ഈ പുതിയ കൃതിയിലെ രാവണനെ താങ്കള്‍ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്?
രാവണന് ആധുനിക കാലത്ത് തികഞ്ഞ വില്ലനാണ്. അതിക്രൂരനാണ്. എന്നാല്‍ മൂലരാമായണം എഴുതിയ വാല്മീകി ഉള്‍പ്പെടെയുള്ള പുരാതന എഴുത്തുകാര്‍ രാവണനെ കണ്ടത് അങ്ങനെയായിരുന്നില്ല. രാവണന് രാക്ഷസനായിരിക്കെത്തന്നെ അദ്ദേഹത്തിന് ചില നല്ല കഴിവുകളും കൂടിയുണ്ടായിരുന്നു എന്നാണ് അവരുടെ പക്ഷം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഈ കൃതിയില്‍ ഞാന്‍ രാവണനെ അവതരിപ്പിക്കുന്നത്. രാമചന്ദ്ര ശ്രേണിയിലെ മൂന്നാമത്തെ പുസ്തകമാണ് ഇത്. ആദ്യത്തേത് രാമന്, രണ്ടാമത്തേത് സീത.
നാലും അഞ്ചും പുസ്തകങ്ങള്‍ ആരെക്കുറിച്ചാണ്?
നാലാമത്തേത് പൊതുവായ വിവരണമാണ്. അഞ്ചാമത്തേത് ഉപസംഹാരം ആണ്.
ഇതിഹാസത്തെ ആധാരമാക്കി പുസ്തരചന നടത്തുന്നതിനെക്കുറിച്ച്?
ഭാരതീയ ഭാഷകളില്‍ ഇത് പുതിയ കാര്യമല്ല. ഇത്തരം എഴുത്തുകാര്‍ നമുക്ക് ധാരാളമുണ്ട്. ഹിന്ദിയില്‍ നരേന്ദ്ര കോലി, കന്നഡയില്‍ എസ്.എല്‍ ഭൈരപ്പ, മറാത്തിയില്‍ ശിവജി സാവന്ത്, മലയാളത്തില്‍ എം.ടി.വാസുദേവന്‍ നായര്‍. പക്ഷേ, ഇംഗ്ലീഷില്‍ എഴുതുന്നവര്‍ താരതമ്യേന കുറവാണ്.
നോവല്‍ എഴുത്താണോ മറ്റ് രചനകളാണോ കൂടുതല്‍ ആസ്വദിക്കുന്നത്?
എന്നെ സംബന്ധിച്ച് രണ്ടും തമ്മില്‍ വേര്‍തിരിവുകളില്ല. നോവല്‍ എഴുതുമ്പോള്‍ പോലും അത് നോവലിതര തത്വചിന്തയുടെ തുടര്‍ച്ചയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
പുരാണകഥാപാത്രങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ വായനക്കാര്‍ എങ്ങനെയാണ് പ്രതികരിക്കാറുള്ളത്. ദൈവങ്ങളെ ആധാരമാക്കിയുള്ള എഴുത്ത് ഭാരതീയരെ സംബന്ധിച്ച് വൈകാരികമായ ഒരു പ്രശ്നമാണല്ലോ.
ഞാന്‍ ഒരു വിവാദത്തിലും പെട്ടിട്ടില്ല. ഓരോ കഥാപാത്രത്തെ സംബന്ധിച്ചും എന്റേത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണെന്ന് എല്ലാ വായനക്കാരും അംഗീകരിക്കുന്നുണ്ട്. ഈ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുമ്പോഴും കഥാപാത്രങ്ങളെയെല്ലാം സമീപിക്കുന്നത് തികഞ്ഞ ബഹുമാനത്തോടെതന്നെയാണ്.
എന്താണ് പുരാവൃത്തങ്ങളോട് ഇത്ര മമത തോന്നാന്‍ കാരണം?
ഭാരതത്തിലായാലും മറ്റെവിടെ ആയാലും പുരാണങ്ങളും ഇതിഹാസങ്ങളും കഥയിലൂടെ ഒരു ജീവിതദര്‍ശനം നല്‍കുകയാണ് ചെയ്യുന്നത്. അത് പഠിക്കാനും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും നമുക്കാകണം. കഥയില്‍ പൊതിഞ്ഞ ഈ ജീവിത ദര്‍ശനം എനിക്കെന്നും ആകര്‍ഷകമായി തോന്നിയിരുന്നു.
ഇതുപോലുള്ള കൃതികള്‍ എഴുതാന്‍ വേണ്ട തയാറെടുപ്പുകളെക്കുറിച്ച്?
പുരാണേതിഹാസങ്ങള്‍ അടിസ്ഥാനമാക്കി എഴുതാന്‍ വേണ്ട മൂന്നു കാര്യങ്ങളുണ്ട്. പരന്ന വായന, നിരവധി ആളുകളുമായി സംവദിക്കല്‍, മറ്റ് സംസ്കാരങ്ങള്‍ അടുത്തറിയാന്‍ വേണ്ട യാത്രകള്‍. ഭാഗ്യവശാല്‍ ഇത് മൂന്നും എനിക്ക് ഏറ ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ക്ക് എനിക്ക് പ്രതിഫലം ലഭിക്കുന്നുവെന്ന് മാത്രം.
മുഖ്യ കഥാപാത്രങ്ങളില്‍ ആരെയാണ് ഏറ്റവുമിഷ്ടം?
സംശയമില്ല, ശിവനെത്തന്നെ.
അനശ്വരഭാരതത്തെക്കുറിച്ച് എഴുതാന്‍ എന്താണ് പ്രേരിപ്പിച്ചത്? ഇനിയും ഇതുപോലുള്ള രചന പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായും. ഭാരതീയ തത്വചിന്ത, ഹിന്ദു, സിക്ക്, ബുദ്ധ, ജൈന ദര്‍ശനങ്ങള്‍, കര്‍മം, ധര്‍മം, ആത്മം, ബ്രഹ്മം തുടങ്ങിയ സങ്കല്പങ്ങളെ സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി എന്റെ സഹോദരിയുമായി ചേര്‍ന്ന് എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
താങ്കളുടെ ഒരു സാധാരണ ദിവസം?
ഞാന്‍ എഴുതുന്നു, വായിക്കുന്നു, യാത്ര ചെയ്യുന്നു. രാവിലെ 5.30 മണിയോടെ ഞാന്‍ എഴുന്നേല്ക്കുന്നു. രാത്രി 10.30 ന് കിടക്കും. രാത്രി 9 നു ശേഷം എഴുതാന്‍ എന്നെക്കൊണ്ടാവില്ല. മനസ്സ് ക്രിയാത്മകമായിരിക്കുന്നത് എന്നെ സംബന്ധിച്ച് അതിരാവിലെയാണ്.
എഴുത്തുകാരനായിരിക്കുക എന്നതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്താണ്?
ഒന്നുമില്ല. ഞാന്‍ എന്ത് ആസ്വദിച്ചു ചെയ്യുന്നുവോ അതിന് എനിക്ക് പ്രതിഫലം കിട്ടുന്നു.
വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
നമുക്ക് മെച്ചപ്പെടാനുള്ള അവസരമായിട്ടാണ് കാണുന്നത്. എന്നുവച്ച് എല്ലാ വിമര്‍ശനങ്ങളെയും അതേപടി സ്വീകരിക്കണമെന്നില്ല.
ഇനിയും ഒരു അവസരം കിട്ടിയാല്‍ ബാങ്ക് ജോലി വീണ്ടും സ്വീകരിക്കുമോ?
അത് ഒരു ജോലി മാത്രമാണ്. എന്റെ ഇഷ്ടമേഖല അല്ല. എഴുത്തുകാരനെന്ന നിലയ്ക്ക് ഞാന്‍ എന്റെ ജീവിതം ആസ്വദിക്കുന്നു.
എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നതിന് മുമ്പ് നല്ല വായനക്കാരനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: