ‘ജിഞ്ജീ’ കോട്ട ആക്രമിക്കാന്‍ പോകുന്നു എന്ന് എല്ലാടവും പ്രചരിപ്പിച്ചു. വഴിയില്‍ ശഹാജിയുടെ സേനാശിബിരം ഉണ്ടായിരുന്നു. വിശ്രമിക്കാനായി മുസ്തഫാഖാനും ബാജീഘോര്പടേയും ശഹാജിയുടെ ശിബിരത്തിന്റെ അടുത്തുതന്നെ അവരുടെ സൈനിക ഛാവണിയും സ്ഥാപിച്ചു. ആദില്‍ശാഹി സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി വന്നതറിഞ്ഞ് അവരെ സ്വീകരിക്കാന്‍ ശഹാജി അവിടെ ചെന്നു. ഖാന് കൃത്രിമമായി സ്നേഹം നടിച്ചുകൊണ്ട് ശഹാജിയില് വിശ്വാസം ജനിപ്പിച്ച് അവസരം കിട്ടിയപ്പോള്‍ ശഹാജിയെ ആക്രമിച്ചു. ബാജിയും മുസ്തഫാഖാനും ചേര്‍ന്ന് ശഹാജിയെ ബന്ധിച്ച് ബീജാപ്പൂരിലേക്ക് കൊണ്ടുപോയി. 1648 ജൂലായ് 25 നായിരുന്നു ഈ സംഭവം. അവിടെ അഫ്ജല്‍ഖാന്‍, ശഹാജിയെ ചങ്ങലകൊണ്ട് ബന്ധിച്ച് നഗരത്തില്‍ ശോഭായാത്ര നടത്തി.
ഈ വാര്‍ത്ത സ്വരാജ്യത്ത് രാജഗഡില്‍ ശിവാജിയും ജീജാബായിയും മറാഠാ വീരന്മാരും അറിഞ്ഞു. ബീജാപ്പൂര്‍ ജയിലില്‍ മുന്‍പ് ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് ചരിത്രം. അതുകൊണ്ടുതന്നെ എല്ലാവരും വളരെ ദുഃഖിതരായി. ഇതോടൊപ്പം മറ്റു വാര്‍ത്തകളും രായഗഡില്‍ എത്താന്‍ തുടങ്ങി. ശിവാജിയുടെ ജ്യേഷ്ഠനായ സംഭാജി ബാംഗ്ലൂര്‍ നഗരത്തില്‍ ഉണ്ടായിരുന്നു. സംഭാജിയെ ആക്രമിക്കാന്‍ ബീജാപ്പൂരില്‍ നിന്നും ഫര്രാദഖാന് സൈന്യത്തോടുകൂടി പുറപ്പെട്ടിരിക്കുന്നു. കൂടാതെ ശിവാജിയെ ആക്രമിക്കാന്‍ വജീര്‍ ഫത്തേഖാന് വലിയ സൈന്യവുമായി വന്നുകൊണ്ടിരിക്കുന്നു. ഭോസലെ കുലത്തെ സമൂലമായി നശിപ്പിക്കാനുള്ള പദ്ധതിയായിരുന്നു സുല്‍ത്താന്‍ തയ്യാറാക്കിയിരിക്കുന്നത്.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: