ബോട്സ്വാനയിലെ കൊവാങ്കോ നദീമുഖ തുരുത്തിനു മേലെ പറക്കുകയായിരുന്നു ആ നിരീക്ഷണ വിമാനം. പെട്ടെന്നാണ് വിമാനയാത്രികര്‍ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ടത്. വിശാലമായ തുരുത്തില് പലേടത്തായി ആനകള്‍ ചിതറിക്കിടക്കുന്നു. കൊമ്പനും പിടിയും കുട്ടിയാനകളുമൊക്കെ. മിക്കതും കിടക്കുന്നത് അരുവികള്‍ക്കു സമീപം. വിമാനം താഴ്ന്നു പറന്നു. വിമാനത്തിലുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ആനകളെ എണ്ണി. മൊത്തം 169 ആനകള്‍.
ഇത് 2020 മെയ് മാസത്തിലെ പറക്കലില്‍ കണ്ട കാഴ്ച. തൊട്ടടുത്ത മാസവും ആ വിമാനം ഒകാവാങ്കോയില്‍ നിരീക്ഷണ പറക്കല്‍ നടത്തി. ഇക്കുറി അവര്‍ എണ്ണിത്തിടപ്പെടുത്തിയത് 356 ആനകള്‍. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ വല്ലാതെ അലോസരപ്പെടുത്തിയ സംഭവമായിരുന്നു ബോട്സ്വാനയിലെ ആനകളുടെ കൂട്ടമരണം.
ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യമെന്ന ഖ്യാതി ബോട്സ്വാനയ്ക്ക് സ്വന്തം. ലോകത്തെ മൊത്തം ആനകളുടെ മൂന്നിലൊന്ന് ഇവിടെയാണെന്ന് പറയപ്പെടുന്നു. 2013 ല്‍ നടത്തിയ ഒരു ആകാശ സര്‍വേ പ്രകാരം ഇന്നാട്ടിലുള്ളത് ഒന്നരലക്ഷം ആനകള്‍. രാജ്യത്തെ ഇക്കോടൂറിസം കേന്ദ്രമായ ഒകാവാങ്കോയില്‍ മാത്രം 15000 ആനകള്‍. വജ്രം കഴിഞ്ഞാല്‍ രാജ്യത്തിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് ആനകളാണത്രെ. ആനകളെ കൊണ്ടുള്ള ഇക്കോടൂറിസം. അതുകൊണ്ടാണവയെ തുരുത്തിലെ ‘സഞ്ചരിക്കുന്ന വജ്ര’ങ്ങളെന്ന് പരിസ്ഥിതി പ്രവര്ത്തകന് മക്കാന് വിളിക്കുന്നത്. ബോട്സ്വാനയുടെ പ്രതിശീര്‍ഷവരുമാനത്തിന്റെ 12 ശതമാനവും വന്യജീവികള്‍ ഇക്കോടൂറിസത്തിലൂടെ നല്‍കുന്നതാണെന്ന് കണക്കുകള്‍ പറയുന്നു.
ആനകളുടെ മരണത്തില്‍ ആദ്യം സംശയിച്ചത് കാട് കടന്ന് സിംബാബ്വെയില് നിന്ന് എത്തുന്ന വേട്ടക്കാരെ. ആനത്താരയിലെ വെള്ളച്ചാലുകളില്‍ അവര്‍ മാരകവിഷമായ സയനൈഡ് കലര്‍ത്തും. ചത്തുവീഴുന്ന ആനകളുടെ കൊമ്പുമായി കടന്നുകളയുകയും ചെയ്യും. പക്ഷേ ചത്തുവീണ ഒരൊറ്റ കൊമ്പനാനയുടെയും കൊമ്പ് മോഷണം പോയിട്ടില്ല. ആനകള്‍ക്ക് പകര്‍ച്ച വ്യാധി പിടിപെട്ടോയെന്നതായിരുന്നു അടുത്ത സംശയം. സ്വയം നിയന്ത്രണം വിട്ട് ആനകള്‍ തെന്നിത്തെറിച്ച് നടന്ന് വെള്ളച്ചാലുകളില്‍ കൊമ്പുകുത്തി വീണതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ സംശയം. കെട്ടിക്കിടന്ന ജലത്തില്‍ പെരുകിയ സയനോ ബാക്ടീരിയയോ, മൃഗങ്ങളെ ആക്രമിക്കുന്ന ആന്ത്രാക്സ് അണുക്കളോ ആവാം ആനകളെ കൊന്നതെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷേ ചത്ത് ചീഞ്ഞ് അഴുകി പൊരിവെയിലില്‍ കിടക്കുന്ന ആനകളില്‍ അണുക്കളെ കണ്ടെത്തുക ഏറെ പ്രയാസം.
ആനകളുടെ ശരീരഭാഗങ്ങളുടെ വിശദമായ പരിശോധനയിലൂടെ മാത്രമേ സത്യം അറിയാനാകൂ. അതിനുള്ള സൗകര്യം ആനകളുടെ നാടായ ബോട്സ്വാനയില് ഇല്ല. അതിനാല്‍ അവ അയല്‍രാജ്യമായ സിംബാബ്വെയിലേക്കയച്ചു. ആഴ്ചകള്‍ നീണ്ടുനിന്ന കാത്തിരിപ്പിനുശേഷം വന്ന ഫലങ്ങള്‍ കാര്യമായ വിവരങ്ങളൊന്നും നല്‍കുന്നില്ലെന്നാണ് സൂചന. അതിനാല്‍ അധികാരികള്‍ നിശബ്ദത പാലിക്കുന്നു.
ബോട്സ്വാനയില് ഇതിനു മുന്‍പും ആന മരണങ്ങള് സംഭവിച്ചിട്ടുണ്ട്. ആന്ത്രാക്സ് ബാധിച്ച് നൂറ് ആനകളാണ് 2019 ല്‍ ചത്തൊടുങ്ങിയത്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ രാജ്യങ്ങളില്‍ പ്രകൃതിദുരന്തം മൂലം വന്യമൃഗങ്ങള്‍ ഒടുങ്ങുന്നതും അപൂര്‍വ സംഭവമല്ല. കെനിയയിലെ അംബോസേലിയില് വരള്‍ച്ച കൊന്നത് 400 ആനകളെ. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ തലച്ചോറിനെ ബാധിച്ച ഒരു പകര്‍ച്ചവ്യാധി 60 ആനകളെയാണ് 1990 ല്‍ കൊന്നൊടുക്കിയത്. 2016 ല്‍ നോര്‍വീജിയയിലെ വിദൂരഗ്രാമത്തില്‍ ഇടിമിന്നലേറ്റ് 329 റെയിന്‍ഡിയറുകള്‍ ഒറ്റയടിക്ക് ചത്തുവീണ സംഭവവും മൃഗസ്നേഹികള്‍ ഓര്‍ക്കുന്നു. പക്ഷേ അടുത്തയിടെയൊന്നും ബോട്സ്വാനയില് ഇടിയും പേമാരിയും സംഭവിച്ചിട്ടില്ല. വരള്‍ച്ച ഉണ്ടായിട്ടുമില്ല. എങ്കിലും എങ്ങനെയൊക്കെയോ ആനകള്‍ കൊല്ലപ്പെട്ടു-ആരോരുമറിയാതെ. പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഭാഗമായി കാട്ടാനകള്‍ നശിച്ചുപോയതാവാമെന്ന് വാദിക്കുന്ന ഗവേഷകരും ബോട്സ്വാനയിലുണ്ട്. ഏതായാലും കൃത്യമായ കാരണമറിയണമെങ്കില്‍ വിദഗ്ദ്ധ പരിശോധനയുടെ ഫലം എത്തിച്ചേരണം.
വാല്‍ക്കഷണം- കൊറോണയെ പേടിച്ച് പൊതുസ്ഥലങ്ങളില്‍ സ്പര്‍ശിക്കാന്‍ മടിക്കുന്നവര്ക്കൊരു ആശ്വാസ വാര്‍ത്ത. വാതില്‍പിടി, സ്വിച്ചുകള്‍, ഗോവണികളിലെ കൈപ്പിടികള്‍, ഓഫീസുകളിലെ ഗ്ലാസ് പ്രതലങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ തുടങ്ങിയ പ്രതലങ്ങളിലൊക്കെ തേച്ചു പിടിപ്പിക്കാനുള്ള ഒരു കോട്ടിങ്ങിന് ശാസ്ത്രജ്ഞര്‍ രൂപം നല്കിയിരിക്കുന്നു. വെര്‍ജിനിയ ടെക്കിലെ കെമിക്കല്‍ എഞ്ചിനീയിറിങ് പ്രൊഫസര്‍ വില്യം ഡക്കറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം രൂപപ്പെടുത്തിയ ഈ കോട്ടിങ്ങില്‍ ഏതുതരം കൊറോണ വൈറസ് വന്നു വീണാലും മിനിട്ടുകള്‍ക്കകം ക്ലോസ് ആവുമത്രെ. പരമാവധി ഒരു മണിക്കൂര്‍ മതി ഏത് ഭീകര അണുവും നിസ്തേജനാവാന്, നിര്വീര്യനാവാന്. പണ്ട് ബാക്ടീരിയകള്‍ക്കെതിരെ ഇത്തരം കോട്ടിങ്ങുകള്‍ രൂപപ്പെടുത്തിയ കേമനാണ് വില്യം ഡക്കര്‍. കോവിഡിന്റെ തുടക്കത്തില്‍ ഭാര്യയ്ക്കൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ഭാര്യ ചോദിച്ച ഒരു ആശങ്ക നിറഞ്ഞ ചോദ്യമാണത്രേ അദ്ദേഹത്തെ ഈ ഗവേഷണത്തിലേക്ക് നയിച്ചത്. ”പാര്‍ക്കിലെ ബഞ്ചില്‍ ധൈര്യമായി ഇരിക്കാമോ” എന്നതായിരുന്നു ചോദ്യമെന്ന് പ്രൊഫസര്‍ ഓര്‍ക്കുന്നു. എല്ലാ കാര്യങ്ങളും സംഭവിക്കുന്നതിനു പിന്നില്‍ ഒരു കാരണം ഉണ്ടാവുമെന്ന് പഴമൊഴി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: